
മുംബൈ: ‘കാന്താ ലഗാ’ ഐക്കണിക്ക് മ്യൂസിക് വീഡിയോയിലൂടെ പ്രശസ്തയായ നടിയും മോഡലുമായ ഷെഫാലി ജരിവാല (42) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ജൂൺ 27-ന് വെള്ളിയാഴ്ച രാത്രി മുംബൈയിലെ ബെല്ലെവ്യൂ മൾട്ടി-സ്പെഷ്യാലിറ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു. ഷെഫാലിയുടെ ഭർത്താവും നടനുമായ പരാഗ് ത്യാഗിയും ചിലരും ചേര്‍ന്നാണ് നടിയെ ആശുപത്രിയിൽ എത്തിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കൂപ്പർ ആശുപത്രിയിലേക്ക് മാറ്റി.
2002-ൽ പുറത്തിറങ്ങിയ ‘കാന്താ ലഗാ’ എന്ന റീമിക്സ് മ്യൂസിക് വീഡിയോയിലൂടെ ”കാത്താ ലഗാ’ ഗേള്‍’ എന്ന പേര് നേടിയ ഷെഫാലി. ഈ ആല്‍ബം വന്‍ ഹിറ്റായതോടെ പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടംനേടി. 2000-കളുടെ തുടക്കത്തിൽ പോപ്പ് സംസ്കാരത്തിന്റെ ഒരു പ്രതീകമായി മാറിയ ഈ വീഡിയോ, ഷെഫാലിയെ ഒരു ദേശീയ താരമാക്കി.
പിന്നീട്, 2004-ൽ സൽമാൻ ഖാൻ, അക്ഷയ് കുമാർ, പ്രിയങ്ക ചോപ്ര എന്നിവർ അഭിനയിച്ച ‘മുജ്സെ ഷാദി കരോഗി’ എന്ന ചലച്ചിത്രത്തിൽ ഒരു ക്യാമിയോ വേഷത്തിൽ അവർ പ്രത്യക്ഷപ്പെട്ടു. 2019-ൽ ഷെഫാലി ‘ബിഗ് ബോസ് 13’ എന്ന റിയാലിറ്റി ഷോയിൽ പങ്കെടുത്തതോടെ വീണ്ടും ശ്രദ്ധ നേടി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ ഷോയിൽ, മുൻ കാമുകനായിരുന്ന സിദ്ധാർത്ഥ് ശുക്ലയുമായുള്ള ബന്ധം ഏറെ ചർച്ചയായി. ‘നാച് ബലിയേ’ 5, 7 എന്നീ ഡാൻസ് റിയാലിറ്റി ഷോകളിലും ഭർത്താവ് പരാഗിനൊപ്പം ഷെഫാലി പങ്കെടുത്തിരുന്നു. 2019-ൽ ‘ബേബി കം നാ’ എന്ന വെബ് സീരീസിലും അവർ പ്രത്യക്ഷപ്പെട്ടു.
ഷെഫാലിയുടെ അപ്രതീക്ഷിത വിയോഗം ചലച്ചിത്ര ടെലിവിഷന്‍ രംഗത്തും ആരാധകര്‍ക്കിടയിലും ഒരുപോലെ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. ‘ബിഗ് ബോസ് 13’ ലെ സഹതാരമായ തഹ്സീൻ പൂനവാല, സോഷ്യൽ മീഡിയയിൽ തന്റെ ദുഃഖം രേഖപ്പെടുത്തി “എന്റെ സുഹൃത്ത് ഷെഫാലി ഇനി ഇല്ലെന്ന് കേട്ട് ഞെട്ടിപ്പോയി. ഞങ്ങൾ അവസാനം ഒരു പാർട്ടിയിൽ വെച്ചാണ് കണ്ടത്. ജീവിതം എത്ര ചെറുതാണ്. ബിഗ് ബോസ് 13-ൽ എന്റെ കൂടെ ഉണ്ടായിരുന്നവൾ. സിദ്ധാർത്ഥ് ശുക്ലയും ഇപ്പോൾ ഷെഫാലിയും… ഞങ്ങളുടെ സീസണിൽ നിന്ന് രണ്ട് പേർ പോയി” ഇദ്ദേഹം കുറിച്ചു.
നടന്മാരായ അലി ഗോനി, പരാസ് ഛബ്ര, മിക സിംഗ്, രാജീവ് അദാതിയ, കാമ്യ പഞ്ചാബി തുടങ്ങിയവർ ഷെഫാലിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. “ഞെട്ടലോടെയും ദുഃഖത്തോടെയും… ഞങ്ങളുടെ പ്രിയപ്പെട്ട താരവും എന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തുമായ ഷെഫാലി ജരിവാല ഞങ്ങളെ വിട്ടുപോയി. ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല. നിന്റെ ഔദാര്യവും പുഞ്ചിരിയും ആത്മാവും എന്നും ഓർമിക്കപ്പെടും.” മിക സിംഗ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
ഷെഫാലിയുടെ അവസാന ഇൻസ്റ്റാഗ്രാം പോസ്റ്റ് മൂന്ന് ദിവസം മുമ്പ് പങ്കുവെച്ച ഒരു ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളായിരുന്നു. ‘ബ്ലിംഗ് ഇറ്റ് ഓൺ ബേബി!’ എന്ന അടിക്കുറിപ്പോടെയായിരുന്നു ഈ ചിത്രങ്ങള്‍.
ഷെഫാലിയുടെ മരണകാരണം പോസ്റ്റ്മോർട്ടം റിപ്പോർട്ടിന് ശേഷം മാത്രമേ സ്ഥിരീകരിക്കപ്പെടുകയുള്ളൂ. മുംബൈ പോലീസ് അവരുടെ അന്ധേരിയിലെ വസതിയിൽ പരിശോധന നടത്തിയിട്ടുണ്ട്. ഒപ്പം ഒരു ഫോറൻസിക് ടീമും സ്ഥലത്ത് പരിശോധന നടത്തി.