കെട്ടിടത്തിന്റെ പേരുമാറ്റാൻ അപേക്ഷ നൽകി കാത്തിരുന്നത് മൂന്നു മാസം: കൈക്കൂലിയില്ലാതെ കാര്യം നടത്തില്ലെന്ന പിടിവാശിയിൽ നഗരസഭയുടെ ക്ലർക്ക്; വിജിലൻസ് പൊടിയിട്ട് നൽകിയ നോട്ടിൽ കുടുങ്ങിയത് കോട്ടയം നഗരസഭ നാട്ടകം ഓഫിസിലെ ഒന്നാം നമ്പർ കൈക്കൂലിക്കാരൻ; പിടിയിലായത് സാലറി ചലഞ്ചിൽ പങ്കെടുത്ത ഉദ്യോഗസ്ഥൻ

കെട്ടിടത്തിന്റെ പേരുമാറ്റാൻ അപേക്ഷ നൽകി കാത്തിരുന്നത് മൂന്നു മാസം: കൈക്കൂലിയില്ലാതെ കാര്യം നടത്തില്ലെന്ന പിടിവാശിയിൽ നഗരസഭയുടെ ക്ലർക്ക്; വിജിലൻസ് പൊടിയിട്ട് നൽകിയ നോട്ടിൽ കുടുങ്ങിയത് കോട്ടയം നഗരസഭ നാട്ടകം ഓഫിസിലെ ഒന്നാം നമ്പർ കൈക്കൂലിക്കാരൻ; പിടിയിലായത് സാലറി ചലഞ്ചിൽ പങ്കെടുത്ത ഉദ്യോഗസ്ഥൻ

ക്രൈം ഡെസ്‌ക്

കോട്ടയം: അച്ഛന്റെയും മുത്തച്ഛന്റെയും പേരിലുള്ള കെട്ടിടം സ്വന്തം പേരിലേയ്ക്കും അമ്മയുടെ പേരിലേയ്ക്കും മാറ്റാൻ നാട്ടകം സ്വദേശി അപേക്ഷ നൽകി കാത്തിരുന്നത് മൂന്നു മാസമാണ്. നടന്ന് നടന്ന് ചെരുപ്പ് തേഞ്ഞതല്ലാതെ തലയിൽ കൊമ്പുള്ള ഉദ്യോഗസ്ഥ വൃന്ദം അപേക്ഷ ചെവിക്കൊണ്ടില്ല. കാര്യമില്ലാതെ തട്ടിക്കളിക്കുന്ന അപേക്ഷയുടെ കാരണമറിയാൻ കെട്ടിടം ഉടമ അപേക്ഷ സ്വീകരിക്കുന്ന ഉദ്യോഗസ്ഥനെ കണ്ട് താണു വണങ്ങി. ഇതോടെ ഉദ്യോഗസ്ഥൻ കാര്യം തുറന്നു പറഞ്ഞു. കാണേണ്ട രീതിയിൽ കാണണം, കണ്ടാൽ കാര്യം നടക്കും. കെട്ടിടത്തിന്റെ പേര് കൃത്യമായി മാറ്റപ്പെടും. പിന്നെ കെട്ടിടം ഉടമ ഒന്നും നോക്കിയില്ല. കാണേണ്ടവരെ കണ്ടു .. കൈക്കൂലിക്കാരനായ ഉദ്യോഗസ്ഥൻ അകത്തുമായി.  കോട്ടയം നഗരസഭ സോണൽ ഓഫിസിലെ റവന്യു ഇൻസ്‌പെക്ടറുടെ ചുമതല വഹിക്കുന്ന സീനിയർ ക്ലർക്ക് എം.ടി പ്രമോദിനെയാണ് (49) വിജിലൻസ് ഡിവൈ.എസ്.പി എസ്.സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കെട്ടിടം ഉടമയിൽ നിന്നും 12000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ എത്തിയ വിജിലൻസ് സംഘമാണ് ഇയാളെ പിടികൂടിയത്.
കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവങ്ങളുടെ തുടക്കം. നാട്ടകം സ്വദേശിയായ കെട്ടിടം ഉടമ തന്റെ അച്ഛന്റെ പേരിലും മുത്തച്ഛന്റെ പേരിലുമുള്ള സ്ഥലം അമ്മയുടെയും, തന്റെയും പേരിലേയ്ക്ക് മാറ്റിയെഴുതുന്നതിനായാണ് നഗരസഭ ഓഫിസിൽ എത്തിയത്. ബിൽഡിംഗ് പൊസഷൻ സർട്ടിഫിക്കറ്റിന് അപേക്ഷ നൽകിയാൽ പതിനഞ്ച് ദിവസത്തിനകം അപേക്ഷയിൽ തീർപ്പ്് കൽപ്പിക്കണമെന്നാണ് ചട്ടം. എന്നാൽ, ഇതെല്ലാം മറികടന്ന നഗരസഭ ഉദ്യോഗസ്ഥർ ഈ അപേക്ഷ മാസങ്ങളോളം നീട്ടിവച്ചു. ഓരോ ദിവസവും ഓരോ കാരണം പറഞ്ഞ് കെട്ടിടം ഉടമയെ നടത്തിക്കുകയായിരുന്നു.
ഏറ്റവും ഒടുവിൽ റവന്യു വിഭാഗത്തിനു മുന്നിൽ ഫയൽ എത്തി. ഈ സമയം റവന്യു ഇൻസ്‌പെക്ടറുടെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥനായ പ്രമോദ് ഫയൽ കൈപ്പറ്റി. തുടർന്ന് പ്രമോദ് അപേക്ഷകനെ വിളിച്ചു. തുടർന്ന് കാര്യം നടക്കണമെങ്കിൽ കൈക്കൂലി നൽകണമെന്ന് അറിയിച്ചു. ഇതോടെ അപേക്ഷകൻ കോട്ടയം വിജിലൻസ് എസ്.പി വി.ജി വിനോദ്കുമാറിനെ ബന്ധപ്പെട്ട് പരാതി നൽകി. തുടർന്ന് വിജിലൻസ് സംഘം ഉദ്യോഗസ്ഥനെ കുടുക്കാൻ കെണിയൊരുക്കുകയായിരുന്നു. വിജിലൻസ് ബ്ലൂ ഫിനോഫ്തിലിൻ പൗഡർ ഇട്ട് 12000 രൂപയുടെ നോട്ട് അപേക്ഷകന് കൈമാറി. നഗരസഭ ഓഫിസിൽ വച്ച് ഈ നോട്ട് ഉദ്യോഗസ്ഥൻ കൈപ്പറ്റി അപേക്ഷയിൽ ഒപ്പിട്ട് നൽകിയതിന് പിന്നാലെ എത്തിയ വിജിലൻസ് സംഘം ഇയാളെ പിടികൂടി. തുടർന്ന് നടത്തിയ പരിശോധനയിൽ കയ്യിൽ പൗഡർ കണ്ടെത്തുകയും, വിജിലൻസ് സംഘം നൽകിയ നോട്ടുകൾ തന്നെ പിടിച്ചെടുക്കുകയും ചെയ്തു. തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
വിജിലൻസ് ഡിവൈ.എസ്.പി എസ്.സുരേഷ്‌കുമാർ, സി.ഐ റിജോ പി.ജോസഫ്, എസ്.ഐ സന്തോഷ്, എ.എസ്.ഐമാരായ തുളസീധരക്കുറുപ്പ്, സന്തോഷ്, അജിത് ശങ്കർ, വിനോദ്, അനിൽകുമാർ, ജയകുമാർ, സാജൻ, വിൻസന്റ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഗസറ്റഡ് ഓഫിസർമാരായ ബിജുകുമാർ, നന്ദകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.