
ദില്ലി : മൈക്രോസോഫ്റ്റിന്‍റെ വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലുണ്ടായ തകരാര്‍ ലോകമാകെ വിമാന സര്‍വീസുകളെ ബാധിച്ചിരുന്നു.
ആയിരത്തിലധികം വിമാന സര്‍വീസുകള്‍ റദ്ദാക്കിയപ്പോള്‍ വിമാന ടിക്കറ്റ് ബുക്ക്, ചെക്ക്-ഇന്‍ എന്നിവയ്ക്ക് തടസം നേരിട്ടു. ഇതോടെ ലോകമെമ്ബാടുമുള്ള വിമാനത്താവളങ്ങളില്‍ നീണ്ട ക്യൂ ദൃശ്യമായി. പ്രശ്‌നം പരിഹരിക്കാന്‍ ഇന്ത്യയിലടക്കം ബോര്‍ഡിംഗ് പാസുകള്‍ കൈകൊണ്ട് എഴുതി നല്‍കിയതിന്‍റെ ചിത്രങ്ങള്‍ സാമൂഹ്യമാധ്യമമായ എക്‌സില്‍ വൈറലായിരുന്നു. ഭൂതകാലത്തിലേക്കുള്ള മടങ്ങിപ്പോക്കാണ് ഈ ചിത്രങ്ങള്‍ എന്ന് നിരവധിയാളുകള്‍ വിശേഷിപ്പിക്കുമ്ബോള്‍ പ്രതികരിച്ചിരിക്കുകയാണ് ഇന്‍ഡിഗോ കമ്ബനി.
വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലുള്ള കമ്ബ്യൂട്ടറുകളിലെ സാങ്കേതിക പ്രശ്‌നം കാരണം ഇന്ത്യയിലടക്കം വിമാനത്താവളങ്ങളിലെ പ്രവര്‍ത്തനം താറുമാറായിരുന്നു. ഇതോടെ യാത്രക്കാര്‍ക്ക് ഓണ്‍ലൈനായി ചെക്ക്-ഇന്‍ ചെയ്യാന്‍ മിക്ക വിമാനത്താവളങ്ങളിലും കഴിഞ്ഞില്ല. ഇതിന് പിന്നാലെ ഇന്‍ഡിഗോ കമ്ബനി യാത്രക്കാര്‍ക്ക് ടിക്കറ്റില്‍ ബോര്‍ഡിംഗ് പാസ് എഴുതി നല്‍കുകയായിരുന്നു. ഇതിന്‍റെ ചിത്രം അക്ഷയ് കോത്താരി എന്നൊരു എക്‌സ് യൂസര്‍ ട്വിറ്ററില്‍ പങ്കുവെച്ചത് ലക്ഷക്കണക്കിന് പേരാണ് കണ്ടത്. ചിത്രം വൈറലായതിന് പിന്നാലെ മറുപടിയുമായി ഇന്‍ഡിഗോ എത്തി. അപ്രതീക്ഷിതമായ തിരിച്ചടികൊണ്ടാണ് ബോര്‍ഡിംഗ് പാസ് എഴുതി നല്‍കേണ്ടിവന്നത്. ഈ ഐടി പ്രതിസന്ധിക്കിടെ ക്ഷമയോടെ സഹകരിച്ച യാത്രക്കാര്‍ക്ക് നന്ദിയറിയിക്കുന്നു. റെട്രോ വൈബുള്ള ബോര്‍ഡിംഗ്-പാസ് നിങ്ങളുടെ യാത്ര കൂടുതല്‍ അവിസ്മരണീയമാക്കിയിരിക്കുന്നു. ക്ലാസിക് ടച്ച് ആസ്വദിക്കുക, സുരക്ഷിതമായ യാത്ര നേരുന്നു എന്നുമായിരുന്നു ഇന്‍ഡിഗോയുടെ ട്വീറ്റ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group