
തിരുവനന്തപുരം: ഇടവേളക്ക് ശേഷം വീണ്ടും ബക്കറ്റ് പിരിവ് വഴി പണ സമാഹരണത്തിന് സിപിഎം. തലസ്ഥാനത്ത് പുതിയതായി നിർമ്മിക്കുന്ന ആസ്ഥാന മന്ദിരത്തിന്റെ നിർമ്മാണത്തിന് വേണ്ടിയാണ് ബക്കറ്റ് കിലുക്കി പണം പിരിക്കുന്ന പഴയ സമ്പ്രദായവുമായി സിപിഎം നേതാക്കളും പ്രവർത്തകരും തെരുവിലേക്കിറങ്ങുന്നത്. ഒക്ടോബർ 4, 5 തീയതികളിലായി പുതിയ ആസ്ഥാന മന്ദിരത്തിന് വേണ്ടിയുളള പണപിരിവിനായി ബക്കറ്റുമായി സിപിഎം പ്രവർത്തകർ വീടുകളിലും സ്ഥാപനങ്ങളിലും എത്തും.
ഓഗസ്റ്റ് 15ന് ബക്കറ്റ് പിരിവ് നടത്താനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍, വയനാട് ഉരുള്‍പൊട്ടല്‍ ഉണ്ടായതോടെ ബക്കറ്റ് പിരിവ് മാറ്റിവെയ്ക്കുകയായിരുന്നു. നിലവില്‍ സംസ്ഥാന കമ്മിറ്റി ഓഫീസ് പ്രവർത്തിക്കുന്ന എകെജി സെന്ററിന് എതിർവശത്താണ് ആറുനിലകളിലായി പുതിയ കെട്ടിടം വരുന്നത്. 34 പേരുടെ ഉടമസ്ഥതയില്‍ ഉണ്ടായിരുന്ന 31.95 സെന്റ് സ്ഥലം വിലയ്ക്ക് വാങ്ങിയാണ് സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസിന് വേണ്ടി പുതിയ കെട്ടിടം നിർമ്മിക്കുന്നത്.
നഗരഹൃദയത്തിലെ കണ്ണായ ഭാഗത്തുളള ഭൂമി 6.4 കോടി രൂപ വിലയ്ക്കാണ് വാങ്ങിയിരിക്കുന്നതെന്നാണ് പ്രമാണത്തില്‍ കാണിച്ചിരിക്കുന്നത്. കോടിയേരി ബാലകൃഷ്ണൻ സംസ്ഥാന സെക്രട്ടറി ആയിരിക്കുമ്പോഴാണ് ഭൂമി വാങ്ങി കെട്ടിടം നിർമ്മിക്കാൻ തറക്കല്ലിടുന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ് തറക്കില്ലിടല്‍ കർമ്മം നിർവ്വഹിച്ചത്. 58500 ചതുരശ്രയടി വിസ്തീർണത്തില്‍ നിർമ്മിക്കുന്ന കെട്ടിടത്തിന് 2022 ഫെബ്രുവരി 25നാണ് തറക്കല്ലിട്ടത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒന്നരവർഷം കൊണ്ട് പണി പൂർത്തിയാക്കാനായിരുന്നു തീരുമാനം. എന്നാല്‍, പല കാരണങ്ങള്‍ കൊണ്ട് നിർമ്മാണം നീണ്ടുപോയി. ഇപ്പോള്‍ നിർമ്മാണ ജോലികള്‍ ഏതാണ്ട് പൂർത്തിയായി കഴിഞ്ഞു. ഇന്റീരിയർ ജോലികളും പെയിന്റിങ്ങ് ജോലികളുമാണ് ഇപ്പോള്‍ നടക്കുന്നത്. ഭൂമി വാങ്ങിയപ്പോഴോ നിർമ്മാണം തുടങ്ങിയപ്പോഴോ ഈ കെട്ടിടത്തിനായി സിപിഎം പൊതു പണപ്പിരിവ് നടത്തിയിരുന്നില്ല.
ഇപ്പോള്‍ നിർമ്മാണ ജോലികള്‍ അന്തിമ ഘട്ടത്തില്‍ എത്തിനില്‍ക്കുമ്പോഴാണ് ബക്കറ്റ് പിരിവിലൂടെ പണം സമാഹരിക്കാനിറങ്ങുന്നത്. രസീത് നല്കിയ പണപ്പിരിവാണ് അടുത്തിടെയായി ധനസമാഹരണത്തിനായി സ്വീകരിക്കുന്ന മാർഗം. ഏറ്റവും ഒടുവില്‍ സംസ്ഥാന വ്യാപകമായി ബക്കറ്റ് പിരിവിലൂടെ പണപ്പിരിവ് നടന്നത് കണ്ണൂരിലെ നായനാർ അക്കാദമി നിർമ്മാണത്തിന് വേണ്ടിയാണ്.
2017 ഫെബ്രുവരിമാസം ഒറ്റ ദിവസമായി നടന്ന ബക്കറ്റ് പിരിവിലൂടെ 8 കോടിയോളം രൂപ പിരിച്ചെടുത്തിരുന്നു. ഒരു ദിവസത്തെ ബക്കറ്റ് കുലുക്കല്‍ കൊണ്ട് കോടികള്‍ പിരിക്കുന്ന പാരമ്പര്യമാണ് സി.പി.എമ്മിനുളളത്. എങ്ങനെയാണ് ഒന്നോ രണ്ടോ ദിവസത്തെ ബക്കറ്റ് പിരിവ് കൊണ്ട് കോടികള്‍ പിരിച്ചെടുക്കുന്നത് എന്ന വിമർശനപരമായ ചോദ്യവും അന്ന് സിപിഎമ്മിന് നേർക്ക് ഉയർന്നിരുന്നു.
രസീത് നല്‍കാതെയുളള പണപ്പിരിവിനെതിരെ സംസ്ഥാന കമ്മിറ്റി അംഗീകരിച്ച രേഖ ജാഗ്രതാ നിർദ്ദേശം നല്‍കുമ്പോഴാണ് വീണ്ടും ബക്കറ്റ് പിരിവ് നടത്തുന്നത് എന്നതാണ് ഏറെ ശ്രദ്ധേയമായ കാര്യം. രസീത് നല്‍കിയുളള പണപ്പിരിവില്‍ പോലും മര്യാദ പാലിക്കുന്നില്ലെന്നും പാർട്ടി പത്രം ചേർക്കുന്നതിനും മറ്റും ഭീഷണിപ്പെടുത്തി പണം പിരിക്കുന്ന രീതിയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന കമ്മിറ്റി ജാഗ്രതാ നിർദ്ദേശം നല്‍കിയത്.
പാർട്ടി പത്രം ചേർക്കുന്നതിനുളള ക്വാട്ട തികയ്ക്കുന്നതിനായി തലസ്ഥാന നഗരത്തിലെ ഒരു ആശുപത്രിയില്‍ നിന്ന് രണ്ടര ലക്ഷം രൂപ പിരിച്ചെടുത്ത സംഭവം ചൂണ്ടിക്കാട്ടിയായിരുന്നു സംസ്ഥാന കമ്മിറ്റിയുടെ ഇടപെടല്‍. രാജ്യസഭാംഗമായ നേതാവ് തിരഞ്ഞെടുപ്പ് ഫണ്ടിനായി ആശുപത്രി അധികൃതരെ സമീപിച്ചപ്പോഴാണ് പത്രം ചേർക്കാൻ ഒറ്റയടിക്ക് രണ്ടര ലക്ഷം രൂപ വാങ്ങിയ വിവരം പുറത്തായത്.
അടിക്കടിയുളള പണപ്പിരിവ് പാർട്ടിയുടെ താഴെത്തട്ടിലുളള നേതാക്കളെയും പ്രവർത്തകരെയും വലിയ സമ്മർദ്ദത്തിലാക്കുന്നുണ്ട്. മേല്‍ക്കമ്മിറ്റികള്‍ നിശ്ചയിച്ച് നല്കുന്ന ക്വാട്ടാ പ്രകാരം പണം സമാഹരിച്ച് നല്കാൻ പ്രാദേശിക നേതാക്കള്‍ നിർബന്ധിതമാകുകയാണ്. ഈ സമ്മർദ്ദം കൊണ്ടാണ് പലപ്പോഴും ധനസമാഹരണത്തിന് വഴിവിട്ട മാർഗങ്ങള്‍ അവലംബിക്കേണ്ടി വരുന്നതെന്നാണ് പ്രവർത്തകർ പറയുന്നത്.
എന്നാല്‍, അടിക്കടി പിരിവ് ഒരു തെറ്റല്ല എന്നാണ് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ നിലപാട്. ജില്ലാ കമ്മിറ്റി യോഗത്തില്‍ നിരന്തര പണപ്പിരിവിനെപ്പറ്റി പരാതി ഉന്നയിച്ച നേതാവിന് എം.വി ഗോവിന്ദൻ നല്കിയ മറുപടിയില്‍ ഇത് വ്യക്തമാണ്. രസീത് കുറ്റിയും പോക്കറ്റില്‍ ഇട്ട് നടക്കുന്നതില്‍ ഒരു അപമാനവും വേണ്ട, ജനങ്ങളെ സമീപിച്ചാണ് പാർട്ടി പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകേണ്ടത്.
ജനങ്ങള്‍ക്കിടയില്‍ പ്രവർത്തിക്കുന്ന പാർട്ടികള്‍ക്ക് അത് അനിവാര്യമാണെന്നുമായിരുന്നു സംസ്ഥാന സെക്രട്ടറിയുടെ മറുപടി. സംസ്ഥാന കമ്മിറ്റി ഓഫീസ് നിർമ്മാണത്തിന് വേണ്ടി നടക്കാനിരിക്കുന്ന ബക്കറ്റ് പിരിവിനെ കുറിച്ച് ഓർമ്മിപ്പിക്കുകയും ചെയ്തിരുന്നു.