
മാഡ്രിഡ്: ലോകമെമ്പാടുമുള്ള സഞ്ചാരികളുടെ പ്രിയപ്പെട്ട ഡെസ്റ്റിനേഷനുകളില്‍ മുൻനിരയിലാണ് സ്പെയ്നിലെ ബീച്ചുകള്‍.
അടുത്തിടെ വിഷമുള്ള കടല്‍ജീവികളുടെ സാന്നിധ്യം കാരണം സ്പെയിനിലെ ചില പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചിടേണ്ടി വന്നിരുന്നു.
ഇപ്പോള്‍ ഇതാ ഗ്ലോക്കസ് അറ്റ്ലാന്റിക്കസ് എന്ന് അറിയപ്പെടുന്ന ‘ബ്ലൂ ഡ്രാഗണുകളുടെ’ സാന്നിധ്യം കാരണം കോസ്റ്റ ബ്ലാങ്കയുടെ തെക്കുകിഴക്കൻ മേഖലയില്‍ സ്ഥിതി ചെയ്യുന്ന ഗാർഡമർ ഡെല്‍ സെഗുറയിലെ ബീച്ചുകള്‍ അടച്ചിടാൻ അധികൃതർ നിർബന്ധിതരായിരിക്കുകയാണ്. ഇവയുടെ കുത്തേറ്റാല്‍ കടുത്ത വേദന, ഛർദ്ദി, അലർജി എന്നിവ ഉണ്ടായേക്കാം.
ബ്ലൂ ഡ്രാഗണുകളുടെ സാന്നിധ്യം കാരണം പൗരന്മാരുടെ സുരക്ഷ കണക്കിലെടുത്ത് പുതിയ ഉത്തരവ് ഉണ്ടാകുന്നതുവരെ എല്ലാ മുനിസിപ്പല്‍ ബീച്ചുകളിലും നീന്തല്‍ നിരോധിച്ചിരിക്കുന്നതായി ഗാർഡമർ പൊലീസ് ഫേസ്ബുക്കില്‍ പങ്കുവെച്ച ഒരു പോസ്റ്റില്‍ അറിയിച്ചു. പ്രദേശവാസികളും സന്ദർശകരും നിർദ്ദേശങ്ങള്‍ പാലിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു. മണലില്‍ കാണപ്പെടാൻ സാധ്യതയുള്ളതിനാല്‍ അവയുമായി നേരിട്ട് സമ്പർക്കം ഒഴിവാക്കാനും പൊലീസ് അഭ്യർത്ഥിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വിഷമുള്ള ബ്ലൂ ഡ്രാഗണുകളെ കണ്ടാല്‍ റിപ്പോർട്ട് ചെയ്യണമെന്നും കയ്യുറകള്‍ ധരിച്ചിട്ടുണ്ടെങ്കില്‍ പോലും അവയെ തൊടുന്നത് ഒഴിവാക്കണമെന്നും ഗാർഡമർ ഡെല്‍ സെഗുറ മേയർ ജോസ് ലൂയിസ് സെയ്‌സ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. അവയുടെ കുത്തേറ്റാല്‍, അവിടം ഉപ്പുവെള്ളം ഉപയോഗിച്ച് കഴുകണമെന്നും ഉടനടി വൈദ്യസഹായം തേടണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
ഏകദേശം 3 സെന്റീമീറ്റർ (1.2 ഇഞ്ച്) നീളമുള്ള ഒരു ചെറിയ ജീവിയാണ് ബ്ലൂ ഡ്രാഗണ്‍. വലിപ്പം കുറവാണെങ്കിലും വലിയ മൃഗങ്ങളെ പോലും വിഷം ഉപയോഗിച്ച് അബോധാവസ്ഥയിലേയ്ക്ക് തള്ളിവിടാൻ ഇവയ്ക്ക് കഴിയും. മെഡിറ്ററേനിയൻ പ്രദേശത്ത് സാധാരണയായി ബ്ലൂ ഡ്രാഗണുകള്‍ വളരെ അപൂർവമായി മാത്രമേ പ്രത്യക്ഷപ്പെടാറുള്ളൂ.
അറ്റ്ലാന്റിക്, പസഫിക്, ഇന്ത്യൻ മഹാസമുദ്രങ്ങളിലെ മിതശീതോഷ്ണ, ഉഷ്ണമേഖലാ ജലാശയങ്ങളിലാണ് ഇവ സാധാരണയായി കാണപ്പെടുന്നത്.