കറുകച്ചാലിൽ വൻ സ്‌ഫോടക വസ്തു ശേഖരം പിടിച്ചെടുത്തു: പിടിച്ചെടുത്തത് സ്വകാര്യ ഗോഡൗണിൽ നിന്ന്; 250 ഡിറ്റനേറ്ററും, അഞ്ചു കിലോ വെടിമരുന്നും

കറുകച്ചാലിൽ വൻ സ്‌ഫോടക വസ്തു ശേഖരം പിടിച്ചെടുത്തു: പിടിച്ചെടുത്തത് സ്വകാര്യ ഗോഡൗണിൽ നിന്ന്; 250 ഡിറ്റനേറ്ററും, അഞ്ചു കിലോ വെടിമരുന്നും

സ്വന്തം ലേഖകൻ

കോട്ടയം: കറുകച്ചാലിലെ സ്വകാര്യ ഗോഡൗണിൽ നിന്നും വൻ സ്‌ഫോടക വസ്തു ശേഖരം ജില്ലാ പൊലീസ് മേധാവിയുടെ ആന്റി ഗുണ്ടാ സ്‌ക്വാഡ് സംഘം പിടിച്ചെടുത്തു. 250 ഡിറ്റനേറ്ററും, 82 ജെല്ലുകളും, അഞ്ചു കിലോ വെടിമരുന്നും പിടിച്ചെടുത്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഗോഡൗൺ ഉടമയായ ഒരാൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. വൈകുന്നേരത്തോടെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയേക്കും.
തിരഞ്ഞെടുപ്പിനു മുന്നോടിയായി ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിന്റെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പരിശോധന നടത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് കറുകച്ചാലിലും പരിശോധന നടത്തിയത്. കറുകച്ചാൽ നെടുംങ്കുന്നത്ത് സന്തോഷിന്റെ ഉടമസ്ഥതയിലുള്ള കളരിക്കൽ ഹാർഡ് വെയേഴ്‌സിൽ വൻ സ്‌ഫോടക വസ്തു ശേഖരം അനധികൃതമായി സൂക്ഷിച്ചിരിക്കുന്നതായി ജില്ലാ പൊലീസ് മേധാവിയ്ക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്നു പൊലീസ് സംഘം ഈ ഗോഡൗണിൽ പരിശോധന നടത്തുകയായിരുന്നു. തുടർന്നാണ് ഇവിടെ നിന്നും സ്‌ഫോടക വസ്തുക്കളും, ഡിറ്റനേറ്ററും അടക്കമുള്ളവ പിടിച്ചെടുത്തത്.
പ്രദേശത്തെ പാറമടകളിലേയ്ക്ക് അടക്കം വിതരണം ചെയ്യുന്നതിനായി എത്തിച്ചതാണ് സ്‌ഫോടക വസ്തുക്കൾ എന്നാണ് സൂചന. സ്‌ഫോടക വസ്തുക്കളുടെ ഉറവിടം അടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്. മൂന്നു വർഷം മുൻപു വരെ ഇവർക്ക് സ്‌ഫോടക വസ്തുക്കൾ വിൽക്കുന്നതിനു ലൈസൻസുണ്ടായിരുന്നു. എന്നാൽ, ഇതിനു ശേഷം ഈ ലൈസൻസ് റദ്ദായി. പുതുക്കാൻ നൽകിയെങ്കിലും ഇതുവരെ അനുമതി ലഭിച്ചിരുന്നില്ല. ഇതിനിടെയാണ് ഇപ്പോൾ വീണ്ടും ഇവർ വെടിമരുന്ന് സൂക്ഷിച്ചിരിക്കുന്നത്.