
കോട്ടയം: ചുരുങ്ങിയ സമയം കൊണ്ട് ഏറെ ജനശ്രദ്ധ നേടിയ ആലപ്പുഴ ബോട്ട് സര്‍വീസ് വീണ്ടും തടസ്സപ്പെട്ടു. ചുങ്കം മുപ്പതിലെ പാലം തകരാറിലായതോടെ സര്‍വീസുകള്‍ ഇപ്പോള്‍ കാഞ്ഞിരത്തുവരെ മാത്രമായി വെട്ടിച്ചുരുക്കേണ്ട അവസ്‌ഥയാണ്.
നഗരസഭയുടെ 45-ാം വാർഡിലെ വേളൂർ പുത്തനാറിനു കുറുകയുള്ള പാലത്തിനാണ് തകരാറു സംഭവിച്ചത്. കപ്പികൾ ഉയർത്താൻ കഴിയാത്ത അവസ്ഥയിലായ ഈ പാലം അഞ്ച് ദിവസം മുമ്പ് പ്രവർത്തനരഹിതമായി. എന്നാൽ ഇതുവരെ നഗരസഭയുടെ ഭാഗത്ത് നിന്ന് യാതൊരു പരിഹാര നടപടികളും സ്വീകരിച്ചിട്ടില്ല.
പാലത്തിന് മറുവശത്ത് ഏകദേശം എഴുപതു വീടുകളും അഞ്ച് വലിയ പാടശേഖരങ്ങളുമുണ്ട്. ഈ ഭാഗങ്ങളിലേക്കുള്ള പ്രധാനയാത്രാമാർഗ്ഗമാണ് ഈ പാലം. ഗ്രാമൺചിറ, പതിനാറാംചിറ, പാറേച്ചാൽ, കാഞ്ഞിരം തുടങ്ങിയ സ്ഥലങ്ങളിൽ കയർ സഹായത്തോടെ പ്രവർത്തിക്കുന്ന അഞ്ച് പൊക്ക് പാലങ്ങളും ഇവിടെ ഉണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
13 വര്‍ഷം മുന്‍പ് 45 ലക്ഷം രൂപ മുടക്കിയാണ് ഈ പാലം നിര്‍മ്മിച്ചത്. ഏഴ് കപ്പികള്‍ ഉപയോഗിച്ചാണ് ഇരുമ്പുപാലം ഉയര്‍ത്തുന്നത്. അടുത്തിടെ ചില അറ്റകുറ്റപ്പണികള്‍ നടന്നെങ്കിലും, വീണ്ടും തകരാറുകളുണ്ടായി. ഇപ്പോള്‍ കപ്പികള്‍ പ്രവർത്തിക്കാത്തതിനാല്‍ പാലം ഉയർത്താൻ കഴിയാതെ സർവീസ് നിലച്ചിരിക്കുകയാണ്. വൈദ്യുതി മുടങ്ങിയാൽ പാലം പ്രവർത്തനരഹിതമാകും, മാത്രമല്ല, ജനറേറ്ററിന്റെ സൗകര്യവുമില്ല.
മോട്ടോര്‍ പ്രവർത്തിപ്പിക്കുന്ന യന്ത്രഭാഗങ്ങൾ തകരാറിലായതിനാൽ ഏഴ് മാസം മുൻപും ബോട്ട് സര്‍വീസ് തടസ്സപ്പെട്ടിരുന്നു. അതേസമയം, പാലം ഉയർത്താൻ കഴിയാതെ വന്നപ്പോൾ ബോട്ട് പിന്നോട്ട് സഞ്ചരിച്ച് തിരിച്ചുപോയി. നിലവിൽ സര്‍വീസ് കാഞ്ഞിരം വരെയായി ചുരുങ്ങിയിട്ടുണ്ട്. ഇതിന്റെ പേരിൽ വിദ്യാർത്ഥികളും സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരും വലിയ ബുദ്ധിമുട്ടുകളാണ് അനുഭവിക്കുന്നത്.