ഇന്റര്‍നെറ്റ് വേഗതയുടെ പരാതി പരിഹരിക്കാന്‍ ബിഎസ്‌എന്‍എല്‍; 5ജി സേവനങ്ങള്‍ ഉടൻ; ബീറ്റാ പരീക്ഷണം ഓഗസ്റ്റിന് മുന്‍പ് പൂര്‍ത്തിയാക്കും; വമ്പന്‍ നീക്കവുമായി കമ്പനി
സ്വന്തം ലേഖിക
കൊച്ചി: ഉപഭോക്താക്കളുടെ ഇന്റര്‍നെറ്റിന് വേഗതയില്ലെന്ന പരാതി അവസാനിപ്പിക്കാനുറച്ച് ബിഎസ്‌എന്‍എല്‍.
4ജിക്ക് പിന്നാലെ മാസങ്ങളുടെ വ്യത്യാസത്തില്‍ മാത്രം 5ജിയുമായും ബിഎസ്‌എന്‍എല്‍ എത്തും. ബിഎസ്‌എന്‍എല്ലിന്റെ 5ജി സേവനങ്ങള്‍ 2023 ഓഗസ്റ്റ് 15 ന് ആരംഭിച്ചേക്കുമെന്നാണ് സൂചന.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തദ്ദേശീയമായി വികസിപ്പിച്ച 5ജി കോര്‍ സാങ്കേതിക വിദ്യ സി-ഡോട്ട് ഇതിനോടകം അവതരിപ്പിച്ചു കഴിഞ്ഞു. 5ജിയുടെ ബീറ്റാ പരീക്ഷണം അടുത്ത ഓഗസ്റ്റിന് മുന്‍പ് പൂര്‍ത്തിയാക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.
2023 ജനുവരിയില്‍ തന്നെ തദ്ദേശീയമായി നിര്‍മിച്ച സാങ്കേതിക വിദ്യയുടെ സഹായത്തോടെ 4ജി ആരംഭിക്കും. എന്തായാലും 4ജിയില്‍ പിന്നോട്ടായതു പോലെ 5ജിയില്‍ പിന്നിലാകില്ല എന്ന വാശിയിലാണ് ബിഎസ്‌എന്‍എല്‍. 18 മാസത്തിനുള്ളില്‍ 1.25 ലക്ഷം 4ജി മൊബൈല്‍ സൈറ്റുകള്‍ പുറത്തിറക്കാനാണ് കമ്പനിയുടെ പദ്ധതി.
4ജി നെറ്റ്‍വര്‍ക്കിന്റെ ആദ്യ റോള്‍ ഔട്ടാണ് ആദ്യം നടക്കുന്നത്. ഇത് സംബന്ധിച്ച ചര്‍ച്ച ടിസിഎസുമായും സര്‍ക്കാര്‍ നടത്തുന്ന ടെലികോം ഗവേഷണ വികസന സംഘടനയായ സി-ഡോട്ട് നയിക്കുന്ന കണ്‍സോര്‍ഷ്യവുമായും നടത്തിവരികയാണ്.
കമ്പനി വാങ്ങുന്ന 4ജി നെറ്റ്‌വര്‍ക്ക് ഗിയറുകള്‍ സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റുകളിലൂടെയാണ് 5ജിയിലേക്ക് അപ്‌ഗ്രേഡ് ചെയ്യുന്നത്. അടുത്ത വര്‍ഷം ഓഗസ്റ്റ് 15നകം ബിഎസ്‌എന്‍എല്‍ 5ജിയിലേക്ക് മാറണമെന്നാണ് നിര്‍ദേശം. കഴിഞ്ഞ ദിവസമാണ് 5ജി സേവനങ്ങള്‍ വേഗത്തിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ മൊബൈല്‍ കമ്പനികളോട് ആവശ്യപ്പെട്ടത്.
ഇന്ത്യയില്‍ ഏകദേശം 750 ദശലക്ഷം മൊബൈല്‍ ഫോണ്‍ വരിക്കാരുണ്ടെന്നാണ് എഎന്‍ഐയുടെ റിപ്പോര്‍ട്ട്. അതില്‍ 350 ദശലക്ഷത്തിലധികം ഉപയോക്താക്കള്‍ 3ജി അല്ലെങ്കില്‍ 4ജി സപ്പോര്‍ട്ടുള്ള ഫോണുകള്‍ ഉപയോഗിക്കുന്നവരാണ്.
ഇന്ത്യയില്‍ 100 ദശലക്ഷം വരിക്കാര്‍ക്ക് 5ജി ഫോണുകളുണ്ട്. 10,000 രൂപയില്‍ കൂടുതല്‍ വിലയുള്ള 3ജി – 4ജി ഫോണുകളുടെ പ്രൊഡക്ഷന്‍ ക്രമേണ നിര്‍ത്തി 5ജി സാങ്കേതികവിദ്യയിലേക്ക് പൂര്‍ണ്ണമായും മാറണമെന്ന് സ്മാര്‍ട്ട്ഫോണ്‍ കമ്പനികളോട് മന്ത്രാലയം പറഞ്ഞതായും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. നിലവില്‍ എയര്‍ടെല്ലും ജിയോയും തെരഞ്ഞെടുത്ത നഗരങ്ങളില്‍ ഇപ്പോള്‍ 5ജി സേവനങ്ങള്‍ നല്‍കുന്നുണ്ട്.