
അമ്മയുടെ പിതാവിന്റെ പ്രേതബാധ ഒഴിപ്പിക്കാന്‍ ഒരുലക്ഷം കൊടുത്ത് കുടവും തകിടും വാങ്ങി കുഴിച്ചിട്ടു ; ഫലം കാണാഞ്ഞപ്പോൾ പണം തിരികെ വാങ്ങാന്‍ ചെന്നു ; ദമ്പതികളെ മന്ത്രവാദി കുത്തി പരിക്കേല്‍പ്പിച്ചു; കയ്യിലിരുന്ന കാശ് കൊടുത്തപ്പോൾ ബാധ പോയില്ല, പകരം ബോധം പോയി
സ്വന്തം ലേഖകൻ
ഇരവിപുരം: പ്രേതബാധ ഒഴിപ്പിക്കാമെന്ന് പറഞ്ഞ് മന്ത്രവാദത്തിനായി വാങ്ങിയ ഒരുലക്ഷം രൂപ തിരികെ ചോദിച്ചതിന് ദമ്പതികളെയും മാതാവിനെയും കുത്തി പരിക്കേല്‍പ്പിച്ച് മന്ത്രവാദി. താന്നി തെക്ക് ആലുവിള വീട്ടില്‍ ബലഭദ്രനാണ് (63) അക്രമം നടത്തി ഒളിവിൽ പോയ ശേഷം ഇരവിപുരം പോലീസിന്റെ പിടിയിലായത്.
പൊലീസ് പറയുന്നത്. പരിക്കേറ്റ യുവതിയുടെ അമ്മയുടെ പിതാവിന്റെ പ്രേതബാധ ഒഴിപ്പിക്കാനാണ് ആക്രമണത്തിനിരയായവര്‍ ഒരു മാസം മുമ്പ് ബലഭദ്രനെ സമീപിച്ചത്. പൂജാ കർമങ്ങൾക്കായി ഒരു ലക്ഷം രൂപ കൈപ്പറ്റുകയും ചെയ്തു. ബാധ മാറാന്‍ വീട്ടില്‍ കുഴിച്ചിടുന്നതിന് തകിടും കുടവും ഇയാൾ നല്‍കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ ഫലം കാണാതെ വന്നതോടെ പാരിപ്പള്ളി കുളമട സ്വദേശികളായ ദമ്പതികള്‍ പണം തിരികെ ആവശ്യപ്പെട്ടു.
29ന് പണം നല്‍കാമെന്ന് പറഞ്ഞ് ഇവരെ ബലഭദ്രന്‍ വീട്ടിലേക്ക് വിളിച്ചുവരുത്തിയ ശേഷം ആക്രമിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ യുവതിയുടെ മാതാവ് പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.ദമ്പതികള്‍ക്കും പരിക്കേറ്റു.
സംഭവശേഷം ഒളിവില്‍ പോയ പ്രതിയെ പിടികൂടുന്നതിന് കൊല്ലം സിറ്റി പൊലീസ് കമ്മിഷണര്‍ ടി.നാരായണന്റെയും എ.സി.പി വിജയന്റെയും മേല്‍നോട്ടത്തില്‍ സിറ്റി സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം ആരംഭിച്ചു. ഇതിനിടയില്‍ ബലഭദ്രന്‍ വെളിയത്തുള്ള രണ്ടാം ഭാര്യയുടെ വീട്ടിലെത്തിയതായി വിവരം ലഭിച്ചു. പൊലീസ് എത്തിയപ്പോഴേക്കും രക്ഷപ്പെട്ടു.
മാവേലിക്കര കൊല്ലകടവ് ഭാഗത്ത് ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ ഇരവിപുരം എസ്.എച്ച്.ഒ ധര്‍മ്മജിത്ത്, എസ്.ഐമാരായ ദീപു, സൂരജ്, സുതന്‍, സന്തോഷ്, അജിത് കുമാര്‍, എ.എസ്.ഐ ഷിബു പീറ്റര്‍, സി.പി.ഒ വൈശാഖ് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുത്ത ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
മാര്‍ച്ച് 29ന് വൈകിട്ട് ആറരയോടെ താന്നിയിലെ മന്ത്രവാദിയുടെ താമസസ്ഥലത്തായിരുന്നു സംഭവം.