
ലൈംഗികാതിക്രമ പരാതി; ബ്രിജ് ഭൂഷനെതിരെ കേസെടുത്ത് ഡൽഹി പൊലീസ്..! ചുമത്തിയത് പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ; അറസ്റ്റ് അനിവാര്യം…!
സ്വന്തം ലേഖകൻ
ന്യൂഡൽഹി: ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൻ ശരൺ സിങിനെതിരെ കേസെടുത്ത് ഡൽഹി പൊലീസ്. ഗുസ്തി താരങ്ങളുടെ ലൈംഗികാതിക്രമ പരാതിയിലാണ് നടപടി . പോക്സോ നിയമമടക്കം ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ബ്രിജ് ഭൂഷണെതിരെ പരാതി നൽകിയ ഏഴ് താരങ്ങളിൽ ഒരാൾ പ്രായപൂർത്തിയാകാത്ത താരമായതിനാലാണ് പോക്‌സോ കേസ് . മറ്റു പരാതികളിൽ സ്ത്രീകൾക്കെതിരായ അതിക്രമത്തിനുമാണ് കേസ്. കേസെടുത്തതിനാൽ ബ്രിജ് ഭൂഷന്റെ അറസ്റ്റ് അനിവാര്യമായി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം കേസെടുത്തത് കൊണ്ടു മാത്രം കാര്യമില്ലെന്ന് അറസ്റ്റ് ചെയ്യണമെന്നുമാണ് താരങ്ങളുടെ നിലപാട്. കുറ്റവാളി ശിക്ഷിക്കപ്പെടുന്നതു വരെ സമരം തുടരുമെന്ന് ജന്തർ മന്ദറിൽ നിന്നു മാറില്ലെന്ന് താരങ്ങൾ വ്യക്തമാക്കി. വാർത്താസമ്മേളനം വിളിച്ചായിരുന്നു താരങ്ങൾ നിലപാട് വ്യക്തമാക്കിയത്.
ഏപ്രിൽ 21നാണ് പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ 7 പെൺകുട്ടികൾ ബ്രിജ്ഭൂഷൻ ശരൺ സിങ്ങിനെതിരെ ഡൽഹി പൊലീസിൽ പരാതി നൽകിയത്. കൊണാട്ട് പ്ലേസ് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്യുന്നില്ലെന്ന് ആരോപിച്ച് ഒളിംപിക്സ് മെഡൽ ജേതാക്കളായ സാക്ഷി മാലിക്ക്, ബജ്‌രംഗ് പുനിയ എന്നിവരുൾപ്പെടെയുള്ള താരങ്ങളുടെ നേതൃത്വത്തിൽ ജന്തർ മന്തറിൽ പ്രതിഷേധം ആരംഭിച്ചിരുന്നു. ജനുവരിയിലാണ് ബ്രിജ്ഭൂഷനെതിരെ ആദ്യം പരാതി ഉയർന്നത്.