video
play-sharp-fill
ദൈവിക ശക്തിയുണ്ടെന്ന് വിശ്വസിപ്പിച്ച്  പൂജ, അയൽവാസി വീട്ടമ്മയിൽ നിന്നും തട്ടിയത് ലക്ഷക്കണക്കിന് രൂപയും സ്വർണവും

ദൈവിക ശക്തിയുണ്ടെന്ന് വിശ്വസിപ്പിച്ച് പൂജ, അയൽവാസി വീട്ടമ്മയിൽ നിന്നും തട്ടിയത് ലക്ഷക്കണക്കിന് രൂപയും സ്വർണവും

കൊച്ചി: ദൈവിക ശക്തിയുണ്ടെന്ന് വിശ്വസിപ്പിച്ച് പള്ളുരുത്തി സ്വദേശിയിൽ നിന്ന് അയൽവാസിയായ സ്ത്രീ തട്ടിയത് 2.35 ലക്ഷം രൂപയും അഞ്ചേമുക്കാൽ പവൻ സ്വർണാഭരണവും. കൊച്ചി സിറ്റി പൊലീസിന് മുന്നിലെത്തിയ പരാതിയിൽ വഞ്ചനാക്കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം തുടങ്ങി.

2020 ജനുവരിമുതൽ അടുത്തനാൾവരെ തട്ടിപ്പിന് ഇരയാക്കിയെന്നും പണവും ആഭരണവും തിരികെ ചോദിച്ചിട്ട് നൽകിയില്ലെന്നുമാണ് വീട്ടമ്മയുടെ പരാതി. അയൽവാസിയായ 45കാരിയെ ചോദ്യംചെയ്തെങ്കിലും പണവും ആഭരണവും വാങ്ങിയിട്ടില്ലെന്നാണ് ഇവരുടെ മൊഴി.

പരാതിക്കാരിയും അയൽവാസിയും ഒരേ കുടുംബശ്രീയിലെ അംഗങ്ങളാണ്. രണ്ടുവർഷംമുമ്പ് കുടുംബശ്രീ യോഗത്തിനുശേഷം വീട്ടിലേക്ക് മടങ്ങവെ പരാതിക്കാരിയോട് ഇവർ ഭർത്താവ് ഉടനെ മരിക്കുമെന്നും ദൈവികസിദ്ധിയുള്ള താൻ പൂജചെയ്ത് ദോഷംതീർക്കാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചു. സാമ്പത്തിക പ്രതിസന്ധികളും മാറുമെന്നും മകളുടെ ജീവിതത്തിൽ ഉയർച്ചയുണ്ടാകുമെന്നും വിശ്വസിപ്പിച്ചു.അകന്നു കഴിയുകയാണെങ്കിലും ഭർത്താവ് മരിക്കുമെന്ന് കേട്ടതിന്റെ ഞെട്ടലിൽ പരാതിക്കാരി പൂജയ്ക്ക് സമ്മതിച്ചു. പൂജ നടത്തുന്നതിനും മറ്റുമായി പലതവണയായി പണവും ആഭരണവും നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അകന്നു കഴിഞ്ഞിരുന്നതിനാൽ ഭർത്താവ് ഇതൊന്നും അറിഞ്ഞിരുന്നില്ല.ക്രൈസ്തവ വിശ്വാസിയായ പരാതിക്കാരി ഭാർത്താവിന്റെയും മകളുടെയുമുൾപ്പെടെ ആഭരണങ്ങളാണ് പൂജയ്ക്കായി നൽകിയത്. പൂജയ്ക്കുള്ള പണത്തിനായി ലോണുമെടുത്തു. പൂജകൾ നടത്തുന്നുണ്ടെന്ന് പറയുന്നതല്ലാതെ പരാതിക്കാരി ഇതൊന്നും കണ്ടിട്ടില്ല. ഒരുവട്ടം ഇവർ പൂജയിൽ പങ്കെടുത്തതായി പൊലീസ് സംശയിക്കുന്നു. ഭർത്താവുമായുള്ള പ്രശ്നങ്ങൾ തീരാതെ വരികയും സാമ്പത്തിക ബുദ്ധിമുട്ട് ഏറെയതോടെ ആഭരണവും പണവും തിരിച്ച് ആവശ്യപ്പെട്ടപ്പോൾ അയൽവാസി കൈയൊഴിയുകയായിരുന്നു.

അയൽവാസിയെ വിശദമായി ചോദ്യംചെയ്യേണ്ടതുണ്ടെന്ന് പൊലീസ് പറയുന്നു. മറ്റുപലരെയും സമാനമായി ഇവർ തട്ടിപ്പിന് ഇരയാക്കിയിട്ടുണ്ടോ, കൈമാറിയെന്ന് പരാതിക്കാരി പറയുന്ന സ്വർണം എന്ത് ചെയ്തു തുടങ്ങിയ കാര്യങ്ങളും അന്വേഷിക്കും. പണവും സ്വർണാഭരണവും കൈമാറിയതിന് തെളിവുകളൊന്നുമില്ലാത്തത് അന്വേഷണത്തെ ബാധിക്കുമെന്ന ആശങ്കയുമുണ്ട്.