ബോചെയ്ക്ക് തിരിച്ചടി ; ഹണി റോസ് നല്‍കിയ ലൈംഗിക അധിക്ഷേപക്കേസില്‍ ബോബി ചെമ്മണ്ണൂരിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു
കൊച്ചി : ഹണി റോസ് നല്‍കിയ ലൈംഗിക അധിക്ഷേപക്കേസില്‍ കോടതിയില്‍ ഹാജരാക്കിയ വ്യവസായി ബോബി ചെമ്മണ്ണൂരിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 2 ആണ് ബോബിയെ റിമാൻഡ് ചെയ്തത്. അഡ്വ. ബി രാമൻപിള്ളയാണ് ബോബിക്കായി ഹാജരായത്. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയതിനാല്‍ ബോബിയുടെ ജാമ്യാപേക്ഷയും കോടതി പരിഗണിച്ചിരുന്നു. ഗുരുതരമായ കുറ്റമല്ല ബോബി ചെയ്തതെന്നായിരുന്നു പ്രതിഭാഗം വാദിച്ചത്.
പോലീസ് തന്നെ മര്‍ദിച്ചിട്ടില്ലെന്നും എന്നാല്‍, രണ്ടു ദിവസം മുന്‍പ് വീണ് കാലിനും നട്ടെല്ലിനും പരുക്കേറ്റിട്ടുണ്ടെന്നും താന്‍ അള്‍സര്‍ രോഗിയാണെന്നും ബോബി കോടതിയെ അറിയിച്ചു. ജാമ്യം വേണമെന്നും അന്വേഷണവുമായി സഹകരിക്കാമെന്നും ബോബിക്കു വേണ്ടി അഭിഭാഷകന്‍ ബി രാമന്‍ പിള്ള ആവശ്യപ്പെട്ടു. വ്യവസായി ആയ പ്രതി സാമ്ബത്തികമായി പ്രബലനാണെന്നും കേസ് അട്ടിമറിക്കുമെന്നും അതിനാല്‍ ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. കുന്തീദേവി പരാമര്‍ശത്തിനു ശേഷവും ഇരുവരും സുഹൃത്തുക്കളായിരുന്നെന്നും ശരീരത്തില്‍ സ്പര്‍ശിച്ചു എന്നത് തെറ്റാണെന്നും പ്രതിഭാഗം വാദിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്നലെ രാവിലെ വയനാട്ടിലെ റിസോട്ടില്‍നിന്ന് കസ്റ്റഡിയിലെടുത്ത ബോബി ചെമ്മണ്ണൂരിനെ വൈകിട്ട് ഏഴോടെയാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനിലെത്തിച്ചത്. പ്രാഥമിക ചോദ്യം ചെയ്യലിനുശേഷം രാത്രി ഏഴരയോടെ അറസ്റ്റ് രേഖപ്പെടുത്തി. ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെയുള്ള കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പോലീസ് അറസ്റ്റ് ചെയ്തത്. വൈദ്യപരിശോധന പൂർത്തിയാക്കി എറണാകുളം സെൻട്രല്‍ സ്റ്റേഷനില്‍ എത്തിച്ച വ്യവസായി ബോബി ചെമ്മണൂരിനെ ഇന്നലെ ലോക്കപ്പിലാക്കിയിരുന്നു. ഇന്ന് പുലർച്ചെ അഞ്ചരയോടെ വീണ്ടും വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു.
ബോബിയുടെ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഐഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
താൻ കുറ്റം ചെയ്തിട്ടില്ലെന്നാണു പൊലീസിന്റെ ചോദ്യം ചെയ്യലില്‍ ബോബി ആവർത്തിച്ചു പറഞ്ഞത്. ദ്വയാര്‍ഥ പദപ്രയോഗം മാത്രമാണ് തനിക്കെതിരായ പരാതി. പരാമർശങ്ങള്‍ ദുരുദ്ദേശ്യപരമായിരുന്നില്ല. അഭിമുഖങ്ങളിലടക്കം പങ്കുവച്ചത് പുരാണത്തിലെ കാര്യങ്ങളാണ്. അശ്ലീല പദപ്രയോഗങ്ങളെന്നതു തെറ്റിദ്ധാരണ മാത്രമെന്നുമാണ് ബോബി പോലീസിനോടു പറഞ്ഞത്.
ബോബി ചെമ്മണ്ണൂരിനെതിരെ കേസ് ഫയല്‍ ചെയ്തതിനെത്തുടർന്ന് ഇന്നലെ എറണാകുളം കോടതിയിലെത്തി നടി രഹസ്യമൊഴി നല്‍കിയിരുന്നു. ലൈംഗിക അധിക്ഷേപത്തിനും അതിക്രമത്തിനും ഭാരതീയ ന്യായസംഹിതയിലെ 75 (1), (4) വകുപ്പുകളും ഐടി ആക്ടിലെ 6-7ാം വകുപ്പും പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ലൈംഗികാതിക്രമം ജാമ്യമില്ലാ വകുപ്പായതിനാല്‍ പ്രതിക്ക് ജാമ്യത്തിനായി കോടതിയെ സമീപിക്കേണ്ടിവരും. കോടതിയില്‍ ഹണി റോസ് നല്‍കിയ മൊഴിയുടെ പകർപ്പ് ലഭിച്ച ശേഷം ബോബിക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുന്ന കാര്യത്തിലും തീരുമാനമുണ്ടാകും.