
പ്രാതലിന് നല്ല സോഫ്റ്റ് പുട്ടും കടലക്കറിയും ഓർക്കുമ്പോഴേ നാവിൽ വെള്ളം ഊറും.തൊട്ടാല്‍ പൂ പോലെ മൃദുലമായ പുട്ടിന്‍റെ രഹസ്യം, ചായക്കടക്കാര്‍ക്കും ഹോട്ടലുകാര്‍ക്കും മാത്രം സ്വന്തമെന്നു കരുതിയോ? വീട്ടിലും അതേ മയത്തിലും രുചിയിലും പുട്ട് ഉണ്ടാക്കാം. അതിനുള്ള പൊടി കടയില്‍ നിന്നും വാങ്ങേണ്ട, അതും വീട്ടില്‍ തന്നെ തയ്യാറാക്കാം.
സാധാരണ പച്ചരിയാണ് പുട്ടുപൊടി ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നത്. എന്നാല്‍, ചോറ് വയ്ക്കുന്ന അരി ഉപയോഗിച്ചാല്‍ പുട്ട് കുറച്ചുകൂടി രുചികരമാക്കാം. റേഷന്‍കടയില്‍ നിന്നും കിട്ടുന്ന അരി ഇതിനു വളരെ നല്ലതാണ്. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.
ചോറ് വയ്ക്കുന്ന വേവില്ലാത്ത അരി രണ്ടു ഗ്ലാസ് എടുത്ത്, ചൂടുള്ള വെള്ളത്തില്‍ കുതിര്‍ക്കുക. രണ്ടു മണിക്കൂറിനു ശേഷം, എടുത്ത് വെള്ളം കളയുക. പച്ചവെള്ളത്തിലാണ് കുതിര്‍ക്കുന്നതെങ്കില്‍ കൂടുതല്‍ നേരം വേണം കുതിര്‍ന്നു കിട്ടാന്‍. വെള്ളം കളഞ്ഞ ശേഷം, ഒരു കോട്ടന്‍ തുണി വിരിച്ച് അതിനു മുകളിലേക്കിട്ട്, അരി പൂര്‍ണ്ണമായും ഉണക്കി എടുക്കാം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉണങ്ങിയ ശേഷം, മിക്സിയുടെ ജാറില്‍ ഇട്ടു പൊടിച്ചെടുക്കുക. രണ്ടു ഗ്ലാസില്‍ കൂടുതല്‍ അരി ഇടാതെ ഇരിക്കുന്നതാണ് നല്ലത്. ചോറ് വയ്ക്കുന്ന അരി ആയതിനാല്‍ ഇത് മിക്സിയില്‍ പൊടിച്ചെടുക്കാന്‍ കുറച്ചു പ്രയാസമാണ്. അതിനാല്‍, വലിയ അളവില്‍ അരി ഇട്ടു പൊടിച്ചെടുക്കുകയാണെങ്കില്‍ മിക്സിയുടെ ബ്ലേഡ് കേടാകാന്‍ സാധ്യതയുണ്ട്.
പൊടിച്ച ശേഷം, അരിപ്പയില്‍ ഇട്ട് അരിച്ചെടുക്കാം. അരിപ്പയില്‍ ബാക്കി വരുന്ന വലിയ മണികള്‍ വീണ്ടും മിക്സിയില്‍ ഇട്ടു അടിക്കുക.
പൊടിച്ച ശേഷം വലിയൊരു പാത്രത്തിലേക്ക് ഇട്ട്, ചെറിയ തീയില്‍ വറുത്തെടുക്കാം.
പുട്ട് കൂടുതല്‍ സോഫ്റ്റാക്കാനായി ഉണക്കകപ്പയുടെ പൊടി കൂടി ഇതിലേക്ക് അല്‍പ്പം ചേര്‍ത്ത് മിക്സ് ചെയ്യാം.
ഈ പൊടി ചൂടാറിയ ശേഷം വെള്ളം തീരെ ഇല്ലാത്ത ഒരു പാത്രത്തിലേക്ക് എടുത്തുവയ്ക്കാം. ആവശ്യാനുസരണം ഈ പൊടി എടുത്ത് പുട്ടുണ്ടാക്കാം. ഈ പുട്ടുപൊടി കുഴയ്ക്കുമ്പോള്‍, പച്ചരി കൊണ്ടുണ്ടാക്കുന്ന പൊടിയെക്കാള്‍ കൂടുതല്‍ വെള്ളം ഈ പൊടിക്ക് ആവശ്യമുണ്ട് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക