
സ്വന്തം ലേഖകൻ
പറ്റ്‌ന: ബാങ്ക് അക്കൗണ്ടില്‍ നിന്ന് 500 രൂപ പിന്‍വലിക്കാന്‍ പോയതാണ് ഒൻപതാം ക്ലാസുകാരന്‍. എന്നാല്‍ പണമെടുത്ത ശേഷം അക്കൗണ്ട് പരിശോധിച്ച പയ്യനും കുടുംബവും ഞെട്ടി. 87.65 കോടി രൂപയാണ് അക്കൗണ്ടില്‍ ബാലന്‍സ് കാണിച്ചിരുന്നത്. ബിഹാറിലെ മുസാഫര്‍പുരിലാണ് സംഭവം.
വ്യക്തിപരമായ ആവശ്യത്തിനായി അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കാനാണ് ഒൻപതാം ക്ലാസുകാരനായ സൈഫ് അലി സൈബര്‍ കഫേയിലെത്തിയത്. എന്നാല്‍ പണം പിന്‍വലിച്ച ശേഷം പരിശോധിച്ചപ്പോഴാണ് കോടികള്‍ അക്കൗണ്ട് ബാലന്‍സായി കണ്ടത്. കഫേ മുതലാളിയും ഇതുകണ്ട് അമ്പരന്നു. ഇരുവരും ഒരുവട്ടം കൂടി പരിശോധിച്ചെങ്കിലും അക്കൗണ്ട് ബാലന്‍സില്‍ വ്യത്യാസമുണ്ടായില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടര്‍ന്ന് വിദ്യാര്‍ഥി അമ്മയെ വിവരം അറിയിച്ചു. അമ്മ ഗ്രാമത്തിലെ മറ്റൊരാളെ സംഭവം അന്വേഷിക്കാന്‍ ഏല്‍പ്പിച്ചു. തുടര്‍ന്ന് ഇയാള്‍ കസ്റ്റമര്‍ സര്‍വ്വീസിലെത്തി ബാങ്ക് സ്റ്റേറ്റ്മെന്റ് പരിശോധിച്ചപ്പോള്‍ 87.65 കോടി അക്കൗണ്ടില്‍ ഇല്ലെന്നും, യഥാര്‍ത്ഥ ബാലന്‍സായ 532 രൂപ മാത്രമാണ് അക്കൗണ്ടിലുള്ളതെന്നും കണ്ടെത്തി.
അഞ്ച് മണിക്കൂര്‍ മാത്രമാണ് ഇത്രയും വലിയ തുക ഒമ്പതാം ക്ലാസുകാരന്റെ അക്കൗണ്ടില്‍ ഉണ്ടായിരുന്നത്. സംഭവം അറിയിക്കാനായി സൈഫ് അലിയുടെ കുടുംബം ബാങ്കില്‍ എത്തിയപ്പോള്‍ ബാലന്‍സ് പഴയപടിയായെന്ന് ബാങ്ക് അധികൃതരും വ്യക്തമാക്കി.
സംഭവത്തില്‍ ബാങ്ക് അധികൃതര്‍ വ്യക്തമായ മറുപടി നല്‍കിയിട്ടില്ല. ഇത്രയും വലിയ തുക എങ്ങനെയാണ് വിദ്യാര്‍ഥിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തിയത് എന്ന കാര്യത്തില്‍ നോര്‍ത്ത് ബിഹാര്‍ ഗ്രാമീണ്‍ ബാങ്ക് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



