ബെംഗളുരുവിൽ 100 കോടിയോളം രൂപയുടെ വൻ ചിട്ടി തട്ടിപ്പ്; ഫ്ലാറ്റടക്കം വിറ്റ് മുങ്ങി മലയാളി ദമ്പതികൾ; പ്രതികൾ വിദേശത്തേക്ക് കടന്നതായി സംശയം

Spread the love

ബെംഗളുരു: ബെംഗളുരുവിൽ 100 കോടിയോളം രൂപയുടെ വൻ ചിട്ടി തട്ടിപ്പ് നടത്തി മലയാളി സംഘം മുങ്ങിയതായി പരാതി. മലയാളികളുൾപ്പെടെ ആയിരത്തിലധികം ആളുകളുടെ പണവുമായി ആലപ്പുഴ രാമങ്കരി സ്വദേശികളായ ടോമി എ വിയും ഷൈനി ടോമിയുമാണ് ഒളിവിൽ പോയത്. ബെംഗളുരു രാമമൂർത്തി നഗറിൽ എ&എ ചിട്ട് ഫണ്ട്‍സ് എന്ന കമ്പനിയുടെ ഉടമകളായ ഇരുവരും 100 കോടിയോളം രൂപയുടെ വൻ തട്ടിപ്പ് നടത്തിയതായാണ് പരാതി.

കഴിഞ്ഞ വ്യാഴാഴ്ച മുതൽ ഇവരെക്കുറിച്ച് ഒരു വിവരവുമില്ല, ഫോൺ സ്വിച്ചോഫ് ചെയ്ത നിലയിലാണ്. താമസിച്ചിരുന്ന ഫ്ലാറ്റടക്കം വിൽപ്പന നടത്തിയാണ് സംഘം മുങ്ങിയത്. ഇക്കാര്യം കമ്പനിയിലെ ജീവനക്കാർ പോലുമറിഞ്ഞിരുന്നില്ല. 265 പേരാണ് ചിട്ടികമ്പനിക്കെതിരെ  ഇത് വരെ പരാതി നൽകിയത്. കേസെടുത്ത രാമമൂർത്തി നഗർ പൊലീസ് പ്രതികൾ വിദേശത്തേക്ക് കടന്നിരിക്കാനുള്ള സാധ്യതയടക്കം പരിശോധിക്കുകയാണ്. രേഖകളിൽ 1300-ഓളം ഇടപാടുകാരുള്ളതിനാൽ തട്ടിപ്പിന്‍റെ വ്യാപ്തി ഇനിയും കൂടിയേക്കും.