
മുണ്ടക്കയം: ഈ പാലത്തിലെത്തിയാല്‍ ബസ് നിർത്തണം.
ബസില്‍ കൂടുതല്‍ യാത്രക്കാരുണ്ടെങ്കില്‍ കണ്ടക്ടറും കുറച്ച് യാത്രക്കാരും പാലത്തിനിക്കരെ ഇറങ്ങണം.
തുടർന്ന് കണ്ടക്ടർ ബസ് ഡ്രൈവർക്ക് വശങ്ങള്‍ പറഞ്ഞുകൊടുക്കണം. ഡ്രൈവർ സൂക്ഷിച്ച് ബസ് ഓടിച്ച് മറുകരയിലെത്തിക്കും.
തുടർന്ന് കണ്ടക്ടറും യാത്രക്കാരും ബസില്‍ പോയി കയറണം. ഇതാണ് വള്ളിയാങ്കാവ് ക്ഷേത്രത്തിലേക്കുള്‍പ്പെടെ യാത്ര ചെയ്യുന്ന യാത്രക്കാർ നേരിടുന്ന ദുരിതം. ക്ഷേത്രത്തിന് അരക്കിലോമീറ്റർ അടുത്താണ് തടിയിലും ഇരുമ്പ് ഗർഡറിലും നിർമ്മിച്ച കാലപ്പഴക്കംചെന്ന ചെറിയ പാലം അപകടകരമായ അവസ്ഥയിലുള്ളത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ബസുകള്‍ ഇതുവഴി കയറുമ്പോള്‍ ഭീതിയോടെയാണ് സ്ത്രീകളും കുട്ടികളും പ്രായമായവരുമുള്‍പ്പെടെയുള്ളവർ ബസിനുള്ളില്‍ ഇരിക്കുന്നത്. ഒരു പിടി അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാല്‍ കാര്യങ്ങള്‍ കൈവിട്ടുപോകും. കൈവരി ഇല്ലാത്തതിനാലും പാലത്തിനു മുകളില്‍ താത്കാലികമായി മണ്ണിട്ടതിനാലും ഇത് പാലമാണെന്നുപോലും പുതുതായി എത്തുന്നവർക്ക് അറിയുവാൻ പറ്റില്ല.
ഇതോടൊപ്പം ക്ഷേത്രത്തിലേക്കുള്ള റോഡിന്റെ അറ്റകുറ്റപ്പണി വൈകുന്നതും ബസ് സർവീസിനെ പ്രതികൂലമായി ബാധിക്കുന്നു. മുണ്ടക്കയം ഈസ്റ്റില്‍ നിന്ന് ടി.ആർ.ആൻഡ് ടി.എസ്റ്റേറ്റിലൂടെ പോകുന്ന 10 കിലോമീറ്റർ റോഡില്‍ പകുതിമാത്രമാണ് ടാർചെയ്തത്.
ബാക്കിയുള്ള അഞ്ച് കിലോമീറ്ററില്‍ കനത്ത മഴയില്‍ വലിയ കുഴികള്‍ രൂപപ്പെട്ട് ചെളിയും വെള്ളവും കലർന്ന് കിടക്കുന്നു. പെരുവന്താനം പഞ്ചായത്തില്‍ ഉള്‍പ്പെട്ട റോഡാണിത്. വീതികൂട്ടിയുള്ള ടാറിംഗ് റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തുവാൻ കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി സർക്കാരിനോട് ശുപാർശ ചെയ്തിരുന്നു. മഴയെ തുടർന്ന് നിർമ്മാണം ഇപ്പോള്‍ നിർത്തിവെച്ചിരിക്കുകയാണ്.