കോട്ടയത്ത് ബോംബ് ഭീഷണി എന്നത് വ്യാജ വാർത്ത: നാലു ദിവസം മുൻപ് വന്ന ഭീഷണി സന്ദേശം വ്യാജമെന്ന് പൊലീസ് കണ്ടെത്തി; വ്യാജ വാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടിയ്‌ക്കൊരുങ്ങി പൊലീസ്; വ്യാജ സന്ദേശം പ്രചരിപ്പിച്ച വാട്‌സ്അപ്പ് ഗ്രൂപ്പുകൾ നിരീക്ഷണത്തിൽ

കോട്ടയത്ത് ബോംബ് ഭീഷണി എന്നത് വ്യാജ വാർത്ത: നാലു ദിവസം മുൻപ് വന്ന ഭീഷണി സന്ദേശം വ്യാജമെന്ന് പൊലീസ് കണ്ടെത്തി; വ്യാജ വാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടിയ്‌ക്കൊരുങ്ങി പൊലീസ്; വ്യാജ സന്ദേശം പ്രചരിപ്പിച്ച വാട്‌സ്അപ്പ് ഗ്രൂപ്പുകൾ നിരീക്ഷണത്തിൽ

സ്വന്തം ലേഖകൻ

കോട്ടയം: കോട്ടയം ജില്ലയിലും ബോംബ് സ്‌ഫോടനം നടത്താൻ ഭീകരർ പദ്ധതിയിട്ടു എന്ന രീതിയിൽ പ്രചരിക്കുന്നത് വ്യാജ സന്ദേശമെന്ന് പൊലീസ്. നാലു ദിവസം മുൻപ് സംസ്ഥാന പൊലീസ് മേധാവിയ്ക്ക് ലഭിച്ച സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ നൽകിയിരുന്ന ജാഗ്രതാ നിർദേശം പിൻവലിച്ച ശേഷമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ അടക്കം വ്യാജ വാർത്ത പ്രചരിക്കുന്നത്. തലയോലപ്പറമ്പ് സ്വദേശിയായ ഷുക്കൂർ എന്നയാണ് വിവിധ സ്ഥലങ്ങളിൽ ബോംബ് സ്‌ഫോടനം നടത്തുമെന്നായിരുന്നു സംസ്ഥാന പൊലീസ് മേധാവിയ്ക്ക് ലഭിച്ച സന്ദേശം. തുടർന്നാണ് ജാഗ്രതാ നിർദേശം പൊലീസ് നൽകിയത്. എന്നാൽ, ജാഗ്രതാ നിർദേശം പിൻവലിച്ച ശേഷമാണ് ഇപ്പോൾ ബോംബ് ഭീഷണി എന്ന പേരിൽ വ്യാജ വാർത്ത പ്രചരിക്കുന്നത്. ഇത്തരത്തിൽ വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുന്നതിനാണ് ജില്ലാ പൊലീസ് തീരുമാനിച്ചിരിക്കുന്നത്. വ്യാജ സന്ദേശം പ്രചരിപ്പിക്കുന്ന വാട്‌സ്അപ്പ് ഗ്രൂപ്പുകൾ നീരീക്ഷിക്കുന്നതിനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.
നാലു ദിവസം മുൻപാണ് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബഹ്‌റയുടെ ഓഫിസിലേയ്ക്ക് ഇന്റർനെറ്റ് കോൾ വഴി ഭീഷണി സന്ദേശം എത്തിയത്. കോട്ടയം ജില്ലയിലെ തന്ത്രപ്രധാനമേഖലകളിൽ ബോംബ് പൊട്ടിക്കാൻ തലയോലപ്പറമ്പ് സ്വദേശിയായ ഷുക്കൂർ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നായിരുന്നു പൊലീസിന് ലഭിച്ച സന്ദേശം. തുടർന്ന് റെയിൽവേ സ്റ്റേഷനിലും ജില്ലാ കളക്ടറേറ്റിലും അടക്കമുള്ള സ്ഥലങ്ങളിൽ ജില്ലാ പൊലീസിന്റെ ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും അടക്കമുള്ള സംഘം പരിശോധന നടത്തുകയും ചെയ്തിരുന്നു.
തുടർന്ന് തലയോലപ്പറമ്പ് സ്വദേശിയായ ഷുക്കറിനെ കണ്ടെത്തി ചോദ്യം ചെയ്യുകയും തുടർന്ന് വിശദമായ പരിശോധനയ്ക്ക് വിധേയനാക്കുകയും ചെയ്തിരുന്നു. തുടർന്ന് ഭീഷണി സന്ദേശം വ്യാജമാണെന്ന് കണ്ടെത്തിയിരുന്നതായി ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ തേർഡ് ഐ ന്യൂസ് ലൈവിനോടു പറഞ്ഞു. തുടർന്ന് പൊലീസ് ഭീഷണി സന്ദേശം വ്യാജമാണെന്ന് ഉറപ്പിച്ച് തിരച്ചിലും ബോംബ് പരിശോധനകളും അവസാനിപ്പക്കുകയും ചെയ്തിരുന്നു.
ശ്രീലങ്കൻ സ്‌ഫോടനവുമായി ബന്ധപ്പെട്ട് കോട്ടയത്തും കഴിഞ്ഞ ഈസ്റ്റർ ദിനത്തിനു ശേഷം പൊലീസ് അതീവ ജാഗ്രത പുലർത്തുന്നുണ്ട്. എല്ലാ ദിവസവും റെയിൽവേ സ്റ്റേഷനുകളിൽ അടക്കം പൊലീസ് നിരീക്ഷണം ശക്തമാണ്. ഇതിനിടെയാണ് ഇപ്പോൾ വ്യാജ സന്ദേശം ലഭിച്ചിരിക്കുന്നത്. ഇന്റർനെറ്റ് കോൾ വഴി വിളിച്ചത് ഷുക്കൂറിനോട് ശത്രുതയുള്ള ആളാണോ എന്നാണ് പൊലീസ് സംശയിക്കുന്നത്. ഇയാളെ കണ്ടെത്താൻ സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.