തിരുവനന്തപുരം വിമാനത്താവളത്തില്‍ കുടുങ്ങിയ ബ്രിട്ടീഷ് യുദ്ധവിമാനത്തിന്റെ തകരാര്‍ പരിഹരിച്ചു; എഫ്-35 അടുത്തയാഴ്ച മടങ്ങും

Spread the love

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കുടുങ്ങിയ ബ്രിട്ടീഷ് യുദ്ധവിമാനം എഫ്-35 അടുത്തയാഴ്ച മടങ്ങും.

നിലവില്‍ വിമാനത്തിന്റെ സാങ്കേതിക തകരാറുകള്‍ പരിഹരിച്ചു. ബ്രിട്ടൻ നാവികസേനാ മേധാവിയുടെ അനുമതി ലഭിച്ചാലുടന്‍ വിമാനം അടുത്തയാഴ്ച ഇവിടെനിന്നു പുറപ്പെടും.

വിമാനത്തിലുണ്ടായിരുന്ന ഹൈഡ്രോളിക് സംവിധാനത്തിന്റെയും ഓക്‌സിലയറി പവര്‍ യൂണിറ്റിന്റെയും തകരാറുകളാണ് ആദ്യം പരിഹരിച്ചത്. തുടര്‍ന്ന് ചാക്കയിലെ ഹാങ്ങറില്‍ നിന്നു പുറത്തിറക്കി എന്‍ജിന്റെ ക്ഷമത പരിശോധിച്ച്‌ ഉറപ്പാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിമാനം പറത്തിക്കൊണ്ടുപോകുന്നതിനുള്ള എന്‍ജിന്റെ ക്ഷമതാപരിശോധനയാണ് ഹാങ്ങറിലുള്ള സാന്‍ഡ് ബ്ലാസ്റ്റ് സംവിധാനത്തിന്റെ സഹായത്തോടെ നടത്തിയത്. ഇത് വിജയകരമായി പൂര്‍ത്തിയാക്കിയതോടെ വിമാനം പറത്തിക്കൊണ്ടുപോകാനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി. എയര്‍ ഇന്ത്യയുടെ ഹാങ്ങറിലാണ് അറ്റകുറ്റപ്പണി നടത്തിയത്.

കഴിഞ്ഞ മാസം പതിനാലിനായിരുന്നു ബ്രിട്ടന്റെ അഞ്ചാം തലമുറ വിമാനമായ എഫ്-35 യുദ്ധ വിമാനം ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കിയത്. ബ്രിട്ടിഷ് റോയല്‍ നേവിയുടെ വിമാന വാഹിനി കപ്പലായ എച്ച്‌എംഎസ് പ്രിൻസ് ഓഫ് വെയ്ല്‍സില്‍ നിന്നു പറന്ന എഫ് 35- ബി-യുദ്ധ വിമാനം കടലിലെ മോശം കാലാവസ്ഥയും ഇന്ധന കുറവും കാരണമാണ് കപ്പലില്‍ ഇറങ്ങാനാകാതെ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കാൻ അനുമതി തേടിയത്.