play-sharp-fill
പതിനേഴ് വർഷം കാത്തിരുന്നു: ഒടുവിൽ അവർ അറിഞ്ഞു തങ്ങൾ കുറ്റക്കാരല്ല; കുമരകം ബോട്ട് ദുരന്ത വാർഷികത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ബോട്ട് ജീവനക്കാർക്ക് കോടതിയുടെ നീതി

പതിനേഴ് വർഷം കാത്തിരുന്നു: ഒടുവിൽ അവർ അറിഞ്ഞു തങ്ങൾ കുറ്റക്കാരല്ല; കുമരകം ബോട്ട് ദുരന്ത വാർഷികത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ബോട്ട് ജീവനക്കാർക്ക് കോടതിയുടെ നീതി

സ്വന്തം ലേഖകൻ
കോട്ടയം: സർക്കാർ ബോട്ടിന്റെ കാലപ്പഴക്കത്തിനും, കേടുപാടുകൾക്കും കുറ്റം ചുമത്തി പതിനേഴ് വർഷത്തോളം ജയിലിൽ കിടന്ന ബോട്ട് ജീവനക്കാർക്ക് ഒടുവിൽ നീതി. കുമരകം ബോട്ട് ദുരന്തക്കേസിൽ പ്രതി ചേർക്കപ്പെട്ട ജയിലിൽ കിടന്ന ബോട്ട് ജീവനക്കാരായ ഒന്നാം പ്രതി ബോട്ടിന്റെ സ്രാങ്ക് ആലപ്പുഴ തിരുവമ്പാടി സ്വദേശി മണി,  രണ്ടാം പ്രതി ബോട്ട് മാസ്റ്റര് മുഹമ്മ കായിപ്പുറം സ്വദേശി ദേവാനന്ദ്, മൂന്നാം പ്രതി ഡ്രൈവര് ആലപ്പുഴ തൃക്കുന്നപ്പുഴ സ്വദേശി നസുറുദീൻ എന്നിവരെയാണ് കോടതി വെറുതെവിട്ടത്. കേസിൽ ഇവർക്കെതിരെ പ്രോസിക്യൂഷൻ ഉയർത്തിയ വാദങ്ങളൊന്നും തെളിയിക്കാൻ സാധിക്കാതെ വന്നതോടെയാണ് പതിനേഴ് വർഷത്തിന് ശേഷം മൂന്നു പേരെയും കുറ്റവിമുക്തരാക്കിയിരിക്കുന്നത്.
2002 ജൂലായ് 27 നുണ്ടായ അപകടത്തിലാണ് പതിനേഴ് വർഷത്തിന് ശേഷം കോടതി പ്രതികളെ കുറ്റവിമുക്തരാക്കിയിരിക്കുന്നത്. സർക്കാർ ജീവനക്കാരായ ഇവർ അന്നു മുതൽ സംഭവത്തിൽ കുറ്റക്കാരായി കരുതപ്പെട്ടിരിക്കുകയാണ്. സർക്കാർ ബോട്ട് കാലപ്പഴക്കവും മതിയായ അറ്റകുറ്റപണിയില്ലാതെയും വന്നതിനെ തുടർന്ന് അപകടത്തിൽപ്പെട്ട കുറ്റത്തിനാണ് മൂന്നു പേരും വർഷങ്ങളോളമായി കേസിൽ കുടുങ്ങിയത്. കേസിലെ നാലാം പ്രതി നിസാമുദ്ദീൻ വിചാരണയ്ക്ക് കൃത്യമായി ഹാജരാകാതിരുന്നതിനെ തുടർന്ന് ഇയാൾക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചിരിക്കുകയാണ്.
മനപൂർവമല്ലാത്ത നരഹത്യ, അമിതമായി യാത്രക്കാരെ കയറ്റി, അലക്ഷ്യമായി ബോട്ട് ഓടിച്ചു തുടങ്ങിയ കുറ്റങ്ങളാണ് പ്രോസിക്യൂഷൻ ഇവർക്കെതിരെ ചുമത്തിയിരുന്നത്. എന്നാൽ, ഇതൊന്നും തെളിയിക്കാൻ പ്രോസിക്യൂഷനു സാധിച്ചതുമില്ല.
2002 ജൂലായ് 27 ന് പുലർച്ചെ ആറരയ്ക്ക്  ആലപ്പുഴ മുഹമ്മയിൽ് നിന്നും കുമരകത്തേയ്ക്ക് വന്ന ജലഗതാഗത വകുപ്പിന്റെ എ 53 ബോട്ട് അപകടത്തിൽപ്പെടുകയായിരുന്നു. കോട്ടയത്ത് പി.എസ്.സി പരീക്ഷ എഴുതുന്നതിനായി എത്തിയ ഉദ്യോഗാർത്ഥികൾ അടക്കം ബോട്ടിലുണ്ടായിരുന്നു. ഇവരാണ് അപകടത്തിൽ മരിച്ചവരില് ഏറെയും.