
മലപ്പുറം: കൈക്കൂലി കേസില്‍ നഗരസഭ വാച്ച്മാൻ പിടിയിൽ. തിരൂർ നഗരസഭയിലെ താല്‍ക്കാലിക വാച്ച്മാനെയാണ് മലപ്പുറം വിജിലൻസ് സംഘം പിടികൂടിയത്.
ആയുർവേദ വെല്‍നസ് കേന്ദ്രത്തിന് ലൈസൻസ് അനുവദിക്കുന്നതിനായി 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പിടിയിലായത്. തിരൂർ കന്മനം സ്വദേശിയായ ഷിഹാബുദ്ദീനാണ് പിടിയിലായത്.
മൂന്ന് മാസം മുമ്പാണ് കന്മനം സ്വദേശി ആയുർവേദ കേന്ദ്രത്തിനായുള്ള അപേക്ഷ നഗരസഭയില്‍ നല്‍കിയത്. പേപ്പർ വർക്കുകള്‍ക്കായി പരാതിക്കാരനില്‍ നിന്ന് ഷിഹാബുദ്ദീൻ നേരത്തെ 2,000 രൂപ വാങ്ങിയിരുന്നു. തുടർന്ന് ഹെല്‍ത്ത് ഇൻസ്പെക്ടർക്കൊപ്പം കേന്ദ്രം സന്ദർശിച്ച ശേഷം വീണ്ടും 3,000 രൂപ കൂടി കൈക്കലാക്കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പണം നല്‍കിയതിനെ തുടർന്ന് ഉടമയ്ക്ക് ലൈസൻസ് ലഭിച്ചു. വീണ്ടും പണം: ലൈസൻസ് കിട്ടാൻ സഹായിച്ചതിന് 10,000 രൂപ കൂടി വേണമെന്ന് ഷിഹാബുദ്ദീൻ നിർബന്ധം പിടിച്ചതോടെയാണ് പരാതിക്കാരൻ വിജിലൻസിനെ സമീപിച്ചത്.
വിജിലൻസിന്റെ നിർദ്ദേശപ്രകാരം തിരൂർ പയ്യനങ്ങാടി ജങ്ഷന് സമീപം വെച്ച് 10,000 രൂപ കൈമാറുന്നതിനിടെയാണ് ഷിഹാബുദ്ദീൻ വലയിലായത്. ഇയാളെ കോഴിക്കോട് വിജിലൻസ് കോടതിയില്‍ ഹാജരാക്കും. വിജിലൻസ് ഡി.വൈ.എസ്.പി എം. ഗംഗാധരൻ, സി.ഐമാരായ റിയാസ് ചാക്കിരി, റഫീഖ്, സന്ദീപ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.



