
സ്വന്തം ലേഖകൻ
ബോളിവുഡ് താരം അമിതാഭ് ബച്ചൻ അറസ്റ്റിലായോ? സംശയത്തിലാണ് ആരാധകർ , ബച്ചന്റെ ഏറ്റവും പുതിയ ചിത്രo വൈറലാവുകയാണ്. ഒരു പൊലീസ് ജീപ്പിനരികെ തലകുനിച്ചു നില്‍ക്കുന്ന ചിത്രമാണ് ബിഗ് ബി ഷെയര്‍ ചെയ്തിരിക്കുന്നത്. ‘അറസ്റ്റ് ചെയ്യപ്പെട്ടു’ എന്നാണ് ചിത്രത്തിനു ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. അടുത്തിടെ നടന്ന ഹെല്‍മറ്റ് വിവാദത്തിന് താരം സരസമായി മറുപടി നല്‍കുകയാണെന്നാണ് ആരാധകര്‍ ചൂണ്ടി കാണിക്കുന്നത്.
മുംബൈ നഗരത്തില്‍ ബൈക്കില്‍ ലിഫ്റ്റ് അടിച്ചു പോവുന്നതിനിടയില്‍ ഹെല്‍മെറ്റ് ധരിക്കാത്തതിന് മുംബൈ പോലീസ് അമിതാഭ് ബച്ചനെ ശാസിക്കുകയും കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിനു പിന്നാലെയാണ് ഇന്‍സ്റ്റഗ്രാമില്‍ ബച്ചന്‍ നിഗൂഢമായൊരു പോസ്റ്റ് പങ്കിട്ടിരിക്കുന്നത്. ചെക്ക് ഷര്‍ട്ടും വെള്ള സ്‌പോര്‍ട്‌സ് ഷൂസും സുതാര്യമായ കണ്ണടയും ധരിച്ച് ഒരു പോലീസ് ജീപ്പിന് സമീപം നിരാശനായി നില്‍ക്കുന്ന അമിതാഭ് ബച്ചനെയാണ് ചിത്രത്തില്‍ കാണാനാവുക. “അറസ്റ്റ് ചെയ്തു” എന്നാണ് ചിത്രത്തിന്റെ അടിക്കുറിപ്പ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
താരത്തിന്റെ പോസ്റ്റ് ആരാധകരും സഹപ്രവര്‍ത്തകരും ഏറ്റെടുത്തു കഴിഞ്ഞു. അറസ്റ്റിന്റെ പ്രത്യേക കാരണമൊന്നും പറയാതെയാണ് താരം ചിത്രം പോസ്റ്റ് ചെയ്തത്. അമിതാഭിന്റെ ഈ പോസ്റ്റ് തന്റെ വരാനിരിക്കുന്ന സിനിമകളിലെ ഏതെങ്കിലും സീനില്‍ നിന്നുള്ളതാണോ അതോ അടുത്തിടെ ഹെല്‍മെറ്റില്ലാതെ ബൈക്കിന്റെ പിന്‍സീറ്റില്‍ ഇരുന്ന സംഭവത്തെക്കുറിച്ചാണോ എന്ന് വ്യക്തമല്ല. അതേസമയം, സര്‍, ഹെല്‍മെറ്റ് ഇല്ലാതെ വീണ്ടും, ഹെല്‍മറ്റ് ധരിക്കണമെന്ന് അന്നേ പറഞ്ഞതല്ലേ എന്നിങ്ങനെ പോവുന്നു ആരാധകരുടെ കമന്റുകള്‍.
ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചനും അനുഷ്ക ശര്‍മയും ബൈക്കില്‍ ലിഫ്റ്റടിച്ച് തങ്ങളുടെ ഷൂട്ടിങ്ങ് സെറ്റിലെത്തിയ ദൃശ്യങ്ങള്‍ വൈറലായിരുന്നു. താരങ്ങളും വാഹനം ഓടിക്കുന്നവരും ഹെല്‍മറ്റ് ധരിക്കാത്ത കാര്യം ആരാധകര്‍ ചൂണ്ടി കാണിച്ചതിനു പിന്നാലെ, ഹെല്‍മറ്റ് ധരിച്ചില്ല എന്ന കാരണത്താല്‍ ഇരുവര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് മുംബൈ പൊലീസ് അറിയിക്കുകയായിരുന്നു.
ഞായറാഴ്ച്ചത്തെ ട്രാഫിക്ക് ജാം ഒഴിവാക്കാനായി ഒരു അപരിചിതന്റെ ബൈക്കിലിരുന്നായിരുന്നു ബച്ചന്റെ യാത്ര. തന്റെ ഇന്‍സ്റ്റഗ്രാം പ്രൊഫൈലിലൂടെ ബൈക്കിലിരിക്കുന്ന ചിത്രം പങ്കുവച്ചതിനൊപ്പം അപരിചിതനോട് നന്ദി പറയുകയും ചെയ്തിരുന്നു ബച്ചന്‍. “റൈഡിനു നന്ദി സുഹൃത്തേ, എനിക്ക് നിങ്ങളെ അറിയില്ല. പക്ഷെ കൃത്യസമയത്ത് നിങ്ങളെന്നെ ജോലി സ്ഥലത്തെത്തിച്ചു. വളരെ വേഗത്തില്‍, അതും ഇത്രയും ബുദ്ധിമുട്ടേറിയ ട്രാഫിക്കിലൂടെ. തൊപ്പിയും ഷോര്‍ട്സും മഞ്ഞ നിറത്തിലുള്ള ടീ ഷര്‍ട്ടും ധരിച്ച വ്യക്തിയ്ക്ക് നന്ദി,” ബച്ചന്‍ കുറിച്ചു.
ദീപിക പദുക്കോണും പ്രഭാസും അഭിനയിക്കുന്ന ‘പ്രോജക്റ്റ് കെ’ ആണ് അമിതാഭ് ബച്ചന്റെ ഏറ്റവും പുതിയ ചിത്രം. നാഗ് അശ്വിന്‍ സംവിധാനം ചെയ്ത ‘പ്രോജക്റ്റ് കെ’ രണ്ട് ഭാഷകളില്‍ ഒരേസമയം ചിത്രീകരിക്കുന്ന ദ്വിഭാഷ ചിത്രമാണ്. റിഭു ദാസ് ഗുപ്തയുടെ കോര്‍ട്ട് ഡ്രാമയായ ‘സെക്ഷന്‍ 84’ലും ബിഗ് ബി പ്രത്യക്ഷപ്പെടും