ദേശിയപാത നിർമ്മാണത്തിന് മണല്‍ എത്തിച്ച ടോറസ്‌ ഡ്രൈവറില്‍ നിന്ന് കൈക്കൂലി; മോട്ടോർവാഹന വകുപ്പിലെ കൊള്ളപിരിവുകാരനും സഹായിയും റിമാൻഡിൽ; ഇരുവരും കോട്ടയം ജില്ലാ ജയിലിൽ; സംഭവത്തിൽ മറ്റ്‌ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്‌ടര്‍മാര്‍ക്കോ ബന്ധപ്പെട്ട ഉദ്യോഗസ്‌ഥര്‍ക്കോ പങ്കുണ്ടോയെന്ന് അന്വേഷണം

Spread the love

സ്വന്തം ലേഖകൻ

അമ്പലപ്പുഴ: കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ ഉദ്യോഗസ്‌ഥനും സഹായിയും റിമാന്‍ഡില്‍. അമ്പലപ്പുഴ ആര്‍.ടി.ഒ. എന്‍ഫോഴ്‌സ്‌മെന്റ്‌ സ്‌ക്വാഡിലെ അസിസ്‌റ്റന്റ്‌ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ മാവേലിക്കര ചെട്ടികുളങ്ങര എസ്‌.എസ്‌ ഭവനില്‍ എസ്‌.സതീഷി(37) , ഇയാളുടെ ഏജന്റായി പ്രവര്‍ത്തിച്ചിരുന്ന കാര്‍ത്തികപ്പള്ളി എരിക്കാവ്‌ തുണ്ടുപറമ്പില്‍ സജി( 27) എന്നിവരെയാണ്‌ കോട്ടയം വിജിലന്‍സ്‌ കോടതി 14 ദിവസത്തേക്കു റിമാന്‍ഡ്‌ ചെയ്‌തത്‌.

ദേശീയപാതാ നിര്‍മാണത്തിന്റെ ഉപകരാര്‍ ഏറ്റെടുത്ത കമ്പനിക്കു വേണ്ടി മണല്‍ എത്തിച്ച ടോറസ്‌ ഡ്രൈവറില്‍ നിന്ന്‌ 25000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ്‌ സതീഷ്‌ പിടിയിലായത്‌. 12നു വൈകിട്ട്‌ 6.30 ന്‌ ഹരിപ്പാട്‌ മാധവ ജങ്‌ഷന്‌ സമീപം ഔദ്യോഗിക വാഹനത്തില്‍ യൂണിഫോം ധരിച്ചെത്തിയ സതീഷും സഹായി സജിയും അറസ്‌റ്റിലാകുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അമിതഭാരം കയറ്റുന്നതില്‍നിന്നുള്ള പിഴ ഒഴിവാക്കാന്‍ ലോഡ്‌ ഒന്നിന്ന്‌ 2000 മുതല്‍ 3000 രൂപ വരെയാണ്‌ സതീഷ്‌ ആവശ്യപ്പെട്ടത്‌. പരാതിക്കാരുടെ അഭ്യര്‍ഥന പ്രകാരം തുക കുറവു ചെയ്‌തു നിത്യേന 1000 രൂപയാക്കി. ഇത്തരത്തില്‍ 30,000 രൂപ എല്ലാ മാസവും നല്‍കണമെന്ന്‌ ആവശ്യപ്പെട്ട സജി 25000 രൂപ വാങ്ങുമ്പോഴാണ്‌ വിജിലന്‍സ്‌ സംഘം പിടികൂടിയത്‌.

മറ്റ്‌ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്‌ടര്‍മാര്‍ക്കോ ബന്ധപ്പെട്ട ഉദ്യോഗസ്‌ഥര്‍ക്കോ സംഭവത്തില്‍ പങ്കുണ്ടോയെന്നു പരിശോധിക്കുമെന്ന്‌ വിജിലന്‍സ്‌ വ്യക്‌തമാക്കി. റിമാന്‍ഡിലായ ഇരുവരേയും കോട്ടയം ജില്ലാ ജയിലിലേക്കു മാറ്റി.