video
play-sharp-fill
കോട്ടയത്ത് ബോട്ടിൽ കളഞ്ഞു കിട്ടിയ ഫോണുമായി ബോട്ട് മാസ്റ്റർ പ്രമോദ് വിദേശിയെ തേടിയെത്തി കൈമാറി: കേരളീയരുടെ സത്യസന്ധത കണ്ട് അത്ഭുതപ്പെട്ട് ഫ്രാൻസുകാരി അമേല:

കോട്ടയത്ത് ബോട്ടിൽ കളഞ്ഞു കിട്ടിയ ഫോണുമായി ബോട്ട് മാസ്റ്റർ പ്രമോദ് വിദേശിയെ തേടിയെത്തി കൈമാറി: കേരളീയരുടെ സത്യസന്ധത കണ്ട് അത്ഭുതപ്പെട്ട് ഫ്രാൻസുകാരി അമേല:

കോട്ടയം: ഒരു ഫോണിൽ എന്തിരിക്കുന്നു എന്നതല്ല. നഷ്ടപ്പെട്ട ഫോണുമായി ഒരു സർക്കാർ ഉദ്യോഗസ്ഥർ വണ്ടി പിടിച്ച് കൊണ്ടുപോയി കൊടുക്കുന്നതിലാണ് കാര്യം. അതും ഒരു വിദേശിയുടെ ഫോൺ ആണ് നഷ്ടപ്പെട്ടത്. ഇങ്ങനെയും ഒരു നാടോ? വിദേശിക്ക് അത്ഭുതം.
സംഭവം ഇങ്ങനെ:

കുറഞ്ഞ നാളുകളിലെ കേരള സന്ദര്‍ശനത്തിന് എത്തിയതാണ് ഫ്രാന്‍സ് സ്വദേശിനി അമേല ഏദിയയും കൂട്ടുകാരിയും. ശാന്തിയും സമാധാനവും വിളയുന്ന കേരളത്തിന്റെ മനോഹാരിതയും നന്മയും കേട്ടറിഞ്ഞ് വന്നവര്‍.

കിഴക്കിന്റെ വെനീസ് ആയ ആലപ്പുഴയുടെ സൗന്ദര്യം ആസ്വദിച്ച് മടങ്ങിയ അവര്‍ കോട്ടയത്തേയ്ക്കുള്ള യാത്രയ്ക്ക് സംസ്ഥാന ജലഗതാഗത വകുപ്പിന്റെ ബോട്ടാണ് തെരഞ്ഞെടുത്തത്. അതിമനോഹരമായ കായല്‍യാത്രയില്‍ മതിമറന്ന് അവരിരുന്നു. കോട്ടയത്തെത്തി ജീവനക്കാരോട് യാത്ര പറഞ്ഞ് അവര്‍ കോടിമത ബോട്ട് ജെട്ടിയിലിറങ്ങി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനിടയില്‍ അടുത്ത ട്രിപ്പിനുള്ള തയ്യാറെടുപ്പിലാണ് ബോട്ട് ലാസ്കര്‍ രാജേഷ് കുമാര്‍, സീറ്റിനിടയില്‍ നിന്നും കളഞ്ഞു കിട്ടിയ ഒരു മൊബൈൽ ഫോൺ ബോട്ട് മാസ്റ്ററായ കുമരകം സ്വദേശി പ്രമോദിനെ ഏല്പിക്കുന്നത്. ജലഗതാഗത വകുപ്പില്‍ യാത്രാ ബോട്ടില്‍ നിന്നും കളഞ്ഞു കിട്ടുന്ന വസ്തുക്കള്‍ ഉടനടി ബോട്ട് മാസ്റ്ററെ ഏല്പിക്കണമെന്നാണ് ചട്ടം.

ഫോൺ പരിശോധിച്ചപ്പോൾ സ്ക്രീൻ സേവറായി വിദേശിയായ ഒരു കൊച്ചുകുട്ടിയുടെ ചിത്രം. ആ ട്രിപ്പില്‍ വിദേശികളായി അമേലയും കൂട്ടുകാരിയും മാത്രമാണല്ലോ ഉണ്ടായിരുന്നത് എന്ന് പ്രമോദ് ഓര്‍ത്തു.

ഒട്ടും സമയം പാഴാക്കാതെ സ്കൂട്ടറെടുത്ത് കളഞ്ഞു കിട്ടിയ ഫോണുമായി കോട്ടയം കെഎസ്ആര്‍ടിസി സ്റ്റാന്റിലേയ്ക്ക് പാഞ്ഞു. യാത്രയ്ക്കിടയിൽ കൂട്ടുകാരികള്‍ സംസാരിച്ചതില്‍ കുമളി എന്ന് കേട്ട ഓര്‍മ്മയില്‍ ബസ് സ്റ്റാന്റില്‍ ഒന്നു തേടാമെന്നേ പ്രമോദ് കരുതിയുള്ളൂ. ഊഹം തെറ്റിയില്ല,

എന്തു ചെയ്യണമെന്നറിയാതെ പോയതു പോയി എന്നു കരുതി കുമളി ബസിനായി കാത്തിരുന്ന അമേലയേയും കൂട്ടുകാരിയേയും വളരെ വേഗം കണ്ടെത്താനായി. നഷ്ടപ്പെട്ട ഫോൺ തിരികെകിട്ടിയ സന്തോഷത്തിൽ തുള്ളിച്ചാടിയ അമേല എങ്ങനെ നന്ദി പറയണമെന്നറിയാതെ കുറേ പണം പ്രമോദിന് വച്ചു നീട്ടി. പണം നല്കുന്നതില്‍ നിന്ന് അമേലയെ പിന്തിരിപ്പിച്ച് സ്നേഹപൂര്‍വ്വം യാത്രയാക്കി പ്രമോദ് സ്വന്തം ജോലിയിലേയ്ക്ക് മടങ്ങി. പ്രമോദിന് ഏറെ നന്ദി പറഞ്ഞാണ് അമേലയും കൂട്ടുകാരിയും കുമളിയിലേയ്ക്കും യാത്രയായത്.

കുമരകം പഞ്ചായത്തിലെ ഏഴാം വാർഡിൽ മുപ്പതിൽ വീട്ടിൽ എം.ആർ പ്രമോദ് എൻ.ജി.ഒ യൂണിയൻ ജില്ലാ കമ്മറ്റിയംഗമാണ്.