1.10 കോടി രൂപ ചെലവിൽ കേരള പോലീസിന് രണ്ട് ബുള്ളറ്റ് പ്രൂഫ് കാറുകൾ കൂടി

Spread the love


സ്വന്തം ലേഖകൻ

തിരുവനന്തപുരം: അതിസുരക്ഷയുള്ള വ്യക്തികൾക്കായി കേരളാ പോലീസ് രണ്ട് ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾകൂടി വാങ്ങുന്നു. ഓപ്പൺ ടെൻഡറില്ലാതെ വാഹനങ്ങൾ വാങ്ങാനുള്ള പോലീസ് മേധാവിയുടെ നടപടിക്ക് സർക്കാർ കഴിഞ്ഞദിവസം അംഗീകാരം നൽകി. നിലവിൽ മൂന്ന് ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ കേരള പോലീസിനുണ്ട്.
നിലവിലുള്ള മൂന്ന് വാഹനങ്ങളിൽ രണ്ടെണ്ണം കൊച്ചിയിലാണ്. ഒരെണ്ണം തിരുവനന്തപുരത്തും. ചിലയവസരങ്ങളിൽ തമിഴ്‌നാട്ടിൽനിന്ന് കേരളാ പോലീസ് ബുള്ളറ്റ്പ്രൂഫ് വാഹനങ്ങൾ വാടകയ്ക്കെടുക്കേണ്ടിവന്നിട്ടുണ്ടെന്ന് പോലീസ് വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. 1.10 കോടി രൂപ ചെലവിൽ മിത്സുബിഷി പജേറോ സ്പോർട്‌സ് കാറുകൾ വാങ്ങാനാണ് അനുമതി. 2017-ൽ ബെഹ്റ ഇതിനായി ടെൻഡർ വിളിക്കാതെ നടപടികൾ തുടങ്ങിയെങ്കിലും ഇപ്പോഴാണ് അനുമതി ലഭിച്ചത്.

ഹിന്ദുസ്ഥാൻ മോട്ടോർ കോർപ്പറേഷൻ ലിമിറ്റഡിൽനിന്നാണ് കാർ വാങ്ങുന്നത്. പോലീസ് മേധാവി ഓർഡർ നൽകിയതിനെത്തുടർന്ന് 30 ശതമാനം തുക കമ്പനിക്ക് മുൻകൂറായി നൽകിയിരുന്നു. സുരക്ഷാകാരണങ്ങളാലും ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളുടെ പ്രത്യേകതകളും കാരണം ഓപ്പൺ ടെൻഡർ പ്രസിദ്ധീകരിക്കാനാവാവില്ലെന്നായിരുന്നു പോലീസ് മേധാവി സർക്കാരിന് നൽകിയ വിശദീകരണം. ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ നിർമിക്കുന്ന കമ്ബനികൾ ഇന്ത്യയിൽ അധികമില്ല. താരതമ്യേന കുറഞ്ഞ വിലയിൽ ഇവിടെത്തന്നെ കിട്ടുമെന്നതിനാലാണ് ഹിന്ദുസ്ഥാൻ മോട്ടോർ കോർപ്പറേഷന് ഓർഡർ നൽകിയതെന്നും വിശദീകരിച്ചിരുന്നു. സൈഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ള വിശിഷ്ടവ്യക്തികളുടെ സഞ്ചാരത്തിനായി ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾതന്നെ ഉപയോഗിക്കണമെന്ന നിർദേശമുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group