വീട്ടിൽ നിന്നും പിടിച്ചെടുത്തത് ലക്ഷങ്ങളുടെ ചെക്കും മുദ്രപത്രങ്ങളും ; ലൈസൻസില്ലാതെ അനധികൃതമായി ബ്ലേഡ് ഇടപാട്: വയോധികയ്‌ക്കെതിരെ കേസെടുത്ത് വാകത്താനം പൊലീസ്

വീട്ടിൽ നിന്നും പിടിച്ചെടുത്തത് ലക്ഷങ്ങളുടെ ചെക്കും മുദ്രപത്രങ്ങളും ; ലൈസൻസില്ലാതെ അനധികൃതമായി ബ്ലേഡ് ഇടപാട്: വയോധികയ്‌ക്കെതിരെ കേസെടുത്ത് വാകത്താനം പൊലീസ്

സ്വന്തം ലേഖകൻ

കോട്ടയം: വീട്ടിൽ ചെക്കുകളും രേഖകളും വാങ്ങി സൂക്ഷിച്ച ശേഷം പണം പലിശയ്ക്കു നൽകുകയും, ആളുകളെ ഭീഷണിപ്പെടുത്തുകയും ചെയ്ത വീട്ടമ്മ ഒടുവിൽ കുടുങ്ങി. ഇവരുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ലക്ഷങ്ങളുടെ ഇടപാടുകളുടെ രേഖകൾ പൊലീസ് പിടിച്ചെടുത്തു. തുടർന്ന് ഇടപാടുകാരിയായ വീട്ടമ്മയ്‌ക്കെതിരെ പൊലീസ് കേസെടുത്തു.

തോട്ടയ്ക്കാട് വട്ടോലി കരിമ്പിൻ കടുപ്പിൽ എൽസമ്മ ചാക്കോയുടെ(60) വീട്ടിലാണ് വാകത്താനം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ കെ.പി ടോംസണിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പരിശോധന നടത്തിയത്. ഇവരുടെ വീട്ടിൽ നിന്നും രേഖകൾ പിടിച്ചെടുത്തതോടെ, ഇവർക്കെതിരെ പൊലീസ് കേസും രജിസ്റ്റർ ചെയ്തു. ലക്ഷങ്ങളുടെ ഇടപാടു നടന്നതായി തെളിയിക്കുന്ന ചെക്കുകളും, രേഖകളും മുദ്രപത്രങ്ങളും ഇവരുടെ വീട്ടിൽ നിന്നും പൊലീസ് സംഘം പിടിച്ചെടുത്തിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എൽസമ്മ വീട് കേന്ദ്രീകരിച്ച് ലൈസൻസില്ലാതെ ലക്ഷങ്ങളുടെ പണമിടപാട് നടത്തുന്ന പൊലീസ് സംഘത്തിനു രഹസ്യ വിവരം ലഭിച്ചിരുന്നു. ചെക്കും മുദ്രപത്രങ്ങളും വാങ്ങി വച്ച ശേഷമാണ് ഇവർ ഇടപാടുകൾ നടത്തിയിരുന്നത്. ഈ ഇടപാടുകളെല്ലാം പൊലീസിന്റെയും രഹസ്യാന്വേഷണ വിഭാഗത്തിന്റെയും നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞ ദിവസം ഇവർക്കെതിരായി ജില്ലാ പൊലീസ് മേധാവി പി.എസ് സാബുവിന് പരാതി ലഭിച്ചതോടെയാണ് ഇവരുടെ ഇടപാടുകൾ സംബന്ധിച്ചുള്ള കൂടുതൽ തെളിവുകൾ പൊലീസ് സംഘത്തിന് ലഭിച്ചത്.

തുടർന്ന്,  വാകത്താനം പൊലീസ് ഇവരുടെ വീട് പരിശോധിക്കാൻ തീരുമാനിക്കുകയായിരുന്നു. ചങ്ങനാശേരി ഡിവൈഎസ്പി എസ്.സുരേഷ്‌കുമാറിന്റെ നിർദേശാനുസരണം, വാകത്താനം പൊലീസ് സംഘം ഇവരുടെ വീട് പരിശോധിക്കുന്നതിനുള്ള ഉത്തരവ് ചങ്ങനാശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ നിന്നും വാങ്ങി. തുടർന്ന് എസ്.ഐ ചന്ദ്രബാബു, ഗ്രേഡ് എസ്.ഐ മാത്യു പി.പി എ.എസ്.ഐ ജോസഫ്, വനിതാ സീനിയർ സിവിൽ പൊലീസ് ഓഫിസർ ശ്രീവിദ്യ, സിവിൽ പൊലീസ് ഓഫിസർ സന്ദീപ് എന്നിവരുടെ നേതൃത്വത്തിൽ ഇവരുടെ വീട് പരിശോധിക്കുകയായിരുന്നു.

വ്യാഴാഴ്ച വൈകിട്ട് അഞ്ചരയോടെ ആരംഭിച്ച പരിശോധന ഏഴരയോടെയാണ് പൂർത്തിയായത്. ഇതിനിടെയാണ് വീട്ടിൽ നിന്നും രേഖകളും മുദ്രപത്രങ്ങളും ചെക്കുകളും അടക്കമുള്ളവ പിടിച്ചെടുത്തത്. ഇവരുടെ വീട് പരിശോധിച്ച് പിടിച്ചെടുത്ത രേഖകൾ തിട്ടപ്പെടുത്തിയ ശേഷം ഇവരുടെ അറസ്റ്റ് അടക്കമുള്ള നടപടികളിലേയ്ക്കു പൊലീസ് കടക്കും.