നാളെ പകല്‍ സമയം വീടുകളില്‍ തന്നെ കഴിയണം; കടകള്‍ അടച്ചിടണം; സമീപത്തായി ഓക്‌സിജന്‍ കിയോസ്‌ക് സജ്ജീകരിക്കാൻ നിര്‍ദേശം നൽകി; ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിലെ തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുമെന്നും കളക്ടര്‍

Spread the love

സ്വന്തം ലേഖിക

കൊച്ചി: ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റില്‍ തീ ആളിക്കത്തുന്നത് നിയന്ത്രണവിധേയമായിട്ടുണ്ടെന്നും തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കുമെന്നും എറണാകുളം ജില്ലാ കളക്ടര്‍ രേണുരാജ്.

ഹെലികോപ്‌ടര്‍ സംവിധാനം ഉപകാരപ്രദമാകുന്നില്ല. അതിനാല്‍ അഗ്നിരക്ഷാസേന തന്നെ തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുമെന്നും കളക്ടര്‍ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവില്‍ 20 ഫയര്‍ എഞ്ചിന്‍ യൂണിറ്റുകളാണ് സ്ഥലത്ത് പ്രവര്‍ത്തിക്കുന്നത്. ഇതിന് പുറമേ രണ്ട് ഫയര്‍ എഞ്ചിന്‍ യൂണിറ്റുകള്‍കൂടി സ്ഥലത്തെത്തും.

പുഴയില്‍ നിന്ന് വെള്ളം പമ്പ് ചെയ്ത് തീ അണയ്ക്കാന്‍ ശ്രമിക്കും. ഇതിനായി ശക്തിയുള്ള മോട്ടോറുകള്‍ ആവശ്യമാണ്. ഇത് ആലപ്പുഴയില്‍ നിന്ന് എത്തിക്കും.

ചെറിയ ഡീസല്‍ പമ്പുകള്‍ എത്തിക്കാന്‍ കൊച്ചി കോര്‍പ്പറേഷന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
നാളെ ബ്രഹ്മപുരം നിവാസികളും സമീപപ്രദേശത്ത് താമസിക്കുന്നവരും പകല്‍സമയങ്ങളില്‍ അത്യാവശ്യ സാഹചര്യങ്ങളില്‍ അല്ലാതെ പുറത്തിറങ്ങരുത്.

ആരോഗ്യവകുപ്പിന്റെ നിര്‍ദേശപ്രകാരമാണിത്. നാളെ അതാവശ്യമല്ലെങ്കില്‍ കടകളും അടച്ചിടണം. വ്യാപാരികളും പൊതുജനങ്ങളും പ്രവര്‍ത്തനങ്ങളോട് സഹകരിക്കണമെന്നും കളക്ടര്‍ വ്യക്തമാക്കി.

തീ കത്തുന്നത് തുടരുന്ന സാഹചര്യത്തില്‍ ഇതുമായി ബന്ധപ്പെട്ട് വേണ്ട ക്രമീകരണങ്ങള്‍ നടത്താന്‍ സമീപത്തെ ആശുപത്രികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ ബ്രഹ്മപുരത്തിന് സമീപത്തായി ഓക്‌സിജന്‍ കിയോസ്‌ക് സജ്ജീകരിക്കാനുള്ള നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു.