video
play-sharp-fill

കോപ്പാ അമേരിക്ക: ബ്രസീലിന് ഉജ്വല വിജയം; നെയ്മറില്ലാതെ ആവേശ ജയം

കോപ്പാ അമേരിക്ക: ബ്രസീലിന് ഉജ്വല വിജയം; നെയ്മറില്ലാതെ ആവേശ ജയം

Spread the love

സ്പോട്സ് ഡെസ്ക്

സാവോ പോളോ∙ സൂപ്പർതാരം നെയ്മറിന്റെ പരുക്കിനും തങ്ങളുടെ കിരീട സ്വപ്നങ്ങളെ തളർത്താനാവില്ലെന്ന പ്രഖ്യാപനത്തോടെ കോപ്പ അമേരിക്കയിൽ ബ്രസീലിന് വിജയത്തുടക്കം. ഇന്നു രാവിലെ നടന്ന ഉദ്ഘാടന മൽസരത്തിൽ ബൊളീവിയയെയാണ് ബ്രസീൽ തകർത്തത്. എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് മഞ്ഞപ്പടയുടെ വിജയം. ഫിലിപ്പെ കുടീഞ്ഞോയുടെ ഇരട്ടഗോളും (50 – പെനൽറ്റി, 53), യുവതാരം എവർട്ടന്റെ കന്നി രാജ്യാന്തര ഗോളുമാണ് ബ്രസീലിന് അനായാസ ജയമൊരുക്കിയത്. ഇനി 19ന് വെനസ്വേലയ്ക്കെതിരെയാണ് ബ്രസീലിന്റെ അടുത്ത മൽസരം. അന്നു തന്നെ ബൊളീവിയ പെറുവിനെയും നേരിടും.

പന്തടക്കത്തിലും പാസിങ്ങിലും ആക്രമണത്തിലും എന്നുവേണ്ട കളിയുടെ സമസ്ത മേഖലകളിലും ആധിപത്യം പുലർത്തിയാണ് മഞ്ഞപ്പടയുടെ ആധികാരിക ജയം. താരതമ്യേന നിറംകെട്ടു പോയ ആദ്യപകുതിയിൽ ഗോളൊന്നും നേടാനാകാതെ പോയതിന്റെ ക്ഷീണം തീർത്താണ് രണ്ടാം പകുതിയിൽ ബ്രസീൽ മൂന്നു ഗോളുകളുമായി കളം നിറഞ്ഞത്. രണ്ടാം പകുതിയുടെ തുടക്കത്തിൽത്തന്നെ ബാർസിലോന താരം ഫിലിപ്പെ കുടീഞ്ഞോ മൂന്നു മിനിറ്റിനിടെ നേടിയ ഇരട്ടഗോളാണ് മൽസരത്തിൽ ബ്രസീലിന് ഉണർത്തുപാട്ടായത്. മൽസരം അവസാനിക്കാൻ മിനിറ്റുകൾ മാത്രം ശേഷിക്കെ തകർപ്പൻ ലോങ് റേഞ്ചറിലൂടെ രാജ്യാന്തര ഗോൾവേട്ടയ്ക്കു തുടക്കമിട്ട് എവർട്ടൻ പട്ടിക പൂർത്തിയാക്കി. ഡേവിഡ് നിറെസിനു പകരക്കാരനായിറങ്ങിയതിന്റെ തൊട്ടടുത്ത മിനിറ്റിലായിരുന്നു എവർട്ടന്റെ ഗോൾ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരിശീലകൻ ടിറ്റെയ്ക്കു കീഴിലിറങ്ങിയ 37 മൽസരങ്ങളിൽ ബ്രസീൽ നേടുന്ന 30–ാം വിജയം കൂടിയായി ഇത്. അഞ്ചു മൽസരങ്ങൾ സമനിലയിലായപ്പോൾ ടിറ്റെയുടെ പരിശീലനത്തിൽ ഇതുവരെ രണ്ടു മൽസരം മാത്രമാണ് ബ്രസീൽ തോറ്റത്. അതിലൊന്ന് കഴിഞ്ഞ വർഷത്തെ ലോകകപ്പ് ക്വാർട്ടറിൽ ബൽജിയത്തിനെതിരെ ആയിരുന്നു. ടിറ്റെയ്ക്കു കീഴിൽ ഒരു മൽസരത്തിൽ ഒന്നിലധികം ഗോൾ വഴങ്ങിയതും ഈ മൽസരത്തിൽ മാത്രം (ലോകകപ്പ് ക്വാർട്ടറിൽ 1–2നാണ് ബ്രസീൽ തോറ്റത്). 27 മൽസരങ്ങളിൽ ടിറ്റെയുടെ ബ്രസീൽ ഗോൾ വഴങ്ങിയിട്ടുമില്ല.