
നവജാതശിശുവിനെ കൊന്നു; യുവതി അറസ്റ്റിൽ, കൊലപ്പെടുത്തിയത് മുലപ്പാൽ കൊടുത്ത ശേഷം നനഞ്ഞ തുണി കഴുത്തിൽ കെട്ടി
ചെറുതോണി: മുരിക്കാശേരി വാത്തിക്കുടിയില്‍ ജനിച്ചയുടന്‍ കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ അമ്മ അറസ്‌റ്റില്‍. അവിവാഹിതയും ബിരുദവിദ്യാര്‍ഥിനിയുമായ വാത്തിക്കുടി സ്വദേശിനിയാണ് അറസ്‌റ്റിലായത്. പ്രസവശേഷം കുഞ്ഞിനെ തുടച്ചു വൃത്തിയാക്കി മുലപ്പാല്‍ കൊടുത്തശേഷം നനഞ്ഞ തുണിയുപയോഗിച്ചു കഴുത്തുഞെരിച്ചു കൊല്ലുകയായിരുന്നുവെന്നു യുവതി പോലീസിനോടു സമ്മതിച്ചു. മുലപ്പാല്‍ അകത്തു ചെന്നതായി പോസ്‌റ്റുമാര്‍ട്ടത്തില്‍ തെളിഞ്ഞിട്ടുണ്ട്.
ഇന്നലെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്ന് ഡിസ്‌ചാര്‍ജ് ചെയ്‌തതിനു പിന്നാലെ യുവതിയെ കസ്‌റ്റഡിയിലെടുത്തു. പിന്നീട് യുവതിയുടെ വീട്ടിലെത്തി തെളിവുകള്‍ ശേഖരിച്ചു. ചൊവ്വാഴ്‌ച ഉച്ചകഴിഞ്ഞ് വീട്ടിലെ ശുചിമുറിയില്‍ വച്ചാണ് ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.
പിന്നീട് കുഞ്ഞിനെയുമെടുത്ത് പഠനമുറിയിലെത്തി തുണിയില്‍ കിടത്തിയശേഷം കത്രികകൊണ്ട് കുട്ടിയെ വേര്‍പെടുത്തി. പിന്നീട് ഡ്രസ് മാറിയശേഷം കുഞ്ഞിന് മുലപ്പാല്‍ കൊടുത്തു തുടച്ച് വൃത്തിയാക്കി. ഇതിനുശേഷം നനഞ്ഞ തുണി കഴുത്തില്‍ച്ചുറ്റി കൊല്ലുകയായിരുന്നുവെന്ന് യുവതി പോലീസിനോട് പറഞ്ഞു.
മൃതദേഹം പ്ലാസ്‌റ്റിക് കവറിനുള്ളിലാക്കി ബാഗില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. രാത്രിയില്‍ ജഡം മറവ് ചെയ്യാന്‍ ആണ്‍സുഹൃത്തിന്റെ സഹായം തേടി. ഇയാള്‍ വിവരമറിയിച്ചതനുസരിച്ച് പോലീസ് എത്തിയപ്പോഴാണ് സംഭവം വീട്ടുകാര്‍ അറിഞ്ഞത്. പരിശോധനയില്‍ കവറിനുള്ളില്‍ കുട്ടിയുടെ ജഡം കണ്ടെത്തി. കുട്ടി ചാപിള്ളയായിരുന്നുവെന്നാണ് യുവതി പോലീസിനോട് പറഞ്ഞത്. മണിയാറന്‍കുടിയിലുള്ള സുഹൃത്താണ് കുട്ടിയുടെ പിതാവെന്നും ഇയാള്‍ രണ്ടുമാസം മുമ്പ് ആത്മഹത്യ ചെയ്‌തതായും യുവതി പോലീസിനോട് പറഞ്ഞു.
സംശയം തോന്നിയ പോലീസ് യുവതിയെ ആശുപത്രിയിലാക്കുകയും കോട്ടയം മെഡിക്കല്‍ കോളജില്‍ കുട്ടിയുടെ പോസ്‌റ്റ്‌മോര്‍ട്ടം നടത്തുകയും ചെയ്‌തു. കഴുത്തിനേറ്റ ക്ഷതം മൂലമാണ് കുട്ടി മരിച്ചതെന്ന് പോസ്‌റ്റ്‌മോര്‍ട്ടത്തില്‍ സ്‌ഥിരീകരിച്ചതോടെയാണ് അറസ്‌റ്റിലേക്കു കടന്നത്.