
ഈരാറ്റുപേട്ട: പുതിയ കെട്ടിടത്തിന് പെർമിറ്റ് അനുവദിക്കാൻ കൈക്കൂലി ആവശ്യപ്പെട്ട ഈരാറ്റുപേട്ട മുൻസിപ്പാലിറ്റിയിലെ ഓവർസിയർ വിജിലൻസ് പിടിയില്‍.
തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശിയായ ജയേഷിനെയാണ് പിടികൂടിയത്. കോട്ടയം മീനച്ചില്‍ സ്വദേശിയുടെ പരാതിയിലാണ് വിജിലൻസ് നടപടി.
പുതുതായി പണി കഴിപ്പിക്കുന്ന കെട്ടിടത്തിന് പെർമിറ്റ് അനുവദിക്കുന്നതിനായി ഏപ്രില്‍ ഒൻപതിന് ഈരാറ്റുപേട്ട മുൻസിപ്പാലിറ്റിയില്‍ പരാതിക്കാരൻ ഓണ്‍ലൈനായി അപേക്ഷ സമർപ്പിച്ചിരുന്നു. തുടർന്ന് ജയേഷ് സ്ഥല പരിശോധന നടത്തിയ ശേഷം പെർമിറ്റ് അനുവദിക്കുന്നതിന് 5000 രൂപ കൈക്കൂലി നല്‍കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കൈക്കൂലി പണം നല്കാത്തതിനാല് അപേക്ഷ ജയേഷ് തിരിച്ചയച്ചു. എന്നാല്‍ ജൂലൈ അഞ്ചിന് മുൻസിപ്പാലിറ്റിയിലെത്തിയ പരാതിക്കാരനെ ജയേഷ് നേരില്‍ കാണുകയും പെർമിറ്റ് രേഖകള്‍ വാട്ട്സാപ്പില്‍ അയച്ച് കൊടുത്ത ശേഷം വീണ്ടും കൈക്കൂലി ആവശ്യപ്പെടുകയുമായിരുന്നു.
നിർദേശാനുസരണം ഫോണില്‍ വിളിച്ച പരാതിക്കാരനോട് ജയേഷ് തന്റെ സുഹൃത്തിന്റെ ഗൂഗിള്‍പേയില്‍ 3000 രൂപ അയക്കുന്നതിനായി ആവശ്യപ്പെട്ടു. കൈക്കൂലി നല്കി കാര്യം സാധിക്കാൻ താല്പര്യമില്ലാത്ത പരാതിക്കാരൻ ഈ വിവരം കോട്ടയം വിജിലൻസ് കിഴക്കൻ മേഖല പോലീസ് സൂപ്രണ്ടിനെ അറിയിക്കുകയും ചെയ്തു.
ഇന്ന് വൈകുന്നേരം ഈരാറ്റുപേട്ട മുൻസിപ്പാലിറ്റി ഓഫീസിലെത്തിയ പരാതിക്കാരൻ 3000 രൂപ ഗൂഗിള്‍പേ വഴി അയച്ച് നല്കി. ഇതേത്തുടർന്ന് വിജിലൻസ് സംഘം ജയേഷിനെ പിടികൂടുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോട്ടയം വിജിലൻസ് കോടതിയില്‍ ഹാജരാക്കും.



