
ബ്ലേഡ് മാഫിയ തലവന്‍ മാലം സുരേഷിന്റെ വീട് പൊളിച്ചു കളയേണ്ടി വരുമോ..! മാലം സുരേഷിന്റെ മണര്‍കാട് മാലത്തെ വീട്ടില്‍ റവന്യു വിഭാഗത്തിന്റെ മിന്നല്‍ പരിശോധന; അന്വേഷണം നടത്തുന്നത് ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന്
തേര്‍ഡ് ഐ ബ്യൂറോ
കോട്ടയം: ബ്ലേഡ് മാഫിയ തലവന്‍ മണര്‍കാട് സ്വദേശിയായ മാലം സുരേഷിന്റെ വീട്ടില്‍ റവന്യു വിഭാഗത്തിന്റെ മിന്നല്‍ പരിശോധന. വീട് അനധികൃതമായി പാടം നികത്തിയാണ് നിർമിച്ചത് എന്നു കണ്ടെത്തിയാല്‍ വീടിന്റെ അനധികൃതമായി നിര്‍മ്മിച്ച ഭാഗം പൊളിച്ചു കളയേണ്ടതായും വരും. ശനിയാഴ്ച രാവിലെയാണ് മണര്‍കാട് മാലത്തെ കെ.വി സുരേഷിന്റെ വാവത്തില്‍ വീട്ടില്‍ റവന്യു വിഭാഗം പരിശോധന നടത്തിയത്.
നേരത്തെ സുരേഷിന്റെ മണര്‍കാട് മാലത്തെ വീട് പാടം നികത്തിയാണ് നിര്‍മ്മിച്ചതെന്നു പരാതി ഉയര്‍ന്നിരുന്നു. ഇതിനെതിരെ ഹൈക്കോടതിയില്‍ കേസും നിലവിലുണ്ട്. ഈ കേസിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ റവന്യു വിഭാഗം മാലത്തെ സുരേഷിന്റെ വീട്ടില്‍ പരിശോധനയ്ക്കായി എത്തിയിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം സബ് കളക്ടറുടെ നേതൃത്വത്തിലാണ് റവന്യു വിഭാഗം എത്തിയത്. ഇത് കൂടാതെ ലീഗല്‍ സര്‍വീസ് അതോറിറ്റിയും ഈ സംഘത്തിനൊപ്പമുണ്ട്. ഹൈക്കോടതി നിര്‍ദേശാനുസരണമാണ് സംഘം വീട്ടില്‍ എത്തി പരിശോധന നടത്തുന്നത്.
മാലത്ത് നിർമ്മിച്ച വീടിൻ്റെ പകുതിയിലേറെ ഭാഗവും പാടം നികത്തിയാണ് നിര്‍മ്മിച്ചതെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഈ സ്ഥലത്ത് കയ്യേറ്റം ഉണ്ടെന്നു റവന്യു വിഭാഗത്തിന്റെ പരിശോധനയില്‍ കണ്ടെത്തിയാല്‍ സ്വാഭാവികമായി അനധികൃതമായി നിര്‍മ്മിച്ച ഭാഗം പൊളിച്ചു കളയേണ്ടി വരും.
കോടികള്‍ മുടക്കിയാണ് ഈ വീട് നിര്‍മ്മിച്ചത്. മണര്‍കാട് ക്രൗണ്‍ ക്ലബില്‍ ലക്ഷങ്ങള്‍ മുടക്കി നടന്ന ചീട്ടുകളിയില്‍ മാലം സുരേഷിന്റെ പങ്ക് വ്യക്തമായിരുന്നു. തേർഡ് ഐ ന്യൂസ് വാർത്തയെ തുടർന്നാണ് സുരേഷ് സെക്രട്ടറിയായുള്ള മണർകാട്ടെ ക്രൗൺ ക്ലബിൽ മാസങ്ങൾ മുൻപ് റെയ്ഡ് നടന്നത്. സുരേഷിനെ ഈ കേസില്‍ കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി ചോദ്യം ചെയ്യുകയും, കേസില്‍ പ്രതി ചേര്‍ക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ മാലം സുരേഷിന്റെ വീട്ടില്‍ റവന്യു വകുപ്പ് നടത്തുന്ന പരിശോധന നടത്തുന്നത്.