ബോംബ് പൊട്ടിത്തെറിച്ച് വൃദ്ധൻ മരിച്ച സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു, പാർട്ടി ശക്തികേന്ദ്രത്തിൽ ബോംബ് സൂക്ഷിച്ചത് സിപിഎം അറിവോടെയെന്ന് ബിജെപിയും കോൺഗ്രസും, തുമ്പൊന്നും കിട്ടാതെ പോലീസ്

Spread the love

കണ്ണൂർ: താമസമില്ലാത്ത വീടിന്റെ പറമ്പിൽ തേങ്ങ പെറുക്കാൻ എത്തിയ വൃദ്ധൻ ബോംബ് പൊട്ടിത്തെറിച്ച് മരിച്ച സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു. ബോംബ് എവിടെ നിന്ന് എത്തിയെന്ന അന്വേഷണമാണിപ്പോൾ പൊലീസ് ഊർജിതമാക്കിയിരിക്കുന്നത്.

ആളൊഴിഞ്ഞ വീടിനോട് ചേർന്ന് ബോംബ് കൊണ്ടുവെച്ചതാകാം എന്നാണ് സംശയം. തലശേരി, ന്യൂ മാഹി സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ ദിവസങ്ങളിൽ ബോംബ് സ്‌ക്വാഡ് പരിശോധന നടത്തിയിരുന്നു. ഇത് മുന്നിൽ കണ്ട് മറ്റൊരു സ്ഥലത്ത് നിന്ന് ജനവാസ മേഖലയിൽ അധികം സംശയിക്കാത്ത വീടിനോട് ചേർന്നുള്ള സ്ഥലത്തേക്ക് ബോംബ് മാറ്റിയതായിരിക്കാമെന്നും സൂചനയുണ്ട്.

എരഞ്ഞോളി വാടിയിൽ പീടിക കുടക്കളം റോഡിൽ നിടങ്ങോട്ടും കാവിന് സമീപം അയനിയാട്ട് മീത്തൽ വീട്ടിൽ വേലായുധനാണ് ദാരുണമായി കൊല്ലപ്പെട്ടത്. വീട്ടുപറമ്പിൽ തേങ്ങ പെറുക്കുന്നതിനിടെ വേലായുധൻ മുന്നിൽ കണ്ട സ്റ്റീൽ പാത്രം തുറക്കാൻ ശ്രമിക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒരു മണിയോടെയാണ് പ്രദേശത്തെ നടുക്കിയ സ്‌ഫോടനമുണ്ടായത്. സംഭവം നടന്ന വീട് കഴിഞ്ഞ കുറേ വർഷങ്ങളായി പൂട്ടിയിട്ടിരിക്കുകയായിരുന്നു. സ്ഫോടനവും നിലവിളിയും കേട്ടെത്തിയ അയൽവാസികൾ വലതുകൈ അറ്റുതൂങ്ങിയ നിലയിൽ രക്തത്തിൽ കുളിച്ചുകിടക്കുന്ന വേലായുധനെയാണ് കണ്ടത്.

ഉടൻ തലശ്ശേരി സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കണ്ണൂരിൽ നിന്നെത്തിയ ബോംബ് സ്‌ക്വാഡ് പറമ്പ് പരിശോധിച്ചു. അതേസമയം, പാർട്ടി ശക്തികേന്ദ്രത്തിൽ ബോംബ് സൂക്ഷിച്ചത് സിപിഎം അറിവോടെയെന്നാണ് ബിജെപിയുടെയും കോൺഗ്രസിന്റെയും ആക്ഷേപം. ബോംബ് സ്‌ക്വാഡ് പറമ്പിലും വീട്ടിലും പരിശോധന നടത്തിയെങ്കിലും കൂടുതൽ സ്ഫോടക വസ്തുക്കൾ കണ്ടെത്താൻ സാധിച്ചില്ല.