അഴിമതിക്കാരുടെ പേടിസ്വപ്‌നമായ പിണറായി സർക്കാരിന്റെ ഞെട്ടിക്കുന്ന ശിക്ഷ..! 50 ലക്ഷം കട്ടും മോഷ്ടിച്ചും പുട്ടടിച്ച സർക്കാർ ഉദ്യോഗസ്ഥന് പിഴ ശിക്ഷ മാസം 200 രൂപ; കൊള്ളയ്ക്കും കൈക്കൂലിയ്ക്കും സർക്കാരും ചൂട്ട് പിടിക്കുമ്പോൾ വലയുന്നത് സാധാരണക്കാർ
തേർഡ് ഐ ബ്യൂറോ
ഇടുക്കി: സംസ്ഥാനത്ത് പിണറായി വിജയൻ സർക്കാർ അധികാരത്തിൽ എത്തുമ്പോൾ സാധാരണക്കാരായ ജനങ്ങൾക്ക് ഉണ്ടായിരുന്ന പ്രതീക്ഷ, അഴിമതി ഉണ്ടാകില്ലെന്നതു മാത്രമായിരുന്നു. വിജിലൻസ് തലപ്പത്ത് ജേക്കബ് തോമസ് എന്ന ഉദ്യോഗസ്ഥനെ പ്രതിഷ്ഠിച്ചു സർക്കാരും ആ പ്രതീക്ഷയ്ക്കു വെള്ളവും വളവും ഏതി. എന്നാൽ, ഇപ്പോൾ ഇടുക്കിയിൽ നിന്നടക്കം പുറത്തു വരുന്ന ഏറ്റവും പുതിയ വാർത്ത് നാണക്കേടിന്റെ പെരുമഴക്കാലമാണ് ഒരുക്കുന്നത്.
50 ലക്ഷം രൂപ തട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥനിൽ നിന്നും മാസം 200 രൂപ പിടിച്ചെടുക്കാനുള്ള വിചിത്രം ശിക്ഷയാണ് ഇപ്പോൾ സർക്കാർ വിധിച്ചിരിക്കുന്നത്. അതായത് വർഷം 2400 രൂപ വീതം പടിക്കും. പത്തുകൊല്ലമാകുമ്പോൾ ഇത് 24000 രൂപയാകും. ഈ കണക്കിൽ 50 ലക്ഷത്തിൽ എത്താൻ 25,000 മാസം വേണം. ഏതാണ് 2000 കൊല്ലത്തിൽ അധികം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
40 ലക്ഷം രൂപ വീട്ടു ലോൺ എടുക്കുന്നവർ പോലും 20 കൊല്ലം കൊണ്ട് തിരിച്ചടവിന് 35,000 രൂപയിൽ അധികം കൊടുക്കണം. ഇതിനിടെയാണ് വിചിത്ര തിരിച്ചു പിടിക്കൽ ഉത്തരവ് സർക്കാർ എടുക്കുന്നത്. അഴിമതിക്കാരെ രക്ഷിച്ചെടുക്കാനാണ് ഇത്.
അങ്ങനെ വിരമിച്ച ഉദ്യോഗസ്ഥനെതിരേ വിചിത്രമായ ശിക്ഷാനടപടിയുമായി പിണറായി സർക്കാർ പുതു മാതൃകയാവുകയാണ്. തുക തിരികെ പിടിക്കുന്നതിന് പകരം, വിരമിച്ച ഇയാളുടെ പെൻഷനിൽനിന്നു മാസം 200 രൂപ വെച്ച് അഞ്ചുവർഷം ഈടാക്കും. അതായത് ആകെ 7000 രൂപ കൊടുത്താൽ ശിക്ഷയിൽ നിന്ന് രക്ഷപ്പെടും.
ഇടുക്കി ജില്ലയിലെ മുൻ ശുചിത്വമിഷൻ പ്രോജക്ട് ഓഫീസറായിരുന്ന വി.കെ.ചന്ദ്രശേഖരനെതിരേയാണ് നടപടി. ജില്ലയിൽ ശുചിത്വമിഷൻ പ്രചാരണ ബോർഡുകൾ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് 50 ലക്ഷം രൂപ തട്ടിച്ചെന്ന കേസിൽ ഇയാൾ കുറ്റക്കാരനാണെന്ന് സർക്കാരിന് റിപ്പോർട്ട് ലഭിച്ചിരുന്നു. ഇയാൾ 2017-ൽ വിരമിച്ചെങ്കിലും 200 രൂപ വീതം തിരികെ പിടിക്കാനുള്ള ഉത്തരവ് വന്നത് കഴിഞ്ഞ ദിവസമാണ്. ഇതാണ് വിവാദങ്ങൾക്ക് പുതിയ മാനം നൽകുന്നത്. മരിക്കും വരെ പെൻഷനിൽ നിന്ന് 200 രൂപ പിടിക്കാൻ പോലും സർക്കാർ തയ്യാറാകുന്നില്ല.
അഴിമതിക്കെതിരെ സർക്കാർ കാട്ടുന്ന പൊള്ളത്തരത്തിന് തെളിവാണ് ഇത്. ജേക്കബ് തോമസ് ഐപിഎസിനെ പോലുള്ളവരെ കള്ള വിജിലൻസ് കേസുകളിൽ കുടുക്കാൻ ശ്രമിക്കുന്ന ഭരണകൂടമാണ് ഇവിടെ തെളിവുകളോടെ പിടിക്കപ്പെട്ട വ്യക്തിയെ വെറുതെ വിടുന്നത്. അഴിമതിക്കാർക്ക് പുതിയ പ്രതീക്ഷയാണ് ഈ ഉത്തരവ്. ഇനി പല അഴിമതിക്കാരും ഇത്തരം ഉത്തരവുകൾ ഉണ്ടാക്കിയെടുത്ത് പെൻഷനും മറ്റും വാങ്ങി സുഖ ജീവിതം നടത്തും. ആർക്കും ഉൾക്കൊള്ളാൻ പോലും ആകുന്നില്ല.
2012-ലാണ് കേസിനാസ്പദമായ സംഭവം. ജില്ലയിലെ 53 പഞ്ചായത്ത് പ്രദേശങ്ങളിൽ ശുചിത്വ സന്ദേശ ബോർഡുകൾ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് അന്നത്തെ പ്രോജക്ട് ഓഫീസർ വി.കെ.ചന്ദ്രശേഖരൻ, മുൻ പ്രോജക്ട് ഡയറക്ടർ പി.കെ.മോഹനൻ എന്നിവർ ചേർന്ന് ഗുരുതരമായ സാമ്ബത്തിക തട്ടിപ്പ് നടത്തിയതായി ശുചിത്വമിഷൻ എക്‌സിക്യുട്ടീവ് ഡയറക്ടറായിരുന്ന ഡോ. പി.കെ.സനൽകുമാർ സർക്കാരിന് റിപ്പോർട്ട് നൽകി.
തുടരന്വേഷണത്തിൽ പി.കെ.മോഹനനെ കേസിൽനിന്ന് ഒഴിവാക്കി. ഗ്രാമ വികസന കമ്മിഷണറേറ്റിലെ അഡീഷനൽ ഡെവലപ്‌മെന്റ് കമ്മിഷണർ ഷൗക്കത്തലി, ഗ്രാമ വികസന കമ്മിഷണറേറ്റിലെ ഇന്റേണൽ ഓഡിറ്റ് വിഭാഗം എന്നിവർ നടത്തിയ അന്വേഷണത്തിൽ വി.കെ.ചന്ദ്രശേഖരൻ സർക്കാർ പണം കൈകാര്യം ചെയ്യുന്നതിൽ ഗുരുതര അനാസ്ഥ വരുത്തിയതായി കണ്ടെത്തി.
കേരള ഫിനാൻഷ്യൽ കോഡ്, സ്റ്റോർ പർച്ചേസ് മാനുവൽ എന്നിവയിലെ ചട്ടങ്ങൾ പാലിക്കാതെ, ഏറ്റവും കുറഞ്ഞ ടെൻഡർ രേഖപ്പെടുത്തിയ കമ്പനിയെയും ഒഴിവാക്കി. ജില്ലാ ശുചിത്വമിഷൻ യോഗത്തിൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റ്, കളക്ടർ എന്നിവരെ അറിയിക്കാതെ ഇഷ്ടക്കാർക്ക് കൂടിയതുകയ്ക്ക് ടെൻഡർ നൽകിയതുവഴി സർക്കാറിന് 50 ലക്ഷം രൂപയുടെ നഷ്ടംവന്നു.
കൂടാതെ ടെൻഡർ ഫോറം വിലയിൽ കുറവ് വരുത്തി ഗുരുതര സാമ്ബത്തിക നഷ്ടം ഉണ്ടാക്കിയെന്നും റിപ്പോർട്ടിലുണ്ട്. ഇയാളെ സർവീസിൽനിന്നു സസ്‌പെൻഡ് ചെയ്തിരുന്നു. പിന്നീട് ജോലിയിൽ പ്രവേശിച്ച ചന്ദ്രശേഖരൻ 2017 മാർച്ച് 31-ന് സർവീസിൽനിന്നു വിരമിച്ചു.
വിവിധ അന്വേഷണ കമ്മിഷനുകളുടെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ഇയാളുടെ പെൻഷൻ തുകയിൽനിന്നു സർക്കാരിന് നഷ്ടമായ തുക മാസംതോറും 200 രൂപ വെച്ച് അഞ്ചുവർഷത്തേക്ക് ഈടാക്കാൻ വിധിച്ചത്. ലക്ഷങ്ങൾ തട്ടിച്ച ഉദ്യോഗസ്ഥനിൽനിന്നു അഞ്ചുവർഷം കൊണ്ട് 12,000 രൂപ മാത്രമേ സർക്കാരിന് തിരികെ ലഭിക്കൂ. അത്രയും കൊണ്ട് തൃപ്തിപ്പെടുമ്പോൾ നെഞ്ചു വിരിച്ച് നടക്കുന്നത് അഴിമതിക്കാരായ ഉദ്യോഗസ്ഥരാണ്.
ഇടുക്കി ജില്ലയിലെ മുൻ ശുചിത്വമിഷൻ പ്രോജക്ട് ഓഫീസറായിരുന്ന വി.കെ.ചന്ദ്രശേഖരനെതിരെ അതിശക്തമായ റിപ്പോർട്ടുണ്ടെങ്കിലും ഇയാളെ ക്രിമിനൽ കേസിൽ വിചാരണ ചെയ്ത് ജയിൽ അടയ്ക്കാൻ പോലും സർക്കാർ തയ്യാറല്ല. പെൻഷൻ പറ്റിയതിന്റെ ആനുകൂല്യത്തിൽ രക്ഷിക്കാനാണ് നീക്കം. ഇതാണ് വിവാദമാകുന്നത്.