play-sharp-fill
ബുള്ളറ്റ് വേട്ട;സൂക്ഷിച്ചില്ലെങ്കിൽ പണിയാകും: മുന്നറിയിപ്പുമായി എഎസ്പി

ബുള്ളറ്റ് വേട്ട;സൂക്ഷിച്ചില്ലെങ്കിൽ പണിയാകും: മുന്നറിയിപ്പുമായി എഎസ്പി

സ്വന്തം ലേഖകൻ

കൊച്ചി: ഓൺലൈൻ സെക്കൻറ് ഹാൻഡ് വിൽപനയിലെ പ്രധാന താരമായ ആർമി ബുള്ളറ്റ് വിൽപനയിൽ തട്ടിപ്പ് നടക്കുന്നതായി ഇടുക്കി എഎസ്പിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഇടുക്കി എഎസ്പി മുഹമ്മദ് ഷാഫിയാണ് ആർമി ബുള്ളറ്റ് വിൽപനയ്ക്ക് എന്ന ഒഎൽഎക്‌സ് പരസ്യത്തിൽ വീഴരുതെന്നും പണം നഷ്ടപ്പെടുമെന്നും ബുള്ളറ്റ് പ്രേമികൾക്ക് ഉപദേശം നൽകിയത്. ബുള്ളറ്റ് പ്രേമികളുടെ ഇഷ്ട ഇനമാണ് ആർമി ബുള്ളറ്റ്. നിരവധി ആവശ്യക്കാരാണ് ആർമി ബുള്ളറ്റിനുള്ളത്. ഒഎൽഎക്‌സ് പരസ്യത്തിൽ നൽകിയ നമ്പറിൽ ബന്ധപ്പെട്ട ഇടുക്കി അടിമാലി സ്വദേശിക്ക് പണം നഷ്ടപ്പെട്ടതിനെ തുടർന്നാണ് എഎസ് പിയുടെ മുന്നറിയിപ്പ്. വെറും 50000 രൂപക്ക് ആർമി ബുള്ളറ്റ് നൽകാമെന്നായിരുന്നു വാഗ്ദാനം. തുടർന്ന് പാഴ്‌സൽ ചാർജും രണ്ട് തവണയായി 25000ത്തോളം രൂപയും യുവാവിന് നഷ്ടമായതോടെയാണ് പൊലീസിൽ പരാതി നൽകിയത്. പൂനെയിൽനിന്നാണെന്ന് പരിചയപ്പെടുത്തിയാണ് സംഘം യുവാവിനെ പറ്റിച്ചത്.