തലശ്ശേരി ബോംബ് സ്ഫോടനം; സംഭവത്തില്‍ അന്വേഷണം ഊര്‍ജിതം, സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകര്‍ക്കുന്നു, ബോംബ് നിര്‍മ്മാണം നടത്തുന്നവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെന്ന് മുഖ്യമന്ത്രി നിയമസഭയിൽ
തിരുവനന്തപുരം: തലശ്ശേരി എരഞ്ഞോളിയിൽ സ്റ്റീല്‍ ബോംബ് പൊട്ടി വയോധികന്‍ മരിച്ച സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
വെടിമരുന്നുകളും സ്‌ഫോടക സാമഗ്രികളും ദുരുപയോഗം ചെയ്ത് ബോംബ് നിര്‍മ്മാണം നടത്തുന്നവര്‍ക്കെതിരെ മുഖം നോക്കാതെ നടപടി എടുക്കാൻ സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയതായും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. സണ്ണി ജോസഫ് എംഎൽഎയുടെ അടിയന്തരപ്രമേയത്തിന് മറുപടി നൽകുകയായിരുന്നു.
ഇന്നലെയാണ് കണ്ണൂർ എരഞ്ഞോളി കുടക്കളം റോഡിൽ പഞ്ചായത്ത് ഓഫിസിന് സമീപം ആയിനിയാട്ട് മീത്തൽ പറമ്പിൽ വീട്ടിൽ വേലായുധൻ ബോംബ് പൊട്ടി മരിച്ചത്. സംഭവത്തിൽ പോലീസ് സ്വാഭാവിക മരണത്തിന് കേസെടുത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എക്‌സ്‌പ്ലോസീവ് സബ്സ്റ്റന്‍സസ് ആക്ട് പ്രകാരമുള്ള വകുപ്പുകള്‍ ഉള്‍ക്കൊള്ളിച്ച് ക്രൈം നം. 607/2024 ആയി തലശ്ശേരി പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിച്ചു വരികയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബോംബ് ഡിറ്റക്ഷന്‍ ആൻഡ് ഡിസ്‌പോസല്‍ സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ് എന്നിവയെ ഉള്‍പ്പെടുത്തി വാഹനപരിശോധനകൾ വ്യാപകമാണ്.
സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള നീക്കങ്ങൾ തടയുന്നതിന് ശക്തമായ നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി അറിയിച്ചു. ആൾതാമസമില്ലാത്ത വീട്ടുപറമ്പിൽ തേങ്ങ പെറുക്കാനെത്തിയ വേലായുധൻ, മുറ്റത്ത് കിടന്ന സ്റ്റീൽ പാത്രം ബോംബാണെന്നറിയാതെ തുറക്കവെ ഉഗ്രശബ്ദത്തിൽ പൊട്ടിത്തെറിക്കുകയായിരുന്നു.
ചൊവ്വാഴ്ച ഉച്ചക്ക് ഒരു മണിയോടടുത്താണ് നാടിനെ നടുക്കിയ സംഭവം. കോൺഗ്രസ് നേതാവായിരുന്ന അന്തരിച്ച കണ്ണോളി വി.എം. മോഹൻദാസും കുടുംബവും താമസിച്ച വീട്ടിന് മുന്നിലായിരുന്നു സ്ഫോടനം. കുടുംബം പുതിയ വീട്ടിലേക്ക് താമസം മാറിയതിനാൽ നാലുവർഷത്തോളമായി വീട് പൂട്ടിക്കിടക്കുകയായിരുന്നു. ഈ വീട്ടിന്റെ ഏതാനും വീടുകൾക്കപ്പുറമാണ് മരിച്ച വേലായുധന്റെ വീട്.
അതിനിടെ, പാനൂരിൽ നിർമാണത്തിനിടെ ബോംബ് പൊട്ടി ഒരു ഡിവൈഎഫ്ഐ പ്രവർത്തകൻ മരിക്കുകയും 3 പേർക്കു പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ കുറ്റക്കാരായ 15 പേരെയും അറസ്റ്റു ചെയ്ത് നിയമനടപടികള്‍ സ്വീകരിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.
ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും അനധികൃത നിർമാണവും ശേഖരണവും തടയുന്നതിനും കണ്ടെത്തുന്നതിനുമായി ക്വാറി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിരന്തരം റെയ്ഡുകള്‍ നടത്തി ആവശ്യമായ നിയമനടപടികള്‍ സ്വീകരിച്ചു വരുന്നതായും അദ്ദേഹം സഭയെ അറിയിച്ചു.