video
play-sharp-fill
തീവ്രവാദികളെ പിടിക്കാൻ ‘വിറക് പെറുക്കിയും മലമ്പനി പരിശോധിച്ചും’ കേരള പൊലീസ്; കുടുക്കിയത് കൃത്യമായ പ്ലാനിംങ്ങോടെ

തീവ്രവാദികളെ പിടിക്കാൻ ‘വിറക് പെറുക്കിയും മലമ്പനി പരിശോധിച്ചും’ കേരള പൊലീസ്; കുടുക്കിയത് കൃത്യമായ പ്ലാനിംങ്ങോടെ

സ്വന്തം ലേഖകൻ

കൊച്ചി: ബോഡോ തീവ്രവാദികളെ പിടിക്കാൻ കൊച്ചി പൊലീസ് നടത്തിയതു പ്രൊഫഷണൽ ഓപ്പറേഷൻ. മലമ്പനി പരിശോധിക്കാനുള്ള ആരോഗ്യപ്രവർത്തകർ, വിറക് പെറുക്കാൻ എത്തിയ തൊഴിലാളികൾ എന്നീ വ്യാജേനെയാണ് 50 അംഗ പൊലീസ് പ്ലൈവുഡ് ഫാക്റ്ററിയിലെത്തിയത്. തീവ്രവാദികളെ കുടുക്കിയ നാടകീയ നീക്കങ്ങൾ ഇങ്ങനെ-

ബുധനാഴ്ച രാത്രി എറണാകുളം റൂറൽ എസ്പിക്ക് അസം പൊലീസിന്റെ അടിയന്തര സന്ദേശം. മൂന്നു ബോഡോ തീവ്രവാദികളുടെ ഫോട്ടോയും കേസിന്റെ വിശദാംശങ്ങളുമുൾപ്പെട്ട സന്ദേശമാണു കിട്ടിയത്. തീവ്രവാദികൾ കുന്നത്തുനാട് പരിധിയിലുള്ള ഒരു പ്ലൈവുഡ് ഫാക്റ്ററിയിൽ ഒളിവിൽ കഴിയുന്നതായിട്ടായിരുന്നു അറിയിപ്പ്.
രാത്രി തന്നെ അന്വേഷണം തുടങ്ങുന്നു. കുഴൂർ തൃക്ക ക്ഷേത്രത്തിനു സമീപം പ്ലൈവുഡ് ഫാക്റ്ററിയിലാണ് ഇവരുള്ളതെന്നു സ്ഥിരീകരിച്ചതോടെ രാവിലെ ഫാക്റ്ററിയിലും ഇതോടു ചേർന്നുള്ള താമസ സ്ഥലത്തും പരിശോധന നടത്താൻ തീരുമാനം. പെരുമ്പാവൂർ, കുന്നത്തുനാട്, കോടനാട്, അയ്യംപുഴ, എആർ ക്യാംപ് എന്നിവിടങ്ങളിൽ നിന്നുള്ള പൊലീസുകാരോട് അതിരാവിലെ എത്താൻ നിർദ്ദേശം.
ആർക്കും സംശയം തട്ടാതിരിക്കാൻ പൊലീസ് വാഹനങ്ങൾക്ക് പകരം സ്വകാര്യ വാഹനങ്ങളിലാണ് പ്ലൈവുഡ് ഫാക്റ്ററി പരിസരത്തു പൊലീസ് എത്തിയത്. സംശയിക്കപ്പെടുന്ന തീവ്രവാദികൾ ആയുധ പരിശീലനം നേടിയവരായതിനാൽ തോക്ക് കൈവശം കരുതാനുള്ള സാധ്യത കണക്കിലെടുത്തായിരുന്നു ഈ മുൻകരുതൽ.
പുലർച്ചെ 6.30ന് ഓപ്പറേഷൻ തുടങ്ങുന്നു. ഒരു സംഘം പൊലീസുകാർ വേഷം മാറി വിറക് പെറുക്കാൻ എന്ന വ്യാജേനെ ഫാക്റ്ററി വളപ്പിൽ കടന്നു നാലു ചുറ്റിലും നിലയുറപ്പിച്ചു. മതിൽക്കെട്ടിനു പുറത്തും പൊലീസ് സാന്നിധ്യം. വളരെ ദൂരെ പെട്രോളിങ് സംഘം പൊലീസ് ജീപ്പിൽ തങ്ങി. ഇതിനിടെ കുന്നത്തുനാട് സിഐ കുര്യാക്കോസിന്റെ നേതൃത്വത്തിൽ എസ്ഐമാരായ ഫൈസലും രാജേഷും എഎസ്ഐമാരും ഹെൽത്ത് സ്‌ക്വാഡ് ഉദ്യോഗസ്ഥർ എന്ന മട്ടിൽ ഓഫിസ് കെട്ടിടത്തിൽ എത്തുന്നു. മലമ്പനി കണ്ടെത്താനുള്ള പരിശോധന ‘തുടങ്ങുന്നു’. ഫാക്റ്ററിയിലെ 50 അംഗ ഇതര സംസ്ഥാന തൊഴിലാളികളെ മൂന്നു ഗ്രൂപ്പുകളായി തിരിച്ചാണു പരിശോധന.
മൂന്നാംഘട്ട പരിശോധന തുടങ്ങുമ്പോഴേക്കും ബോഡോ തീവ്രവാദികളായ മനു ബസുമതാരി, പ്രീതം ബസുമതാരി, ധുംകേതു ബ്രഹ്മ എന്നിവരെ പൊലീസ് തിരിച്ചറിയുന്നു. 9.30ഓടെ മൂന്നുപേരെയും കസ്റ്റഡിയിലെടുത്ത് കുന്നത്തുനാട് പൊലീസ് സ്റ്റേഷനിലേക്ക് നീക്കിയതോടെ ഓപ്പറേഷന്റെ ഒന്നാംഘട്ടം അവസാനിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group