play-sharp-fill
ബോംബ് സംഘം ഒടുവിൽ കീഴടങ്ങി: ഇനി നാഗമ്പടം പാലം ഉയർത്തി മാറ്റി വയ്ക്കും; പാലം താഴെയിറക്കിയ ശേഷം മാത്രം പൊളിക്കൽ; പാലത്തിന്റെ ഉറപ്പിന് ഇപ്പോഴും കുഴപ്പമില്ലെന്ന് പൊളിക്കാനൊരുങ്ങിയെത്തിയ കമ്പനിയുടെ റിപ്പോർട്ട്

ബോംബ് സംഘം ഒടുവിൽ കീഴടങ്ങി: ഇനി നാഗമ്പടം പാലം ഉയർത്തി മാറ്റി വയ്ക്കും; പാലം താഴെയിറക്കിയ ശേഷം മാത്രം പൊളിക്കൽ; പാലത്തിന്റെ ഉറപ്പിന് ഇപ്പോഴും കുഴപ്പമില്ലെന്ന് പൊളിക്കാനൊരുങ്ങിയെത്തിയ കമ്പനിയുടെ റിപ്പോർട്ട്

തേർഡ് ഐ ബ്യൂറോ

കോട്ടയം: പലതവണ പൊളിക്കാൻ ബോംബ് വച്ചിട്ടും ഇളകാത്ത നാഗമ്പടം മേൽപ്പാലത്തിനു മുന്നിൽ തമിഴ്നാടൻ കമ്പനി സംഘം ഒടുവിൽ മുട്ടുമടക്കി. പാലം പൊളിക്കാനുള്ള ദൗത്യം അവസാനിപ്പിച്ച് കമ്പനി മടങ്ങാൻ തീരുമാനിച്ചു. ഇതിനിടെ പാലം മുകളിൽ നിന്നും ക്രെയിൻ ഉപയോഗിച്ച് താഴെ ഇറക്കി വച്ച ശേഷം പരമ്പരാഗത മാർഗത്തിലൂടെ പൊളിക്കാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. ഇതിനു ഇനി ചെന്നൈയിൽ നിന്നുള്ള റെയിൽവേ ഉദ്യോഗസ്ഥ സംഘത്തിന്റെ അനുമതി കൂടി ലഭിച്ചാൽ മതിയാകും. പാലം നീക്കം ചെയ്യുംവരെ പാലത്തിന്റെ അടിയിലൂടെയുള്ള ട്രെയിനിന്റെ വേഗം ഇരുപത് കിലോമീറ്ററായി നിജപ്പെടുത്താൻ ജില്ലാ കളക്ടർ സുധീർ ബാബു നിർദേശവും നൽകിയിട്ടുണ്ട്. റെയിൽവേയും കരാർ എടുത്ത കമ്പനിയും പാലത്തിനു ബലക്ഷയമില്ലെന്ന റിപ്പോർട്ട് നൽകിയെങ്കിലും സുരക്ഷ കണക്കിലെടുത്താണ് ഇപ്പോൾ ജില്ലാ കളക്ടർ വേഗം കുറയ്ക്കാൻ നിർദേശം നൽകിയത്.
നിലവിൽ പാലം ഇരിക്കുന്ന ഭാഗത്തു നിന്നും ക്രെയിനുകൾ ഉപയോഗിച്ച് ഉയർത്തി മാറ്റുകയാണ് ആദ്യ ഘട്ടമായി ചെയ്യുന്നത്. തുടർന്ന് ഈ പാലം ഉയർത്തി സ്റ്റേഡിയത്തിനും റെയിൽവേ ട്രാക്കിനും ഇടയിലുള്ള ഭാഗത്തേയ്ക്ക് തള്ളി നീക്കി വയ്ക്കും. ഇവിടെ ജാക്കി സ്ഥാപിച്ച് പാലം ഇതിനു മുകളിൽ സ്ഥാപിക്കും. തുടർന്ന് പല ഘട്ടങ്ങളിലായി പാലം പൊടിച്ചു കളയുന്നതിനാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
പാലം ബോംബ് വച്ച് തകർക്കുന്നതിനുള്ള രണ്ടു ശ്രമങ്ങളും പരാജയപ്പെട്ടതോടെ റെയിൽവേ ഉന്നതർ യോഗം ചേർന്നാണ് പാലം ക്രെയിൻ ഉപയോഗിച്ചു നീക്കാനും പൊളിച്ചു കളയാനും തീരുമാനമായിരിക്കുന്നത്. നാലുമണിക്കൂറെങ്കിലും ട്രെയിൻ ഗതാഗതം നിരോധിച്ചെങ്കിൽ മാത്രമേ പാലം എടുത്ത് ഉയർത്താനും സമീപത്തേയ്ക്കു മാറ്റി വയ്ക്കാനും സാധിക്കൂ. പാലം സ്‌ഫോടനത്തിലൂടെ തകർക്കുമെന്നു പറഞ്ഞ് ഒരു ദിവസം മുഴുവൻ ട്രെയിൻ ഗതാഗതം തടഞ്ഞ് ജനത്തെ വലച്ച സാഹചര്യത്തിൽ ഇനി ഇത്തരം ഒരു പരീക്ഷണത്തിന് റെയിൽവേ അധികൃതർ തയ്യാറാകില്ല. കൃത്യമായ പദ്ധതിയില്ലാതെ റെയിൽവേ ഇനി ട്രെയിൻ ഗതാഗതം നിരോധിച്ചുള്ള കളിയ്ക്ക് നിൽക്കില്ലെന്ന് ഉറപ്പാണ്.
എ്ന്നാൽ, സ്‌ഫോടനം നടത്തി പാലം തകർക്കാുള്ള ശ്രമം റെയിൽവേ പൂർണമായും ഉപേക്ഷിച്ചു. പാലത്തിന് ഉദ്ദേശിച്ചതിലും കനമുണ്ടെന്നും അതുകൊണ്ടാണ് സ്‌ഫോടനം കൃത്യമായി ഫലിക്കാതിരുന്നതെന്നുമാണ് കമ്പനി അധികൃതർക്ക് നൽകിയ വിശദീകരണം. പാലം ബോംബ് വച്ച് തകർക്കാനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ട സാഹചര്യത്തിലാണ് ജില്ലാ കളക്ടർ റെയിൽവേയോടും, പാലം തകർക്കാർ എത്തിയ കമ്പനി അധികൃതരോടും വിശദീകരണം തേടിയത്. എന്നാൽ, പഴയ പാലത്തിന് ബലക്ഷയം ഉണ്ടായിട്ടില്ലെന്നും, സ്‌ഫോടനം കൃത്യമായി ഫലിച്ചിട്ടില്ലെന്നുമാണ് ജില്ലാ കളക്ടർക്ക് ഇവർ നൽകിയ മറുപടി. എന്നാൽ, അപകടം ഒഴിവാക്കാൻ ട്രെയിനുകൾ ഇതുവഴി വേഗം കുറച്ചു കടന്നു പോകാൻ ജില്ലാ കളക്ടർ നിർദേശിച്ചു. ഇരുപത് കിലോമീറ്റർ വേഗമാണ് ട്രെയിനുകൾക്ക് ഇപ്പോൾ ക്രമീകരിച്ചിരിക്കുന്നത്.
ആയിരത്തിലേറെ കുഴികളിൽ ഡിറ്റനേറ്ററും വെടിമരുന്നും നിറച്ച് സ്‌ഫോടനം നടത്താനായിരുന്നു പദ്ധതി. എന്നാൽ, 18 എണ്ണത്തിലെ സ്‌ഫോടനം മാത്രമാണ് നടന്നത്.