play-sharp-fill
കോട്ടയം നഗരത്തിൽ തീയറ്ററിൽ ബ്ലാക്കിൽ ടിക്കറ്റ് വിൽപ്പന: തീയറ്ററിനു മുന്നിലെ ചെരുപ്പുകട അനധികൃത ടിക്കറ്റ് വിൽപ്പന കേന്ദ്രം; ഒരാൾ പൊലീസ് പിടിയിൽ

കോട്ടയം നഗരത്തിൽ തീയറ്ററിൽ ബ്ലാക്കിൽ ടിക്കറ്റ് വിൽപ്പന: തീയറ്ററിനു മുന്നിലെ ചെരുപ്പുകട അനധികൃത ടിക്കറ്റ് വിൽപ്പന കേന്ദ്രം; ഒരാൾ പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ

കോട്ടയം: നഗരമധ്യത്തിലെ തീയറ്ററിനു മുന്നിലെ ചെരുപ്പുകട കേന്ദ്രീകരിച്ച് അനധികൃത ടിക്കറ്റ് വിൽപ്പന. റിസർവ് ചെയ്ത ടിക്കറ്റ് തീയറ്ററിൽ നിന്നും വാങ്ങിയ ശേഷം ബ്ലാക്കിൽ ടിക്കറ്റ് വിൽക്കുന്ന സംഘം വ്യാപകമായി പ്രവർത്തിക്കുന്നതായാണ് സൂചന. അഞ്ചാം പാതിര എന്ന ചിത്രത്തിന്റെ ടിക്കറ്റാണ് റിസർവ് ചെയ്ത ശേഷം ബ്ലാക്കിൽ വിൽപ്പന നടത്തുന്നത്. തീയറ്റർ അധികൃതർ പരാതി നൽകിയതിനെ തുടർന്ന് വെസ്റ്റ് പൊലീസ് സംഘം സ്ഥലത്ത് എത്തിയെങ്കിലും ചെരുപ്പുകടയിൽ നിന്നും ഓടിരക്ഷപെട്ടു. ടിക്കറ്റ് വലിച്ചെറിഞ്ഞ് ഓടിയ സംഘത്തിലെ ഒരാളെ പൊലീസ് പിടികൂടി.

കഴിഞ്ഞ ദിവസം റിലീസ് ചെയ്ത അഞ്ചാം പാതിര എന്ന ചിത്രത്തിന് നഗരത്തിലെ തീയറ്ററുകളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. തീയറ്ററിൽ എത്തുന്ന ആളുകളിൽ പലരും ടിക്കറ്റ് ലഭിക്കാതെ തിരികെ പോകാറുണ്ട്. ഇത് മുതലെടുത്താണ് ഓൺലൈൻ വഴി ടിക്കറ്റ് ബുക്ക് ചെയ്ത ശേഷം തട്ടിപ്പ് സംഘം ടിക്കറ്റ് കരിഞ്ചന്തയിൽ വിൽക്കാൻ വഴിയൊരുക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടിക്കറ്റ് വിലയുടെ ഇരട്ടിവരെയാണ് കരിഞ്ചന്തയിൽ വിൽപ്പനയ്ക്കായി സംഘം ഈടാക്കുന്നത്. തീയറ്ററിനുള്ളിൽ കയറി ടിക്കറ്റ് എടുത്ത് സ്ഥിരം കച്ചവടം നടത്തിയിരുന്ന ബ്ലാക്ക് ടിക്കറ്റ് മാഫിയ സംഘത്തെ നിയന്ത്രിക്കുന്നതിനായി ഇത്തരക്കാർക്ക് ടിക്കറ്റ് വിൽക്കുന്നത് തീയറ്റർ അധികൃതർ നിർത്തി വച്ചിരുന്നു. എന്നാൽ, ഇത് മറികടക്കുന്നതിനായി ടിക്കറ്റ് ഓൺലൈനായി വാങ്ങിയ ശേഷം ബ്ലാക്കിൽ വിൽക്കുകയാണ് തട്ടിപ്പ് സംഘം.

തട്ടിപ്പു തടയുന്നതിനായി തീയറ്റർ അധികൃതർ നടത്തുന്ന ഇടപെടലെല്ലാം തകർക്കുന്നതിനായി ബ്ലാക്ക് മാഫിയ സംഘം പുതിയ തന്ത്രങ്ങൾ സ്വീകരിക്കുകയാണ്. ഇത് പ്രതിരോധിക്കുന്നതിനായി തീയറ്റർ അധികൃതർ ശ്രമങ്ങൾ നടത്തുന്നുണ്ട്. എന്നാൽ, ഇതിനെയെല്ലാം ഭീഷണിയിലൂടെ തകർക്കാനുള്ള ശ്രമമാണ് ഇപ്പോൾ ബ്ലാക്ക് മാഫിയ സംഘം നടത്തുന്നത്. ബ്ലാക്ക് മാഫിയ സംഘത്തിൽ നഗരത്തിലെ പോക്കറ്റടിക്കാരും, പിടിച്ചുപറിക്കാരും, ഗുണ്ടകളും അടക്കമുള്ളവർ ഉൾപ്പെട്ടിട്ടുണ്ട്. ഇവരെ നിയന്ത്രിക്കുന്നതിനായി പൊലീസ് ഉദ്യോഗസ്ഥർ അടക്കമുള്ളവർ ഇടപെടണമെന്നാണ് തീയറ്റർ അധികൃതരുടെയും സിനിമാ പ്രേമികളുടെയും ആവശ്യം.

തീയറ്ററിനു മുന്നിൽ നിന്നും പിടികൂടിയ ആളുടെ പക്കൽ നിന്നും ടിക്കറ്റ് കണ്ടെത്താൻ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ ഇയാളെ വിശദമായി ചോദ്യം ചെയ്ത ശേഷം താക്കീത് ചെയ്ത് പൊലീസ് വിട്ടയച്ചേയ്ക്കും.