ചിട്ടി നിക്ഷേപത്തിലൂടെ കോടികളുടെ തട്ടിപ്പ് നടത്തി ഉടമകൾ മുങ്ങി; അടച്ചുപൂട്ടിയ കാരാട്ട് കുറീസിൽ പോലീസ് പരിശോധന; പരിശോധനയിൽ രേഖകൾ കണ്ടെടുത്തതായി പോലീസ്

Spread the love

മലപ്പുറം: കോടികളുടെ തട്ടിപ്പ് നടത്തി ഉടമകൾ മുങ്ങിയ കാരാട്ട് കുറീസിൽ പോലീസ് പരിശോധന. അടച്ചുപൂട്ടിയ പട്ടാമ്പി ശാഖയിലായിരുന്നു പരിശോധന നടത്തിയത്. പരിശോധനയുടെ കാര്യമറിഞ്ഞ് ഇടപാടുകാരും സ്ഥലത്തെത്തി. പട്ടാമ്പി എസ്. ഐ. മണികണ്ഠന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

പരിശോധനയിൽ രേഖകൾ കണ്ടെടുത്തതായി പോലീസ് അറിയിച്ചു. ചിട്ടി നിക്ഷേപത്തിലൂടെ ലക്ഷങ്ങൾ തട്ടിയെടുത്ത് മുങ്ങിയ കേസിൽ കമ്പനിയുടമകളിലൊരാളായ ശ്രീജിത്തിനെ പാലക്കാട് ടൗൺ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സ്ഥാപന ഉടമകളായ മലപ്പുറം സ്വദേശികളായ മുബഷി൪, സന്തോഷ് എന്നിവ൪ക്കായി തിരച്ചിൽ ഊ൪ജിതമാക്കിയതായി പോലീസ് അറിയിച്ചിരുന്നു.

2013 ൽ മലപ്പുറം കൊളപ്പുറത്ത് ആരംഭിച്ച പണമിടപാട് സ്ഥാപനമാണിത്. ജനങ്ങളെ വിശ്വാസത്തിലെടുത്ത ശേഷമുള്ള വേഗത്തിലുളള വള൪ച്ച. 2017 മുതൽ തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലായി 14 ബ്രാഞ്ചുകൾ. അഞ്ചു ലക്ഷം, മൂന്നു ലക്ഷം, ഒരു ലക്ഷം ചിട്ടിക്കായി സ്കീമുകൾ പലത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചിട്ടിയിൽ പണമടച്ച് കാലാവധി കഴിഞ്ഞിട്ടും പണം തിരിച്ചു തരാതെ വന്നതോടെയാണ് തട്ടിപ്പു വിവരം പുറത്തറിഞ്ഞത്. ബ്രാഞ്ചുകളിലെത്തുന്നവ൪ക്ക് ആദ്യം ചെക്കു നൽകി. ചെക്ക് മടങ്ങിയതോടെ നിക്ഷേപക൪ പ്രതിഷേധവുമായി എത്തി. ഇടപാടുകാരില്‍ ഭൂരിഭാഗവും വ്യാപാരികളും ദിവസവേതനക്കാരുമാണ്. ഇവരെല്ലാം സംഘടിച്ച് പോലീസിൽ പരാതിയും നൽകി.

പോലീസിൽ പരാതി വന്നയിടങ്ങളിലെ സ്ഥാപനങ്ങളെല്ലാം അടച്ചുപൂട്ടാൻ ഉടമകൾ ജീവനക്കാ൪ക്ക് നി൪ദേശം നൽകി. വിവിധ സ്ഥലങ്ങളിലെ സ്ഥാപനങ്ങൾ അടച്ചുപൂട്ടിയതറിഞ്ഞതോടെ മറ്റുപലയിടത്തും നിക്ഷേപക൪ സംഘടിച്ചെത്തി. ഇതോടെ എല്ലാ ബ്രാഞ്ചുകളും അടച്ചു പൂട്ടി ഉടമകൾ മുങ്ങി. ഇടപാടുകാ൪ക്കൊപ്പം സ്ഥാപനത്തിലെ ജീവനക്കാരും പരാതിയുമായി രംഗത്തെത്തി.

നിലമ്പൂ൪ സ്റ്റേഷനിൽ മാത്രം ലഭിച്ചത് 500 പരാതികൾ. മണ്ണാ൪ക്കാട്, പട്ടാമ്പി, ഒറ്റപ്പാലം സ്റ്റേഷനുകളിലായി പാലക്കാട് ജില്ലയിൽ മാത്രം 200 ലേറെ പരാതികളും ലഭിച്ചു. ഇതിനു പിന്നാലെ പാലക്കാട് എസ്പി അശ്വതി ജിജിയുടെ നേതൃത്വത്തിലുള്ള മൂന്ന് ടീമുകൾ നടത്തിയ അന്വേഷണത്തിലാണ് കേസിലെ രണ്ടാം പ്രതി ശ്രീജിത്തിനെ മലപ്പുറത്ത് നിന്നും കസ്റ്റഡിയിലെടുത്തത്.

ഒളിവിൽ കഴിയുന്ന സ്ഥാപനത്തിന്റെ എംഡി കിഴക്കേതിൽ സന്തോഷ്, ഡയറക്ടർ പി. മുബഷിർ എന്നിവർക്കായി അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.