play-sharp-fill
ബോംബ് പൊട്ടിയത് മൻസൂറിൻ്റെ കാലിൽ വീണ്: ബോംബ് വീണ് ചിതറിയ കാലിൽ നിന്നും രക്തം വാർന്നൊഴുകി മരണം: കൊലയ്ക്ക് പിന്നിൽ രാഷ്ട്രീയം തന്നെയെന്ന് പൊലീസ്

ബോംബ് പൊട്ടിയത് മൻസൂറിൻ്റെ കാലിൽ വീണ്: ബോംബ് വീണ് ചിതറിയ കാലിൽ നിന്നും രക്തം വാർന്നൊഴുകി മരണം: കൊലയ്ക്ക് പിന്നിൽ രാഷ്ട്രീയം തന്നെയെന്ന് പൊലീസ്

തേർഡ് ഐ ബ്യൂറോ

കണ്ണൂർ : കൂത്തുപറമ്പില്‍ മുസ്ലിംലീഗ് പ്രവര്‍ത്തകനായ മന്‍സൂറിനെ ബോംബെറിഞ്ഞ് കൊലപ്പെടുത്തിയതാണ് എന്നതിന് കൃത്യമായ തെളിവ് പുറത്ത്. മൻസൂർ കൊല്ലപ്പെട്ടത് ബോംബ് സ്ഫോടനത്തിലെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പ്രാഥമിക സൂചന ലഭിച്ചതോടെയാണ് ഇത് സംബന്ധിച്ച് വ്യക്തമായത്. ബോംബ് പൊട്ടി ഇടതുകാല്‍മുട്ടിന് താഴെയുണ്ടായ മുറിവാണ് മരണകാരണം. രക്തം വാര്‍ന്നുപോയതാവാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മന്‍സൂറിന്‍റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. പ്രാര്‍ഥനാ ചടങ്ങുകള്‍ക്കായി മൃതദേഹം സിഎച്ച്‌ സെന്‍റിലേക്ക് കൊണ്ടുപോയി.

അതേസമയം, മന്‍സൂര്‍ കൊല്ലപ്പെട്ടതിന് പിന്നില്‍ രാഷ്ട്രീയ പകയെന്ന് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍.ഇളങ്കോ പറഞ്ഞു. പത്തിലധികം പേരടങ്ങിയ സംഘമാണ് കൊല നടത്തിയതെന്നും ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരാളെ ഇതിനോടകം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് അന്വേഷിച്ച്‌ വരുകയാണെന്നും കമ്മീഷണര്‍ വ്യക്തമാക്കി. രാഷ്ട്രീയ പകയാണ് കൊലയ്ക്ക് പിന്നിലെന്നാണ് സംശയിക്കുന്നത്. കൂടുതല്‍ അന്വേഷണത്തിന് ശേഷമേ ഇതുമായി ബന്ധപ്പെട്ട സ്ഥിരീകരണങ്ങള്‍ നടത്താന്‍ സാധിക്കുകയുള്ളുവെന്നും കമ്മീഷണര്‍ പറഞ്ഞു.

ഇതിനിടെ കൊലയ്ക്കു പിന്നില്‍ കൃത്യമായ ആസൂത്രണമുണ്ടെന്നതിന്റെ ശബ്ദരേഖ പുറത്തുവന്നു. തക്കം നോക്കി കൊലപ്പെടുത്തിയെന്ന മന്‍സൂറിന്‍റെ കുടുംബത്തിന്‍റെ പരാതിയും അന്വേഷണ പരിധിയില്‍ വരുമെന്നും കമ്മീഷണര്‍ പറഞ്ഞു.

വോട്ടെടുപ്പ് ദിനം രാത്രി എട്ട് മണിയോടെയാണ് പാനൂരില്‍ ലീഗ് പ്രവര്‍ത്തകന് നേരെ ആക്രമണമുണ്ടായത്. ഓപ്പണ്‍ വോട്ട് സംബന്ധിച്ച തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. വീടിന് മുന്നില്‍വെച്ച്‌ ബോംബെറിഞ്ഞ ശേഷം മന്‍സൂറിനെ അക്രമികള്‍ വെട്ടിവീഴ്ത്തുകയായിരുന്നു. സഹോദരന്‍ മുഹ്സിനും വെട്ടേറ്റു. പരിക്കേറ്റ ഇരുവരെയും ആദ്യം തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മന്‍സൂറിന്റെ നില ഗുരുതരമായതിനാല്‍ പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ചികിത്സയിലിരിക്കെ ബുധനാഴ്ച പുലര്‍ച്ചെയോടെയാണ് മന്‍സൂര്‍ മരിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് ഒരു സിപിഎം പ്രവര്‍ത്തകനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മന്‍സൂറിന്റെ അയല്‍വാസിയുമായ ഷിനോസാണ് പിടിയിലായത്.