
സ്വന്തം ലേഖകൻ
തൃക്കൊടിത്താനം : തൃക്കൊടിത്താനം കോട്ടമുറിയിൽ അനധികൃത മദ്യകച്ചവടം നടത്തിവന്ന ബ്ലേഡ് പലിശക്കാരൻ പോലിസ് പിടിയിലായി. കോട്ടമുറി മണി മുറിയിൽ വീട്ടിൽ അപ്പച്ചൻ എന്ന് വിളിക്കുന്ന എം.ജെ ഫ്രാൻസിസിനെ (60)യാണ് ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡും തൃക്കൊടിത്താനം പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തത്.
ഇയാൾ വീട്ടിൽ അനധികൃത മദ്യകച്ചവടം നടത്തുന്നതായും ബ്ലേഡ് പലിശ ഇടപാട് നടത്തുന്നതായും ജില്ലാ പൊലീസ് മേധാവി ഡി. ശില്പക്ക് രഹസ്യവിവരം ലഭിച്ചിരുന്നു.ഇതേ തുടർന്ന് ഇയാളെ കുറിച്ച് അന്വേഷിക്കുവാൻ ജില്ലാ നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി ബി. അനിൽ കുമാറിനെ ചുമതലപ്പെടുത്തുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങൾ ഇയാളെ രഹസ്യമായി നിരീക്ഷിച്ചുവരികയായിരുന്നു.തുടർന്ന് ഇയാളുടെ വീട്ടിൽ സന്ധ്യാ സമയങ്ങളിൽ നിരവധി ആളുകൾ വന്നു മദ്യപിച്ച് പോകുന്നതായും സ്വന്തമല്ലാത്ത നിരവധി വാഹനങ്ങൾ വീട്ട് മുറ്റത്ത് പാർക്ക് ചെയ്യുന്നതായും കണ്ടെത്തി.
തുടർന്നുള്ള അന്വേഷണത്തിൽ ഇയാൾ അമിത പലിശക്ക് പണം കൊടുക്കുന്നതായും പലിശ തരാത്തവരുടെ വാഹനങ്ങൾ പിടിച്ചെടുത്ത് വിട്ട് മുറ്റത്ത് സൂക്ഷിക്കുന്നതായും കണ്ടെത്തിയതിനെ തുടർന്ന് വൈകിട്ട് പോലീസ് മിന്നൽ പരിശോധന നടത്തുകയായിരുന്നു വാഹനങ്ങൾ, അവയുടെ ആർ സി ബുക്കുകൾ, പ്രോമിസറിനോട്ടുകൾ തീറാധാരങ്ങൾ, ബ്ലാങ്ക് ചെക്കുകൾ, ആധാർ കാർഡുകൾ തുടങ്ങി നൂറ് കണക്കിന് രേഖകളാണ് പൊലീസ് കണ്ടെത്തിയത് ഇത്തരം പണമിടപാട് നടത്തുന്നതിന് ഇയാൾക്ക് യാതൊരു ലൈസൻസുമില്ലായിരുന്നു.
ഇതു കൂടാതെ വിൽക്കുന്നതിനായി സൂക്ഷിച്ച രണ്ടര ലിറ്റർ വിദേശമദ്യവും കണ്ടെത്തി.സന്ധ്യാനേരങ്ങളിൽ നിരവധി ആളുകളാണ് മദ്യപിക്കുന്നതിനായി ഇവിടെ എത്തിയിരുന്നത് പാവപ്പെട്ട ആളുകളുടെ ആധാർ കാർഡു പോലും ഇയാൾ ഈടായി വാങ്ങി വച്ചിരുന്നു. ഏക്കർ കണക്കിന് റബ്ബർ തോട്ടമുള്ള അപ്പച്ചൻ പതിനഞ്ചോളം കുടുംബങ്ങൾക്ക് വീട് വാടകക്കും നൽകിയിട്ടുണ്ട്.
ഈ വരുമാനവും ബ്ലേഡ് പലിശയും കൂടാതെയാണ് മദ്യ കച്ചവടവും നടത്തിയിരുന്നത് .വലിയ തുക പലിശക്ക് നൽകിയിരുന്നവരുടെ പക്കൽ നിന്നും സ്ഥലവും സ്ഥാപനങ്ങളും തീറാധാരമായി എഴുതി വാങ്ങിയിരുന്നു. ലൈസൻസില്ലാതെ പലിശയിടപാട് നടത്തിയതിന് കേരള മണി ലെൻ ഡേഴ്സ് ആക്ട് പ്രകാരവും അനധികൃത മദ്യകച്ചവടം നടത്തിയതിന് അബ്കാരി ആക്ട് പ്രകാരവും കേസ് എടുത്തു കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻ്റ് ചെയ്തു.
നാർകോട്ടിക് സെൽ ഡിവൈ.എസ്.പി ബി.അനിൽകുമാർ ചങ്ങനാശ്ശേരി ഡിവൈ.എസ്.പി വി.ജെ ജോഫി, എന്നിവരുടെ നിർദ്ദേശപ്രകാരം തൃക്കൊടിത്താനം എസ്.എച്ച്.ഒ ഇ.അജീബ്, എസ്.ഐ മാരായ എൽ.എസ് തങ്കച്ചൻ, അനിൽ, എ.എസ്.ഐ കെ.കെ.അജിത്, സി പി.ഒ അജിത്, ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളായ പ്രതീഷ് രാജ്, അജയകുമാർ കെ.ആർ, അരുൺ എസ്, ഷിബു പി.എം. എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്