സൂക്ഷിച്ചില്ലെങ്കിൽ നിശബ്ദമായി മരണത്തിലേക്കു നയിക്കും; ഭക്ഷണത്തിൽ ശ്രദ്ധ വേണം; ഉപ്പിലിട്ടതും അച്ചാറും വേണ്ട; രക്തസമ്മർദം ഉള്ളവർ അറിയേണ്ടത്

Spread the love

രോഗലക്ഷണങ്ങളൊന്നും കൂടാതെ തന്നെ വർഷങ്ങളോളം നിലനിൽക്കുന്ന രോഗാവസ്ഥയാണ് ഉയർന്ന രക്തസമ്മർദം. അതുകൊണ്ടു തന്നെ രോഗമുണ്ടെന്നു മനസ്സിലാക്കുവാൻ വളരെ പെട്ടെന്നു കഴിഞ്ഞുവെന്നു വരില്ല. സൂക്ഷിച്ചില്ലെങ്കിൽ നിശബ്ദമായി മരണത്തിലേക്കു നയിക്കുന്ന ഒരു രോഗമാണിത്. തലചുറ്റൽ, തലവേദന, ഉറക്കമില്ലായ്മ, ദുർബലത, ശാരീരികവും മാനസികവുമായ ക്ഷീണം മുതലായ ലക്ഷണങ്ങളും ചിലരിൽ ക്രമേണ കണ്ടു വരുന്നു. ബിപി നിയന്ത്രിക്കാൻ ആദ്യം വേണ്ടത് അമിതമായ വണ്ണം ഉണ്ടെങ്കിൽ കുറയ്ക്കുകയാണ്.

ഭക്ഷണത്തിൽ വേണം ശ്രദ്ധ

അമിതവണ്ണം കുറയ്ക്കാനായി പ്രധാന ആഹാര സമയങ്ങൾക്കിടയ്ക്കുള്ള ലഘുഭക്ഷണം ഒഴിവാക്കുക. പഞ്ചസാര ചേർക്കാത്ത ധാന്യങ്ങൾ കഴിക്കുക. ഉണങ്ങിയവയെക്കാൾ വേവിച്ച ഭക്ഷണം ഉപയോഗിക്കുക. ജലത്തിന്റേയും നാരിന്റേയും അളവ് കൂടുതലുള്ള ഭക്ഷണപദാർഥങ്ങൾ ഉപയോഗിക്കുക. പയറുവർഗങ്ങൾ, കാരറ്റ്, ബീൻസ് മുതലായവ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സസ്യഭുക്കുകളിൽ രക്താതിമർദം ഉള്ളവർ കുറവാണെന്നു പരീക്ഷണങ്ങൾ തെളിയിക്കുന്നു. അതുകൊണ്ടു തന്നെ ബിപി കുറയ്ക്കുവാൻ ആഹാരത്തിൽ നിന്നും മാംസ ഭക്ഷണം പ്രത്യേകിച്ചും ബീഫ് കുറയ്ക്കുകയോ കഴിയുമെങ്കിൽ ഉപേക്ഷിക്കുകയോ ആണ് വേണ്ടത്. സസ്യഭുക്ക് ആയിട്ടുള്ള ഒരാളിന് രക്താതിസമ്മർദവും ഹൃദയവുമായി ബന്ധപ്പെട്ട മറ്റ് അസുഖങ്ങളും തരണം ചെയ്യുവാൻ കഴിയും. ഇറച്ചി കഴിക്കണമെന്നു നിർബന്ധമുള്ളവർ അതോടൊപ്പം സാലഡ് രൂപത്തിൽ ധാരാളം പച്ചക്കറികളും കഴിക്കാൻ ശ്രദ്ധിക്കണം.

വെളുത്തുള്ളി, മുരിങ്ങയില, ചുവന്നുള്ളി, സവാള, കാന്താരിമുളക്, നെല്ലിക്ക, കുമ്പളങ്ങ, ചീനി, അമരയ്ക്ക, കത്തിരിക്ക, ചുണ്ടയ്ക്ക, വഴുതനങ്ങ, വെണ്ടയ്ക്ക, നിത്യവഴുതന എന്നിവ ബിപി നിയന്ത്രണത്തിനു സഹായിക്കുന്നു. പക്ഷേ, നെല്ലിക്ക ഉപ്പിലിട്ടു കഴിക്കരുത്. അസിഡിറ്റി പ്രശ്നമുള്ളവർ കാന്താരി ഉപയോഗിക്കരുത്.

ഇന്തുപ്പ് സാധാരണ ഉപ്പിനെ അപേക്ഷിച്ച് ബിപി രോഗമുള്ളവർക്ക് നല്ലതാണ്. സാധാരണ ഉപ്പ് സോഡിയം ക്ലോറൈഡ് ആണ്. ഇന്തുപ്പിൽ പൊട്ടാസ്യമാണ് ഉള്ളത്. ഇതു ബിപി കുറയ്ക്കും. ഹൃദയത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്തും. എന്നാൽ വൃക്കരോഗം ഉള്ളവരോ വൃക്കരോഗ സാധ്യതയുണ്ടെന്നു കണ്ടവരോ ഇന്തുപ്പ് ഉപയോഗിക്കരുത്.

ഉപ്പിലിട്ടതും അച്ചാറും വേണ്ട

മദ്യം കഴിക്കരുത്. ഇറച്ചി, പാൽ, മുട്ട, വെണ്ണ ഇവ കഴിക്കാതിരിക്കുന്നതിലൂടെ ശരീരത്തില്‍ അടിഞ്ഞുകൂടാനിടയുള്ള അമിത കൊഴുപ്പിനെ അകറ്റുവാൻ കഴിയും. കുക്കിങ് ഓയിൽ, പഞ്ചസാര അടങ്ങിയിട്ടുള്ള സോഫ്റ്റ് ഡ്രിങ്ക്സ്, ഐസ്ക്രീം, ബേക്കറി പലഹാരങ്ങൾ ഇവ ഒഴിവാക്കുക. പാൽക്കട്ടി (ചീസ്)യിലുള്ള ടൈറാമിൻ ബിപി വർധിപ്പിക്കുന്നതായി കാണുന്നു. അതുകൊണ്ട് ഉപയോഗം നിയന്ത്രിക്കുക.
ബിപി കുറയ്ക്കാൻ വേണ്ടി ഉപേക്ഷിക്കേണ്ട ഘടകങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് സോഡിയം. ശരീരത്തിന് അധികമായി സോഡിയം ലഭിക്കുന്നത് ഉപ്പിൽ നിന്നാണ്. ഇലക്കറികൾ ഉൾപ്പെടെയുള്ള ഭക്ഷണത്തിൽ നിന്ന് ആവശ്യമായ സോഡിയം ലഭിക്കുന്നുണ്ട്. അതുകൊണ്ട് ഒരു ദിവസത്തേക്ക് ഏതാണ്ട് ഒരു ടീസ്പൂണിന്റെ എട്ടിൽ ഒന്ന് ഭാഗം ഉപ്പ് മാത്രം മതിയാകും. ശരീരത്തിൽ ആകെ എത്തുന്ന ഉപ്പിന്റെ അളവ് കുറയ്ക്കണമെങ്കിൽ ബേക്കറി സാധനങ്ങളും അച്ചാറും പൂർണമായി ഒഴിവാക്കേണ്ടി വരും.