play-sharp-fill
അയ്യപ്പ കർമ്മ സമിതിയുടെ നോട്ടീസുമായി ബൂത്ത് ലെവൽ ഓഫിസർ വീടുകളിൽ:  വീട്ടിൽ എൻഡിഎയുടെ നോട്ടീസ് നൽകുന്ന ബി.എൽ.ഒയുടെ വീഡിയോ വൈറലായി; പരാതിയുമായി ഇടതുപക്ഷം രംഗത്ത്

അയ്യപ്പ കർമ്മ സമിതിയുടെ നോട്ടീസുമായി ബൂത്ത് ലെവൽ ഓഫിസർ വീടുകളിൽ: വീട്ടിൽ എൻഡിഎയുടെ നോട്ടീസ് നൽകുന്ന ബി.എൽ.ഒയുടെ വീഡിയോ വൈറലായി; പരാതിയുമായി ഇടതുപക്ഷം രംഗത്ത്

സ്വന്തം ലേഖകൻ
കോട്ടയം: വോട്ടെടുപ്പിന്റെ നിശബ്ദ പ്രചാരണം നടക്കുന്ന ദിവസം തന്നെ സ്‌ളിപ്പിനൊപ്പം അയ്യപ്പ കർമ്മ സമിതിയുടെ നോട്ടീസ് വിതരണം ചെയ്ത് ബൂത്ത് ലെവൽ ഓഫിസർക്കെതിരെ പരാതിയുമായി സിപിഎമ്മും ഇടതു മുന്നണിയും. ബിജെപി പ്രവർത്തകർക്കൊപ്പം വീടുകയറി തിരഞ്ഞെടുപ്പ് കമ്മിഷൻ നൽകിയ സ്‌ളിപ്പുകളും, ഇതിനിടയിൽ തിരുകിയ അയ്യപ്പ കർമ്മ സമിതിയുടെ നോട്ടീസും വിതരണം ചെയ്ത ബൂത്ത് ലെവൽ ഓഫിസറായ വനിതയ്‌ക്കെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്.
ഇവർ ബിജെപി പ്രവർത്തകർക്കൊപ്പം നടക്കുന്നതും, സ്‌ളിപ്പും നോ്ട്ടീസും വിതരണം ചെയ്യുന്നതിന്റെയും വീഡിയോ സഹിതം സിപിഎം തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയിട്ടുണ്ട്.
നിശബ്ദ പ്രചാരണം നടന്ന തിങ്കളാഴ്ച പാമ്പാടി വെള്ളൂരിലെ 89 -ാം നമ്പർ ബൂത്തിലായിരുന്നു സംഭവം. ബൂത്ത് പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബിജെപി പഞ്ചായത്ത് കമ്മിറ്റിയുടെ ഭാരവാഹികളായ വനിതകളും, പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിച്ച യുവതിയുമാണ് സ്‌ളിപ്പ് വിതരണം ചെയ്യുന്നതെന്ന് പരാതി ഉയർന്നിരുന്നു. ഇതേ തുടർന്ന് സിപിഎം പ്രവർത്തകർ ബൂത്ത് ലെവൽ ഓഫിസറെ ബന്ധപ്പെട്ടെങ്കിലും കൃത്യമായ മറുപടി ലഭച്ചിരുന്നില്ല. ഇതേ തുടർന്നാണ് ഇന്നലെ ഇവർ എത്തിയ വീടുകളിലുണ്ടായിരുന്ന സിപിഎം പ്രവർത്തകർ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയത്.
ശബരിമല കർമ്മ സമിതിയുടെ നോട്ടീസും, സ്ലിപ്പും ഒന്നിച്ചാണ് ഇവർ വീടുകളിൽ വിതരണം ചെയ്തിരുന്നത്. പാമ്പാടി വെള്ളൂർ പരിയാറ്റുകുന്ന് ഇ.എം.എസ് നഗറിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്നത്. ഈ ദൃശ്യങ്ങൾ ശേഖരിച്ച സിപിഎം ലോക്കൽ സെക്രട്ടറി റെജി തിരഞ്ഞെടുപ്പു കമ്മിഷന് ദൃശ്യങ്ങൾ സഹിതം പരാതി നൽകിയിട്ടുണ്ട്.
വീഡിയോ ഇവിടെ കാണാം