ബോക്‌സിംഗ് ഡേ ടെസ്റ്റ്: മൂന്നാം ദിനം ആദ്യ സെഷനിൽ ഓസീസിനെ എറിഞ്ഞിട്ട് ഇന്ത്യൻ പേസർമാർ; ഇതുവരെ വീണത് നാല് വിക്കറ്റ്; വിജയപ്രതീക്ഷയിൽ ഇന്ത്യ
സ്‌പോട്‌സ് ഡെസ്‌ക്
മെൽബൺ: ഓസ്‌ട്രേലിയക്കെതിരായ ബോക്‌സിംഗ് ഡേ ടെസ്റ്റിന്റെ മൂന്നാം ദിനം ഓസീസ് മുൻ നിരയെ എറിഞ്ഞിട്ട് ഇന്ത്യൻ പേസർമാർ. ജസ്പ്രീത് ബുംറയുടെയും ഇഷാന്ത് ശർമ്മയുടെയും പേസ് ആക്രമണത്തിനു മുന്നിൽ ഓസ്‌ട്രേലിയ തകർന്നടിഞ്ഞു. ലഞ്ചിന് പിരിഞ്ഞപ്പോൾ 89 റണ്ണെടുക്കുന്നതിനിടെ ഓസ്‌ട്രേലിയയുടെ നാല് വിക്കറ്റ് നഷ്ടമായിട്ടുണ്ട്. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 443 ൽ നിന്ന് 354 റൺ അകലെയാണ് ഓസ്‌ട്രേലിയ ഇപ്പോൾ. കളിയുടെ രണ്ടു ദിനം ബാക്കി നിൽക്കേ ഇന്ത്യയ്ക്ക് ഇതോടെ വിജയ പ്രതീക്ഷ ഏറി.
രണ്ടാം ദിനത്തിലെ അവസാന ആറ് ഓവർ ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ വിക്കറ്റ് നഷ്ടപ്പെടുത്താതെ എട്ട് റണ്ണാണ് എടുത്തത്. രണ്ടാം ദിനത്തിൽ തന്നെ ബുംറയുടെയും ഇഷാന്തിന്റെയും കുത്തി ഉയരുന്ന പന്തുകളെ അറച്ച് പ്രതിരോധിച്ച ഓസീസ് മുൻ നിര ബാറ്റ്‌സ്മാൻമാർ മൂന്നാം ദിനവും അമിത പ്രതിരോധത്തിൽ തന്നെയായിരുന്നു. സ്വിങ് മനസിലാക്കി പേസുള്ള പന്തുകളെ വിട്ടു കളഞ്ഞാണ് ഓസ്‌ട്രേലിയ കളിച്ചത്. ഇന്ത്യ ആദ്യ ഇന്നിംഗ്‌സിൽ കളിച്ചതിലും വേഗം പരമാവധി കുറയ്ക്കാനായിരുന്നു ഓസീസിന്റെ ശ്രമം. പത്ത് ഓവർ വരെ ഈ ശ്രമം വിജയിക്കുകയും ചെയ്തു. പത്താം ഓവറിന്റെ മൂന്നാം പന്തിൽ ഇഷാന്തിന്റെ അൽപം വേഗം കൂടിയ പന്തിൽ ബാറ്റ് വച്ച ആരോൺ ഫിഞ്ച് (36 പന്തിൽ 8) മായങ്ക് അഗർവാളിന്റെ കിടിലൻ ക്യാച്ചിൽ കുടുങ്ങി പുറത്താകുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഫിഞ്ചിന്റെ സഹ ഓപ്പണർ എം.എസ് ഹാരിസ് അൽപം കൂടി ആക്രമണ ത്വരയോടെയാണ് കളിച്ചത്. 35 പന്തിൽ രണ്ട് ഫോറുകൾ അടക്കം 22 റണ്ണെടുത്ത് റൺ നിരക്ക് വേഗത്തിലാക്കാനായിരുന്നു ഹാരിസിന്റെ ശ്രമം. എന്നാൽ, ബുംറയുടെ ഒരു ഷോട്ട് പിച്ച് പന്തിന്റെ വേഗവും സ്വിംഗും കണക്ക് കൂട്ടുന്നതിൽ ഹാരീസിന് പിഴച്ചതോടെ കഥ കഴിഞ്ഞു. ബൗണ്ടറി ലൈനരികിൽ നിന്ന് ഇഷാന്തിന് അനായാസ ക്യാച്ച് നൽകി ഹാരിസ് മടങ്ങുമ്പോൾ ഓസീസ് സ്‌കോർ 36 ൽ എത്തിയതേ ഉള്ളായിരുന്നു.
സ്‌കോർ 53 ൽ നിൽക്കേ 32 പന്തിൽ 21 റണ്ണെടുത്ത ഖവാജയെ മടക്കി ജഡേജ മറ്റൊരു പ്രഹരം ഓസീസിന് ഏൽപ്പിച്ചു. മായങ്ക് അഗർവാളിനു തന്നെയായിരുന്നു ക്യാച്ച്. 61 പന്തുകൾ പ്രതിരോധിച്ച് നിന്ന് 19 റൺ മാത്രമെടുത്ത ഷോൺ മാർഷിനെ വിക്കറ്റിനു മുന്നിൽ കുടുക്കി ബുംറ മടക്കിയതോടെ ഓസീസ് പ്രതിരോധത്തിന് പൂട്ട് വീണു.
ലഞ്ചിനു ശേഷമുള്ള സെഷനിൽ ബാറ്റിംഗ് തുടങ്ങിയ ഓസ്‌ട്രേലിയ രണ്ട് റൺ കൂടി ചേർത്തപ്പോഴേയ്ക്കും ഒരു വിക്കറ്റ് കൂടി നഷ്ടമായി. 47 പന്തിൽ 20 റണ്ണെടുത്ത ടിം ഹെഡിനെ ബുംറ ബൗൾഡ് ആക്കുകയായിരുന്നു. പതിനഞ്ച് പന്തിൽ ഒരു റണ്ണുമായി എം.ആർ മാർഷും, റണ്ണൊന്നുമെടുക്കാതെ ക്യാപ്റ്റൻ പെയിനുമാണ് ക്രീസിൽ.