
ന്യൂഡൽഹി: രാജ്യമാകെ ആകാംക്ഷയോടെ കാത്തിരിക്കുന്ന കേന്ദ്ര ബജറ്റ് ഇന്ന്.തുടർച്ചയായി 9-ാം തവണ ബഡ്ജറ്റ് അവതരിപ്പിച്ച് ചരിത്രത്തിൽ ഇടംനേടും കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമൻ. 1999നുശേഷം ബഡ്ജറ്റ് അവതരണം ഞായറാഴ്ചയാണെന്ന പ്രത്യേകതയുമുണ്ട്. രാവിലെ 11ന് ആരംഭിക്കും.
തദ്ദേശീയ വളർച്ച ലക്ഷ്യമിട്ട് വിവിധ പദ്ധതികൾ പ്രഖ്യാപിച്ചേക്കും. ഉപഭോഗം പ്രോത്സാഹിപ്പിക്കുകയും ഉത്പാദന- സേവന മേഖലകളെ ശക്തിപ്പെടുത്തുകയും ചെയ്യുന്ന നടപടികളുമുണ്ടാകും.
അടിസ്ഥാന സൗകര്യവികസനം, പ്രതിരോധം, ചെറുകിട വ്യവസായങ്ങൾ, ഇലക്ട്രിക് വാഹന നിർമ്മാണമേഖല, ഹരിതോർജ്ജം തുടങ്ങിയവയ്ക്ക് പ്രാമുഖ്യം നൽകും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ജി.എസ്.ടി നടപടികൾ ലളിതമാക്കൽ, ഇ-കൊമേഴ്സ് വളർച്ചയ്ക്കുള്ള പദ്ധതികൾ എന്നിവ വ്യവസായമേഖല ആവശ്യപ്പെട്ടിട്ടുണ്ട്. റെയിൽവേ പദ്ധതികളും ഇതോടൊപ്പം പ്രഖ്യാപിക്കും. മദ്ധ്യവർഗത്തെ ലക്ഷ്യമിട്ട് കൂടുതൽ ജനപ്രിയ പദ്ധതികളുമുണ്ടാകും.
കേരളം, പശ്ചിമബംഗാൾ, തമിഴ്നാട്, അസാം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഈ സംസ്ഥാനങ്ങൾ വലിയ പ്രതീക്ഷയിലാണ്. കേരളത്തിന് അതിവേഗ റെയിൽപ്പാത, അധികഫണ്ട്, എയിംസ് എന്നിവ സുപ്രധാനം.
പ്രതിസന്ധി മറികടക്കാൻ
യു.എസിന്റെ അധികതീരുവ ഇന്ത്യൻ സമ്പദ്വ്യവസ്ഥയിലുണ്ടാക്കിയ വെല്ലുവിളികളെ നേരിടാൻ തക്ക പ്രഖ്യാപനങ്ങൾ ബഡ്ജറ്റിലുണ്ടാകും. ടെക്സ്റ്റൈൽസ്, ലെതർ, കളിപ്പാട്ടം തുടങ്ങിയ മേഖലകളെ പിന്തുണയ്ക്കുന്ന നടപടികളുണ്ടാകും.
എ.ഐ, ഡിജിറ്റൽ വികസനത്തിന് പ്രാമുഖ്യം നൽകും. എ.ഐ നൈപുണ്യ വികസനത്തിനടക്കം ചുമത്തുന്ന 18% ജി.എസ്.ടി ഒഴിവാക്കിയേക്കുമെന്നാണ് സൂചന.



