ഈസ്റ്റർ ആഘോഷത്തിനിടെ ശ്രീലങ്കയിലെ പള്ളികളിൽ വൻ സ്‌ഫോടനം: നാൽപ്പതിലേറെ ആളുകൾ കൊല്ലപ്പെട്ടു; ഇരുനൂറോളം പേർക്ക് പരിക്ക്
സ്വന്തം ലേഖകൻ
കൊളംബോ: ശ്രീലങ്കയിലെ കൊളംബോയിലെ വിവിധ പള്ളികളിലും പഞ്ചനക്ഷത്ര ഹോട്ടലിലുമുണ്ടായ നിരവധി ബോംബ് സ്‌ഫോടനങ്ങളിൽ 49 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഇരുനൂറിലേറെ പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. പ്രാദേശിക സമയം 8.45 നാണ് ഇവിടെ പള്ളികളിൽ ബോംബ് സ്‌ഫോടനം ഉണ്ടായത്. പള്ളികളിൽ ഈസ്റ്റർ ദിനത്തിലെ ശുശ്രൂഷകൾ നടക്കുന്നതിനിടെയാണ് ബോംബ് സ്‌ഫോടനം ഉണ്ടാത്.
കൊളംബോയിലെ ഏറ്റവും പ്രശസ്തമായ ക്രൈസ്തവ ആരാധനായലങ്ങളിൽ ഒന്നായ കൊച്ചാച്ചിക്കേഡ് സെന്റ് ആന്റണീസ് പള്ളിയിലാണ് ആദ്യ സ്‌ഫോടനം ഉണ്ടായത്. ഇവിടെ മാത്രം എൺപതിലേറെ ആളുകളെ സ്‌ഫോടനത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ എത്തിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന സൂചനകൾ. കൊളംബോ നാഷണൽ ഹോസ്പിറ്റലിലാണ് ഇവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. നെഗോംബോയിലെ വെസ്റ്റ് കോസ്റ്റ് ടൗണിലെ കത് വാപിറ്റിയോറ്റയിലെ സെന്റ് സെബാസ്റ്റിയൻസ് പള്ളിയിലാണ് മറ്റൊരു സ്‌ഫോടനം ഉണ്ടായിരിക്കുന്നത്. ഇവിടെ നിന്നുള്ള ഫെയ്‌സ്ബുക്ക് സന്ദേശമാണ് അപകടത്തിന്റെ ആദ്യ സൂചനകൾ നൽകിയത്. പള്ളിയിൽ ബോംബ് ആക്രമണം ഉണ്ടായിരിക്കുന്നു, എല്ലാവരും ഇവിടെ എത്തി രക്ഷിക്കുക എന്നായിരുന്നു ഫെയ്‌സ്ബുക്ക് സന്ദേശം. ഈസ്റ്റ് ടൗണിലെ ബാട്ടിക്കവോലയിലെ മറ്റൊരു പള്ളിയിലും ബോംബ് സ്‌ഫോടനം ഉണ്ടായത്. കിങ്‌സ് ബറിയിലെ സിന്നമ്മോൻ ഗ്രാന്റ് ഫെവ് സ്റ്റാർ ഹോട്ടലിൽ മൂന്നു ബോംബ് സ്‌ഫോടനങ്ങളാണ് റിപ്പോർട്ട് ചെയതിരിക്കുന്നത്. ഇതുവരെ 280 ആളുകളെയാണ് ഇപ്പോൾ കൊളംബോയിലെ നാഷണൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.