
എറണാകുളം: ലൈംഗിക അധിക്ഷേപക്കേസില്‍ നടി ഹണി റോസിന്റെ പരാതിയില്‍ ബോബി ചെമ്മണ്ണൂർ അറസ്റ്റില്‍. വയനാട്ടില്‍നിന്ന് കസ്റ്റഡിയിലെടുത്ത ബോബിയെ എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലെത്തിച്ച് പ്രാഥമിക ചോദ്യം ചെയ്യലിനുശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
അറസ്റ്റ് രേഖപ്പെടുത്തിയാലുടൻ ജാമ്യാപേക്ഷ ഫയല്‍ ചെയ്യുമെന്ന് ബോബി ചെമ്മണ്ണൂരിന്റെ അഭിഭാഷന്‍ പറഞ്ഞിരുന്നു. ഇന്ന് കോടതിയില്‍ ഹാജരാക്കാന്‍ സാധ്യതയില്ലെന്നാണ് സ്റ്റേഷനില്‍നിന്ന് ലഭിക്കുന്ന പ്രാഥമിക വിവരം. ബോബി ചെമ്മണ്ണൂരിനെതിരെ ഇന്നലെ കേസ് ഫയല്‍ ചെയ്തശേഷം ഇന്ന് എറണാകുളം കോടതിയിലെത്തി നടി രഹസ്യമൊഴി നല്‍കിയിരുന്നു.
വയനാട്ടില്‍നിന്ന് കൊച്ചി സെന്‍ട്രല്‍ പോലീസ് കസ്റ്റഡിയിലെടുത്ത ബോബിയെ വൈകിട്ട് ഏഴ് മണിയോടെയാണ് കൊച്ചിയിലെത്തിച്ചത്. ബോബി ഒളിവില്‍ പോകാനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് കൃത്യമായ വിവരം ലഭിച്ചതിനെത്തുടര്‍ന്ന് വയനാട്ടില്‍ പോലീസ് വല വിരിച്ച് റിസോര്‍ട്ടില്‍ നിന്ന് ബോബിയെ രാവിലെ കസ്റ്റഡിയലെടുത്തത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നടി ഹണി റോസിനെതിരായ സൈബര്‍ ആക്രമണ കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. സെന്‍ട്രല്‍ എസിപി ജയകുമാറിന്റെ നേതൃത്വത്തിലാണ് പ്രത്യേക സംഘം. സെന്‍ട്രല്‍ എസ് എച്ച് ഒയ്ക്കാണ് അന്വേഷണ ചുമതല. സൈബര്‍ സെല്‍ അംഗങ്ങളും അന്വേഷണ സംഘത്തില്‍ ഉണ്ട്. ആവശ്യമെങ്കില്‍ അന്വേഷണസംഘം വിപുലീകരിക്കുമെന്നും കൊച്ചി പൊലീസ് അറിയിച്ചിരുന്നു
സ്വര്‍ണ വ്യാപാര സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനിടയില്‍ ഉടമ നടത്തിയ ദ്വയാര്‍ഥ പ്രയോഗങ്ങള്‍ക്കും കമന്റുകള്‍ക്കുമെതിരെ നടി നേരത്തെ പരസ്യമായ വിമര്‍ശനവുമായി രംഗത്തു വന്നിരുന്നു.
അശ്ലീല പരാമര്‍ശത്തിലൂടെ തന്നെ നിരന്തരം വേട്ടയാടിയെന്നാണ് ഹണി റോസിന്റെ പരാതി. സൈബര്‍ ആക്രമണത്തിന്റെ വലിയ ഇരയാണ് താനെന്ന് ഹണി റോസ് പരാതിയില്‍ പറഞ്ഞു. ബോബി ചെമ്മണ്ണൂര്‍ ഹാജരായില്ലെങ്കില്‍ അറസ്റ്റ് അടക്കമുള്ള നടപടിയിലേക്ക് പൊലീസ് കടക്കും. ഭാരതീയ ന്യായ് സംഹിത 75ാം വകുപ്പ് പ്രകാരമാണ് പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. ബോബി ചെമ്മണ്ണൂരിന്റെ ഉദ്ഘാടനം ചടങ്ങില്‍ ബുദ്ധിമുട്ട് നേരിട്ടു. അയാള്‍ക്കെതിരെ നിയമപോരാട്ടം തുടരുമെന്നും ഹണി റോസ് പറഞ്ഞിരുന്നു.
നടിയുടെ പോസ്റ്റിന് താഴെ പുതിയതായി അധിക്ഷേപ കമന്റെത്തിയാല്‍ സ്വമേധയാ കേസെടുക്കുമെന്നും മുന്നറിയിപ്പുണ്ട്. നടിക്കെതിരെ അശ്ലീല കമന്റിട്ട 30 പേര്‍ക്കെതിരെ എറണാകുളം സെന്‍ട്രല്‍ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. ഇതില്‍ ഒരാളെ അറസ്റ്റ് ചെയ്യുകയും ബാക്കിയുള്ളവര്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുമുണ്ട്. ആദ്യം നല്‍കിയ പരാതിയില്‍ ബോബി ചെമ്മണ്ണൂരിനെതിരെ നടി പരാതിപ്പെട്ടിരുന്നില്ല. പിന്നീടാണ് എറണാകുളം സെന്‍ട്രല്‍ പോലീസില്‍ നേരിട്ടെത്തി നടി പരാതി നല്‍കുകയായിരുന്നു.



