play-sharp-fill
നാഗമ്പടം മേൽപ്പാലം തകർക്കാനുള്ള ശ്രമം രണ്ടു തവണ പരാജയപ്പെട്ടു: പാലം പൊളിക്കാനുള്ള ശ്രമം ഉപേക്ഷിച്ചു; ട്രെയിൻ ഗതാഗതം പുനസ്ഥാപിക്കാൻ നടപടി തുടങ്ങി: പാലത്തിന്റെ ബലക്ഷയത്തിൽ കടുത്ത ആശങ്ക

നാഗമ്പടം മേൽപ്പാലം തകർക്കാനുള്ള ശ്രമം രണ്ടു തവണ പരാജയപ്പെട്ടു: പാലം പൊളിക്കാനുള്ള ശ്രമം ഉപേക്ഷിച്ചു; ട്രെയിൻ ഗതാഗതം പുനസ്ഥാപിക്കാൻ നടപടി തുടങ്ങി: പാലത്തിന്റെ ബലക്ഷയത്തിൽ കടുത്ത ആശങ്ക

സ്വന്തം ലേഖകൻ
കോട്ടയം: രണ്ടു തവണ ബോംബ് സ്‌ഫോടനം നടത്തിയിട്ടും നാഗമ്പടം റെയിൽവേ മേൽപ്പാലം വീണില്ല. രണ്ടു തവണയും പാലം തകരാതെ നിന്നതോടെ പാലം പൊളിക്കാനുള്ള ശ്രമം പൂർണമായും ഉപേക്ഷിച്ചു. ഇനി മറ്റൊരു ദിവസം പാലം പൊളിക്കാനുള്ള ശ്രമം തുടരാനാണ് തീരുമാനം.
ശനിയാഴ്ച രാവിലെ ഒൻപതര മുതൽ നിരോധിച്ചിരുന്ന ട്രെയിൻ ഗതാഗതം പുനരാരംഭിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചു. എന്നാൽ രണ്ടു തവണ സ്‌ഫോടനം ഉണ്ടായതിനാൽ പാലത്തിന് ബലക്ഷയം സംഭവിച്ചിട്ടുണ്ടോ എന്ന് ആശങ്കയുണ്ട്. ഈ പാലത്തിന് അടിയിലൂടെ ട്രെയിൻ കടത്തി വിടുന്നത് അപകട സാധ്യത വർധിപ്പിക്കുമെന്ന് ആശങ്കയുണ്ട്.

ശനിയാഴ്ച രാവിലെ ഒൻപത് മണിയോടെയാണ് ട്രെയിൻ ഗതാഗതം നിരോധിച്ച് , റോഡ് ഗതാഗതം നിയന്ത്രിച്ച് പാലം പൊളിക്കുന്ന ജോലികൾ ആരംഭിച്ചത്. രാവിലെ 11 ന് നടന്ന ആദ്യ സ്‌ഫോടനവും , വൈകിട്ട് 5.10 ന് നടന്ന രണ്ടാം സ്‌ഫോടനവും പരാജയപ്പെട്ടിരുന്നു. ആദ്യ സ്‌ഫോടനം പാലത്തിന്റെ കിഴക്ക് വശത്ത് ഉണ്ടായപ്പോൾ രണ്ടാം സ്‌ഫോടനം പടിഞ്ഞാറ് വശത്താണ് ഉണ്ടായത്.
രണ്ട് തവണയും വൻ ശബ്ദത്തോടെ സ്‌ഫോടനം ഉണ്ടായെങ്കിലും പുക മാത്രമാണ് ഉയർന്നത്. രണ്ടു തവണയും കാഴ്ചക്കാർ കൂക്കുവിളികളോടെയാണ് ഈ പരീക്ഷണത്തെ സ്വീകരിച്ചതും.
എന്നാൽ സ്‌ഫോടന പരീക്ഷണം പരാജയപ്പെട്ടതോടെ പാലം തകർക്കാനുള്ള ശ്രമം പൂർണമായും ഉപേക്ഷിച്ചു. ഇനി എന്ത് ചെയ്യണമെന്ന് ആലോചിക്കാൻ റെയിൽവേയും പാലം പൊളിക്കാൻ കരാറുകാരും യോഗം ചേർന്നു.
തുടർന്നാണ് പാലം പൊളിക്കുന്നത് നീട്ടി വയ്ക്കാൻ തീരുമാനിച്ചത്. ശനിയാഴ്ച വൈകിട്ട് ആറരവരെയാണ് ട്രെയിൻ ഗതാഗതത്തിൽ റെയിൽവേ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. എന്നാൽ, പാലം പൊളിക്കാനുള്ള ശ്രമം തുടർച്ചയായി പരാജയപ്പെടുകയും, സമയം നീണ്ടു പോകുകയും ചെയ്തതോടെ റെയിൽവേ അധികൃതർ ഇടപെടുകയായിരുന്നു. ഇനിയും സമയം നീട്ടി നൽകി നിയന്ത്രണം തുടർന്നാൽ ട്രെയിൻ ഗതാഗതം താറുമാറാകുമെന്ന് റെയിൽവേ നിലപാട് എടുത്തു. തുടർന്നാണ് ട്രെയിൻ ഗതാഗതം പുനസ്ഥാപിക്കാൻ അധികൃതർ തീരുമാനിച്ചത്. പാലം പൊളിക്കുന്നതിനു മുന്നോടിയായി റെയിൽവേയുടെ വൈദ്യുതി ലൈനുകൾ അഴിച്ചു മാറ്റിയിരുന്നു. ആറു മണിയോടെ ഇത് പുനസ്ഥാപിച്ചു. ഇതുകൂടാതെ റെയിൽവേ ട്രാക്കിൽ തടിയും, സിമന്റ് ചാക്കുകളും നിറച്ച് സുരക്ഷിതമാക്കിയിരുന്നു. ഇതും നീക്കിയ ശേഷമാണ് ട്രെയിൻ ഗതാഗതം പുനസ്ഥാപിച്ചത്. ഇതുവരെയും ട്രെയിനുകൾ കടത്തി വിട്ടിട്ടില്ല.
എന്നാൽ, രണ്ട് സ്‌ഫോടനത്തിലൂടെ ബലക്ഷയം സംഭവിച്ച പാലത്തിന്റെ അടിയിലൂടെ ട്രെയിനുകൾ കടത്തി വിടുന്നത് കൂടുതൽ അപകടത്തിന് ഇടയാക്കുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. പാലത്തിന് അടിയിലൂടെ ട്രെയിൻ കടന്നു പോകുമ്പോൾ ഉണ്ടാകുന്ന കുലുക്കം മൂലം പാലം അപകടത്തിലാകുമെന്ന ആശങ്കയാണ് ഉയരുന്നത്. എന്നാൽ, ഇതു സംബന്ധിച്ചു കൃത്യമായ വിശദീകരണം നൽകാൻ റെയിൽവേ അധികൃതരും തയ്യാറായിട്ടില്ല. കൃത്യമായ പരീക്ഷണങ്ങൾ നടത്താതെ ട്രെയിൻ കടത്തിവിടുന്നതാണ് ഇപ്പോൾ ആശങ്കയ്ക്ക് ഇടയാക്കിയിരിക്കുന്നത്.