
ആലപ്പുഴ: ഗൂഗിള്‍ പേ വഴി കൈക്കൂലി വാങ്ങിയതിന് പിടിയിലായ വില്ലേജ് ഓഫീസർ വിജിലൻസിന്റെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളയാളെന്ന് റിപ്പോർട്ട്.
ഹരിപ്പാട് വില്ലേജ് ഓഫീസർ പി കെ പ്രീതയെ (48)ആണ് വിജിലൻസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.
വിജിലൻസിൻ്റെ കൈക്കൂലിക്കാരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളയാളാണ് പ്രീത എന്നാണ് റിപ്പോർട്ട്. പഴയ സർവേ നമ്പർ നല്‍കുന്നതിന് ആയിരം രൂപ കൈക്കൂലി ചോദിച്ചതോടെയാണ് പ്രീതക്ക് കെണിയൊരുങ്ങിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സർവേ നമ്പർ ഫോണിലൂടെ പറഞ്ഞുകൊടുക്കുന്നതിനാണ് ഇവർ ആയിരം രൂപ കൈക്കൂലി വാങ്ങിയത്. ഗൂഗിള്‍പേ വഴിയായിരുന്നു ഇടപാട്.
ജയകൃഷ്ണൻ എന്നയാളുടെ പരാതിയിലാണ് വില്ലേജ് ഓഫീസർ കുരുങ്ങിയത്. കൃഷി ആനുകൂല്യം ലഭിക്കാൻ ആഗ്രി സ്റ്റാക്ക് പോർട്ടലില്‍ രജിസ്റ്റർ ചെയ്യാനായാണ് ഇദ്ദേഹം വസ്തുവിന്റെ പഴയ സർവ്വേ നമ്പർ ആവശ്യപ്പെട്ടത്. പ്രീതയെ ഫോണില്‍ വിളിച്ചപ്പോള്‍ വാട്സ് ആപ്പിലൂടെ വസ്തുവിന്റെ വിവരങ്ങള്‍ നല്‍കാനാണ് ആദ്യം പറഞ്ഞത്. തുടർന്ന് പഴയ നമ്പർ അയച്ച് കൊടുത്ത ശേഷം ഗൂഗിള്‍ പേ നമ്പറിലേക്ക് ആയിരം രൂപ ഇടണമെന്ന് പറയുകയായിരുന്നു.
ജയകൃഷ്ണൻ ആദ്യം വില്ലേജ് ഓഫീസിലേക്ക് ഫോണില്‍ വിളിച്ചപ്പോള്‍, തിരക്കാണെന്നായിരുന്നു വില്ലേജ് ഓഫീസറുടെ മറുപടി. പിന്നീട് വിളിക്കാനും പ്രീത ആവശ്യപ്പെട്ടു. ജയകൃഷ്ണൻ അടുത്തദിവസം വിളിച്ചപ്പോഴാണ് വാട്സാപ് നമ്പർ നല്‍കിയത്.
വാട്സാപ്പ് വഴിയാണ് പ്രീത ഗൂഗിള്‍ പേ നമ്പർ നല്‍കിയത്. താൻ അയച്ച നമ്പരിലേക്ക് 1000 രൂപ ഗൂഗിള്‍പേ ചെയ്യാനായിരുന്നു പ്രീത നല്‍കിയ നിർദേശം. ഇതോടെ ജയകൃഷ്ണൻ വിജിലൻസിനെ വിവരം അറിയിച്ചു. ഇതിനു ശേഷമാണ് ഗൂഗിള്‍പേ വഴി പരാതിക്കാരൻ പണം അയച്ചത്. കഴിഞ്ഞ ദിവസമാണ് വിജിലൻസ് പ്രീതയെ പിടികൂടിയത്.