
കൊച്ചി: കൊച്ചി കോര്‍പ്പറേഷനിലെ വൈറ്റില സോണൽ ഓഫീസിൽ വിജിലന്‍സ് പരിശോധന. ഇന്നലെ വൈറ്റില സോണൽ ഓഫീസിലെ ബിൽഡിങ് ഇന്‍സ്പെക്ടര്‍ സ്വപ്നയെ കൈക്കൂലി കേസിൽ പിടികൂടിയതിന് പിന്നാലെയാണ് വിജിലന്‍സിന്‍റെ പരിശോധന. ഓഫീസിലെ മുഴുവൻ രേഖകളും പരിശോധിക്കുമെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഉദ്യോഗസ്ഥര്‍ ഓഫീസിലെത്തി പരിശോധന ആരംഭിച്ചു.
സ്വപ്ന അനുവദിച്ച കെട്ടിട പെര്‍മിറ്റ് മുഴുവൻ പരിശോധിക്കും. ഇന്നലെ കൈക്കൂലി വാങ്ങുന്നതിനിടെയാണ് കൊച്ചി കോര്‍പ്പറേഷൻ വൈറ്റില സോണൽ ഓഫീസിലെ ബിൽഡിങ് ഇന്‍സ്പെക്ടറായ സ്വപ്നയെ വിജിലന്‍സ് അറസ്റ്റ് ചെയ്തത്. കെട്ടിട പെർമിറ്റ് നൽകുന്നതിനു പതിനയ്യായിരം രൂപയാണ് ഇവർ കൊച്ചി വൈറ്റില സ്വദേശിയോട് ആവശ്യപ്പെട്ടത്. തൃശൂർ സ്വദേശിയായ സ്വപ്ന കുടുംബവുമായി നാട്ടിലേക്ക് പോകും വഴിയാണ് വിജിലൻസിന്‍റെ പിടിയിലായത്.
ആരോപണങ്ങൾ ഉയർന്നതിനെ തുടർന്ന് മാസങ്ങളായി വിജിലൻസിന്‍റെ നിരീക്ഷണത്തിലായിരുന്നു ഇവർ. ഇതിനിടെയാണ് കെട്ടിടത്തിന് പെർമിറ്റ് നൽകുന്നതിന് ജനുവരിയിൽ കൊച്ചി സ്വദേശി അപേക്ഷ നൽകുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഓരോ ആഴ്ചയും പല കാരണങ്ങൾ പറഞ്ഞ് പെർമിറ്റ് നൽകാതെ വൈകിപ്പിച്ചു. ഒടുവിൽ പണം നൽകിയാൽ പെർമിറ്റ് തരാമെന്ന് സ്വപ്ന വ്യക്തമാക്കിയതോടെ വൈറ്റില സ്വദേശി വിജിലൻസിനെ സമീപിച്ച് വിവരങ്ങൾ കൈമാറി.
വിജിലൻസിന്‍റെ നിർദ്ദേശ പ്രകാരം പണവുമായി വൈറ്റില പൊന്നുരുന്നിയിലെത്തിയ പരാതിക്കാരനിൽ നിന്ന്, കുടുംബവുമായി തൃശൂരിലെ വീട്ടിലേക്ക് പോകും വഴി കാർ നിർത്തി സ്വപ്‌ന പണം വാങ്ങി.
ഇത് കണ്ട വിജിലൻസ് പൊടുന്നനെ ചാടി വീണ് സ്വപ്നയെ കൈയോടെ പിടികൂടുകയായിരുന്നു. അഴിമതി നിരോധന നിയമത്തിലെ വകുപ്പ് ഉൾപ്പെടുത്തിയാണ് നിലവിൽ കേസ്. ഔദ്യോഗിക കാലയളവിൽ സ്വപ്ന വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും വിജിലൻസ് അറിയിച്ചു.