
ഇരകള്‍ വലയിലായാല്‍ വീഡിയോ കോളില്‍ നോട്ടുകെട്ടുകള്‍ കാട്ടും ; തോട്ടം മേഖലകള്‍ കേന്ദ്രീകരിച്ച് നോട്ട് ഇരട്ടിപ്പ് സംഘം വ്യാപകം ; ഒറിജിനലിനെ വെല്ലുന്ന കള്ളനോട്ടുകൾ ; യഥാര്‍ത്ഥ നോട്ടുകള്‍ നല്കിയാല്‍ നിരോധിച്ച നാലിരട്ടി നോട്ടുകള്‍ നല്കാമെന്ന് തട്ടിപ്പ് സംഘത്തിന്റെ വാഗ്ദാനം ; അത്യാര്‍ത്തി മൂത്ത് കെണിയില്‍ വീണവർ നിരവധി
സ്വന്തം ലേഖകൻ
ഇടുക്കി: അതിര്‍ത്തി മേഖലയില്‍ നോട്ടിരട്ടിപ്പ് സംഘത്തിന്റെ പ്രവര്‍ത്തനം വ്യാപകമാകുന്നു. തമിഴ്നാട് കേന്ദ്രമായുള്ള സംഘമാണ് തോട്ടം മേഖലകള്‍ കേന്ദ്രീകരിച്ച് സജീവമായത്. ഇടനിലക്കാര്‍ മുഖാന്തിരമാണ് ഇവര്‍ ഇരകളെ കണ്ടെത്തുന്നതെന്നാണ് വിവരം. യഥാര്‍ത്ഥ നോട്ടുകള്‍ നല്കിയാല്‍ നിരോധിച്ച രണ്ടായിരത്തിന്റെ നാലിരട്ടി നോട്ടുകള്‍ നല്കാമെന്നാണ് വാഗ്ദാനം. നിരോധിച്ച നോട്ടുകള്‍ ദിവസേന 20000 രൂപ വച്ച് മാറ്റി നല്കാന്‍ റിസര്‍വ് ബാങ്ക് ഉത്തരവ് പുറപ്പെടുവിച്ചതായുള്ള രേഖയുടെ പകര്‍പ്പും കാണിച്ചാണ് തട്ടിപ്പ്.
തമിഴ്നാട്ടില്‍ നിന്നുമെത്തുന്ന സംഘം ആളുകളെ വ്യാജരേഖ കാട്ടി വിശദീകരിക്കും. ഇരകള്‍ വലയിലായി എന്ന് ഉറപ്പാക്കി കഴിഞ്ഞാല്‍ വീഡിയോ കോളിലൂടെ നോട്ടുകെട്ടുകള്‍ കാണിച്ച് കൂടുതല്‍ വിശ്വാസം ആര്‍ജിക്കും. തുടര്‍ന്ന് പണം കൈമാറുന്ന സ്ഥലവും തീയതിയും അറിയിക്കും. അതിര്‍ത്തി വനമേഖലയിലെ വിജനമായ സ്ഥലമായിരിക്കും ഇതിനായി കണ്ടെത്തുക. യഥാര്‍ഥ നോട്ട് കൈപ്പറ്റിയതിന് ശേഷം വ്യാജനോട്ടുകള്‍ നല്കാമെന്നാകും വാഗ്ദാനം. നോട്ടുകള്‍ കൈപ്പറ്റി സംഘാംഗങ്ങളില്‍ ചിലര്‍ സ്ഥലത്ത് നിന്നും കടന്നു കളയും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പണവുമായി പോയവര്‍ സുരക്ഷിത സ്ഥാനത്ത് എത്തുന്നതോടെ ഇടപാടുകാരെ മര്‍ദിച്ച് അവശരാക്കിയ ശേഷം ഫോണും തട്ടിയെടുത്ത് മറ്റുള്ളവരും രക്ഷപ്പെടും. വനമേഖലയിലായതിനാല്‍ ഉറക്കെ നിലവിളിച്ചാലും ഫലമുണ്ടാകാറുമില്ല. അത്യാര്‍ത്തി മൂത്ത് ഇത്തരം സംഘങ്ങളുടെ കെണിയില്‍ വീണ് തട്ടിപ്പിന് ഇരയായവര്‍ നിരവധിയാണ്. ഇതില്‍ മലയാളികളും ഉള്‍പ്പെട്ടിട്ടുള്ളതായും പറയപ്പെടുന്നു. കഴിഞ്ഞ ദിവസം തേനിയില്‍ പൊലീസ് നടത്തിയ പരിശോധയില്‍ 3.40 കോടി രൂപയുടെ കള്ള നോട്ടുകള്‍ പിടിച്ചെടുത്തിരുന്നു.
ഒറിജിനലിനെ വെല്ലുന്ന കള്ളനോട്ടുകളാണ് കമ്ബത്തു നിന്നും ഇടുക്കിയിലെ വിവിധ പ്രദേശങ്ങളില്‍ വ്യാപകമായി എത്തുന്നത്. 50,100, 200,500 രൂപയുടെ കള്ളനോട്ടുകളാണ് വ്യാപകമായി പ്രചരിക്കുന്നത്. തമിഴ്നാട്ടില്‍ നിന്ന് കൊള്ളപ്പലിശക്ക് തുക കടം നല്‍കുന്ന ചിലര്‍ കള്ളനോട്ടുകളും ഇതിനൊപ്പം നല്‍കുന്നതായാണ് സൂചന. തോട്ടം തൊഴിലാളികള്‍, കൂലിവേലക്കാര്‍ എന്നിവരിലേക്കാണ് തമിഴ്നാട്ടില്‍ ബ്ലേഡ് സംഘങ്ങള്‍ പണം ഒഴുക്കുന്നത്. കള്ളനോട്ട് ലഭിക്കുന്ന നാട്ടുകാരില്‍ പലരും ബാങ്കിലോ മറ്റ് ധനകാര്യ സ്ഥാപനങ്ങളിലോ എത്തുമ്ബോള്‍ മാത്രമാണ് കൈവശമുള്ളത് വ്യാജനാണെന്നറിയുന്നത്.
നാണക്കേടും കേസും ഒഴിവാക്കാന്‍ ബാങ്കില്‍ വച്ചു തന്നെ നശിപ്പിച്ചാണ് പലരും മടങ്ങുന്നത്. തേക്കടി, മൂന്നാര്‍ ഉള്‍പ്പെടുന്ന ടൂറിസം മേഖലയില്‍ നോട്ട് വേഗത്തില്‍ പ്രചരിക്കാന്‍ സാധ്യതയേറെ ഉള്ളതിനാല്‍ ടൂറിസം മേഖലകള്‍ മാത്രം കേന്ദ്രീകരിച്ച് കള്ളനോട്ട് ലോബിയിലെ ചിലര്‍ പ്രവര്‍ത്തിക്കുന്നതായാണ് സൂചന. കമ്ബത്ത് നിന്ന് കഞ്ചാവ് ഉള്‍പ്പെടെ ലഹരിമരുന്ന് കടത്തുന്നതിനൊപ്പം വ്യാപകമായി കള്ളനോട്ടും എത്തിക്കുന്നുണ്ടെന്ന് പറയപ്പെടുന്നത്.കള്ളനോട്ട് വ്യാപകമായി പ്രചരിപ്പിക്കുന്ന അന്തര്‍ സംസ്ഥാന ലോബിക്ക് ഹൈറേഞ്ചിലെ മിക്കസ്ഥലത്തും പണം കൈമാറ്റം നടത്താന്‍ ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നതായും വിവരമുണ്ട്.